ഭർത്താവിന്റെ മരണത്തിൽ തളരാതെ ‘ഉമ്മച്ചി’ രോഗികൾക്കായി വീണ്ടും
Mail This Article
കൊച്ചി ∙ കാൻസർ ബാധിതനായി ഭർത്താവ് മരിച്ച് 18–ാം ദിവസം വിജി വെങ്കിടേഷ് (Viji Venkatesh) കേരളത്തിലെത്തിയത് കാൻസർ രോഗികൾക്കായുള്ള ധന സമാഹരണത്തിനാണ്. 36 വർഷമായി കാൻസർ രോഗികൾക്കിടയിൽ പ്രവർത്തിക്കുന്നയാളാണ് വിജി. ഭർത്താവ് കൃഷ്ണസ്വാമി വെങ്കിടേഷിനെ ജീവിതത്തിൽ നിന്നു തട്ടിയെടുത്തതും അതേ കാൻസർ രോഗം. രോഗം സ്ഥിരീകരിച്ച് നാലാഴ്ച പിന്നിട്ടപ്പോൾ അദ്ദേഹം വിജിയെ വിട്ടു പോയി. ‘അതിന്റെ സങ്കടം ഇന്നും തോർന്നിട്ടില്ല, എങ്കിലും എനിക്ക് എന്റെ ജോലി ചെയ്യണം. ഭർത്താവ് ഉണ്ടായിരുന്നെങ്കിലും നീ നിന്റെ ജോലി നോക്കൂ എന്നു തന്നെ പറയുമായിരുന്നു’. വിജി പറഞ്ഞു. കാൻസർ രോഗികൾക്കായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ മാക്സ് ഫൗണ്ടേഷന്റെ സൗത്ത് ഏഷ്യ റീജൻ മേധാവിയാണ് വിജി വെങ്കിടേഷ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ‘പാച്ചുവും അദ്ഭുതവിളക്കും’ എന്ന സിനിമയിലെ ‘ഉമ്മച്ചി’.
‘ചായ് ഫോർ കാൻസർ’ (Chai for Cancer) എന്ന പരിപാടിയുടെ ഭാഗമായി കൊച്ചിയിലെത്തിയതാണ് വിജി. കുടിക്കുന്ന ഓരോ ചായയും കാൻസർ രോഗികൾക്കുള്ള ധനസഹായമായി മാറുന്ന പരിപാടി 10 വർഷം മുൻപ് ആദ്യമായി ആരംഭിച്ചത് വിജിയുടെ മുംബൈ താനെയിലെ വീട്ടിലാണ്. കാൻസർ രോഗികളോട് ഇടപഴകിയുള്ള 36 വർഷത്തെ പ്രവർത്തനം വ്യക്തിപരമായി തന്നെ വളരെ ശക്തയും അനുകമ്പയുള്ളവളുമാക്കി മാറ്റിയെന്നും വിജി പറയുന്നു. ആശുപത്രിയിൽ പോകാൻ പണം ഇല്ലാത്തതു കൊണ്ട് കാൻസർ ചികിത്സ വേണ്ടെന്നു വയ്ക്കുന്ന ആളുകളുണ്ട്. അവർക്കു വേണ്ടിയാണ് ‘ചായ് ഫോർ കാൻസർ’ പരിപാടി. 200 കോടിയിലധികം രൂപ ഇതുവഴി സമാഹരിച്ചെന്നു പറയുമ്പോൾ വിജിയുടെ മുഖത്ത് തെളിയുന്നത് ചാരിതാർഥ്യം മാത്രം.
സിനിമയ്ക്ക് മുൻപും ശേഷവും
49 വർഷമായി മുംബൈയിലാണു താമസം. സിനിമയിൽ അഭിനയിച്ചതിനു ശേഷം കേരളവുമായുള്ള അടുപ്പം കൂടി. സിനിമയോടുള്ള കാഴ്ചപ്പാടും മാറി. നടി നഫീസ അലിയെ പോലെ ഒരാളെ വേണമെന്ന അഖിൽ സത്യന്റെ നിർബന്ധമാണ് എന്നെ ക്യാമറയ്ക്കു മുന്നിലെത്തിച്ചത്. ഞാൻ സിനിമയിൽ അഭിനയിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് 96 വയസ്സുള്ള എന്റെ അമ്മയാണ്. എന്റെ ഭർത്താവ് 7 പ്രാവശ്യം ആ സിനിമ തിയറ്ററിൽ പോയി കണ്ടു. മക്കൾക്കും ചെറുമക്കൾക്കും സന്തോഷം. സിനിമയിൽ ഇനിയും അഭിനയിക്കും. പുതിയ സിനിമയുടെ ചർച്ചകൾ നടക്കുകയാണ്.
പ്രായം ബാധ്യതയല്ല
71 വയസ്സായെങ്കിലും പ്രായം ഒരു ബാധ്യതയായി തോന്നിയിട്ടില്ല. സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരാകണം. ഇഷ്ടമുള്ളത് ചെയ്യാനും ആസ്വദിക്കാനും പ്രായം ഒരു ഘടകമാകരുത്. കുടുംബത്തിന്റെ പിന്തുണ ഇക്കാര്യത്തിൽ പ്രധാനമാണ്. ഹോം മേക്കർ ആയിരിക്കുന്നതും മോശം കാര്യമല്ല. കുടുംബത്തിന്റെ ഉത്തരവാദിത്തം, കുട്ടികളെ നല്ല പൗരൻമാരായി വളർത്തുക ഇതെല്ലാം പ്രാധാന്യമുള്ള ജോലികളാണ്. നമ്മൾ എങ്ങനെ നമ്മളെ അവതരിപ്പിക്കുന്നു എന്നതും പ്രധാനമാണ്. ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് എന്റെ അമ്മയാണ്. ജീവിതം ആസ്വദിക്കാനാണ് അമ്മ പഠിപ്പിച്ചത്.