മാനസികാരോഗ്യം ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?
Mail This Article
ലോകത്ത് എട്ടിൽ ഒരാൾ വീതം മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൗമാരക്കാരിലും യുവാക്കളിലും മാനസികാരോഗ്യ പ്രശ്നങ്ങൾ അധികമാണ്. മനസ്സും ശരീരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ മാനസികാരോഗ്യം ശരീരത്തിന്റെ ആരോഗ്യത്തെയും ബാധിക്കും. ആരോഗ്യമുള്ള മനസ്സ് ഉണ്ടെങ്കിലേ ആരോഗ്യമുള്ള ശരീരവും ഉണ്ടാകൂ. ശരീരത്തിന് സുഖമില്ലാത്ത ഒരാൾക്ക് മനസ്സിനും വിഷമം ഉണ്ടാകാം. അതുപോലെ തിരിച്ചും. ഉദാഹരണമായി, ഉത്കണ്ഠ ഉള്ള ഒരാൾക്ക് കൈകൾ വിയര്‍ക്കുക, വായിൽ ഉമിനീര് വറ്റുക, അസ്വസ്ഥത ഇവയുണ്ടാകാം. അതുപോലെ വിഷാദം ഉള്ള ആൾക്ക് ക്ഷീണം, ഉറക്കപ്രശ്നങ്ങൾ, ഭക്ഷണം സമയത്ത് കഴിക്കായ്ക, ഒന്നിനും മൂഡ് ഇല്ലാതിരിക്കുക ഇവയുണ്ടാകാം. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ള ആൾക്ക് ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, ഹൃദ്രോഗം, മറ്റ് രോഗങ്ങള്‍ എന്നിവയുണ്ടാകാം.
ശരീരവും മനസ്സും ആരോഗ്യമുള്ളതാക്കി നിലനിർത്താൻ കൃത്യമായി ദിവസവും ചില കാര്യങ്ങൾ ചെയ്യണം. ദിവസവും വ്യായാമം ചെയ്യണം. നടത്തം, ഓട്ടം, യോഗ, ഫിറ്റ്നെസ് ലഭിക്കുന്ന പ്രവൃത്തികള്‍ അങ്ങനെ ഏതുമാകാം. പതിവായുള്ള ശാരീരിക പ്രവർത്തനം ശരീരത്തെ ഹിറ്റ് ആക്കുന്നതോടൊപ്പം ഓക്സിടോസിൻ ഹോർമോണും പുറന്തള്ളാൻ സഹായിക്കും. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. രണ്ടാമതായി, ശരിയായ ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്. ദിവസവും ഏഴു മുതൽ ഒൻപതു വരെ മണിക്കൂർ ഉറങ്ങുന്നത് സൗഖ്യമേകും. നല്ല ഉറക്കശീലം മാനസികാരോഗ്യവും മെച്ചപ്പെടുത്തും. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ സമീകൃത ഭക്ഷണം ശീലമാക്കുക എന്നതാണ് ശാരീരിക–മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മറ്റൊരു മാർഗം. ഭക്ഷണത്തിൽ ആവശ്യമായ പ്രോട്ടീൻ, അയൺ, മറ്റ് പോഷകങ്ങൾ ഇവ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ശ്രദ്ധിക്കണം. മൈൻഡ്ഫുള്‍ ഈറ്റിങ് അഥവാ ഭക്ഷണം സാവധാനം ആസ്വദിച്ച് കഴിക്കുന്ന ശീലവും മാനസികാരോഗ്യം മെച്ചപ്പെടുത്തും. പോഷകങ്ങൾ ഒന്നും അടങ്ങിയിട്ടില്ലാത്ത ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ശീലം ഒഴിവാക്കുന്നതും ശാരീരിക, മാനസിക ആരോഗ്യത്തിന് പ്രധാനമാണ്.
കുടവയർ കുറയ്ക്കാൻ മൂന്നു വഴികൾ - വിഡിയോ