മുടി കൊഴിച്ചിലും താരനും പ്രശ്നമാകുന്നുവോ?, ആയുർവേദത്തിൽ ചികിൽസ ഇങ്ങനെ
Mail This Article
ചോദ്യം : എനിക്ക് 25 വയസ്സായി തലയോട്ടിയിൽ നിറയെ താരൻ (Dandruff) കാണുന്നു. മുടി ചീകുമ്പോൾ പൊടിപോലൊരു വസ്തു ചീപ്പിൽ കാണാറുണ്ട്. അമിതമായ മുടി കൊഴിച്ചിലുമുണ്ട് (Hair loss). ആന്റിഡാന്‍ഡ്രഫ് ആയിട്ടുള്ള പല മരുന്നുകളും ഉപയോഗിച്ചെങ്കിലും പ്രയോജനം കിട്ടിയില്ല. ഇതിനൊരു ചികിത്സ നിർദേശിക്കാമോ?
ഉത്തരം: സമൃദ്ധവും കറുത്തതുമായ മുടി ശരീരത്തിന് അലങ്കാരം മാത്രമല്ല, ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്. ചർമത്തിന്റെയും മുടിയുടെയും മൃതകണികകൾ തുടർച്ചയായി കൊഴിഞ്ഞുകൊണ്ടിരിക്കും. വെളുത്ത തരികൾ അങ്ങിങ്ങായി കാണാം. ചൊറിച്ചിലും മുടികൊഴിച്ചിലും ഇതിൽ സാധാരണമാണ്. താരന്റെ പ്രധാന കാരണം തലയോട്ടിയിലടിഞ്ഞു കൂടുന്ന മാലിന്യങ്ങളാണ്. നനവ്, എണ്ണ, മാലിന്യം ഇവ തുടർച്ചയായി തലയോട്ടിയിൽ പറ്റിക്കൂടി നിന്നാൽ, താരനുണ്ടാകുവാനുള്ള സാധ്യതയേറെയാണ്.
തലയിൽ എണ്ണ തേച്ചാൽ, നിശ്ചിത സമയം കഴിഞ്ഞ് അതു കഴുകിക്കളയണം. അതിനായി, ചെറുപയറിൻ പൊടി, നെല്ലിക്കാത്തോട് ഉണക്കിപ്പൊടിച്ചത്, ചെമ്പരത്തിയിലയുടെ താളി എന്നിവയിലേതെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. ഈ രോഗശമനത്തിനായി ധുർധൂരപത്രാധി വെളിച്ചെണ്ണ, നീലിദളാദികേരം തുടങ്ങിയവ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.
താരനുണ്ടെങ്കിൽ തലയിൽ തേക്കാൻ എള്ളെണ്ണ നല്ലതല്ല. വെളിച്ചണ്ണയാണ് ഹിതം. ഇതോടൊപ്പം ആന്തരിക ശരീരശുദ്ധികൂടി ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യുന്നത് ഈ രോഗത്തിന് ശാശ്വതമായ പരിഹാരം നൽകും. തൊലിപ്പുറമേയുള്ള രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കഷായങ്ങളും ഘൃതങ്ങളും മറ്റും ഈ രോഗചികിത്സയ്ക്കും ഡോക്ടർമാർ ഉപയോഗപ്പെടുത്താറുണ്ട്. ചെമ്പരത്തിയില, കറുക, ഉമ്മം, ചെറുനാരങ്ങ തുടങ്ങിയവ താരനു യോജിച്ച ചില ഔഷധങ്ങളാണ്. രക്തദുഷ്ടിമൂലം ത്വഗ്രോഗങ്ങൾ ഉണ്ടാകുന്നതുപോലെ താരനുമുണ്ടാകാനിടയുണ്ട്. ശരീരത്തിന്റെ സാമാന്യമായ ആരോഗ്യം പരിപാലിക്കുന്നത് മുടിയുടെ സംരക്ഷണത്തിന് ആവശ്യമാണ്.
കിഴി ചികിത്സ എങ്ങനെ? - വിഡിയോ