പാമ്പുകടി: എന്താണ് ആന്റിവെനം? ഗോൾഡൻ അവർ എന്തുകൊണ്ട് നിർണായകം?
Mail This Article
ഇന്ത്യയിലെന്നല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും പരമ്പരാഗത വിഷചികിത്സാരീതികൾ നിലവിലുണ്ട്. അവ വളരെ ഫലപ്രദമാണെന്ന് അതിന്റെ പ്രചാരകരും ആ പ്രസ്താവനയിൽ സത്യമുണ്ടെന്നു ചില അനുഭവസ്ഥരും പ്രഖ്യാപിക്കുന്നു. എന്നാൽ ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ മേൽപറഞ്ഞ വിശ്വാസങ്ങൾക്കു ശാസ്ത്രീയാടിസ്ഥാനമില്ല എന്നു പറയേണ്ടിയിരിക്കുന്നു. ഈ കഥകൾ ആളുകളിൽ അജ്ഞത സൃഷ്ടിക്കുകയും വിഷബാധയേറ്റവരുടെ ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്യും എന്നതുകൊണ്ടാണ് ഇക്കാര്യം വിശദീകരിക്കുവാൻ ശ്രമിക്കുന്നത്. ലോകത്താകമാനം 3000–ത്തിലധികം വർഗത്തിൽപ്പെട്ട പാമ്പുകളുണ്ട് എന്നാണു കണക്കാക്കിയിട്ടുള്ളത്. അതിൽ 15 ശതമാനം മാത്രമാണ് മനുഷ്യരിൽ വിഷബാധയേൽപ്പിക്കാൻ കെൽപുള്ളവ. അവിടെ പോലും 20 പാമ്പുകടികളിൽ (Snake Bite) ഒന്നുമാത്രമാണു മരണത്തിനു കാരണമാകുന്നതെന്നാണു കണക്കുകൾ പറയുന്നത്. അതായത് ഇരുപതുപേരെ പാമ്പുകടിച്ചാൽ അതിൽ 19 പേരും ചികിത്സയില്ലാതെ സ്വാഭാവിക ജീവിതത്തിലേക്കു മടങ്ങിവരും.
നാടൻ ചികിത്സ ഫലിക്കുന്നത് എന്തുകൊണ്ട് ?
നാടൻ വിഷഹാരിയുടെ സമീപത്തെത്തുന്ന രോഗികളിൽ നല്ലൊരു പങ്ക് മരണത്തെ അതിജീവിച്ചു എന്നുവരാം. അതിനു കാരണം അവർക്കു ദോഷകരമായ രീതിയിൽ വിഷബാധയേറ്റിട്ടില്ല എന്നതാണ്. നാം ചർച്ച ചെയ്ത 20 പാമ്പുകടികളിൽ അപകടകരമായിത്തീരാവുന്ന ഒന്നു നിർബന്ധമായും ഉണ്ടല്ലോ. ആ ആൾക്കുപോലും അതിജീവന സാധ്യത നൽകുന്നു എന്നതാണ് ആധുനിക ചികിത്സയുടെ മേന്മ. യഥാസമയം ആന്റിവെനം ഉപയോഗപ്പെടുത്തിയാൽ ആ ഒരാൾക്കുപോലും വിഷബാധയെത്തന്നെ അതിജീവിക്കാൻ കഴിയും.അതുകൊണ്ടാണ് അമേരിക്കയിൽ പാമ്പുകടിയേറ്റുള്ള മരണ സാധ്യത അയ്യായിരത്തിൽ ഒന്നും ഓസ്ട്രേലിയയിൽ അയ്യായിരത്തിൽ നാലുമായി പരിമിതപ്പെട്ടിരിക്കുന്നത്.
മുറിവിൽ ചരടു കെട്ടണോ ?
കടിയേറ്റ ഭാഗത്തിനും ഹൃദയത്തിനു മിടയിൽ ചരടോ മറ്റോ കൊണ്ടു മുറുക്കിക്കെട്ടുന്നത് വിഷബാധയുടെ തീവ്രത കുറയ്ക്കും എന്ന ധാരണയ്ക്കു ശാസ്ത്രീയാടിസ്ഥാനമില്ല. വിഷം രക്തധമനികളിലൂടെ വ്യാപിക്കുന്നു എന്ന തെറ്റായ ധാരണയാണ് ഈ വിശ്വാസത്തിനാധാരം. സാധാരണ ഗതിയിൽ പാമ്പുവിഷം ലിംഫ് ചാനലുകളിലൂടെയാണു വ്യാപിക്കുക. സിരകളിൽ നേരിട്ടു കടിയേറ്റാൽ മാത്രമേ ഉടൻ സിരകളിലൂടെ വിഷവ്യാപനമുണ്ടാകൂ. അപ്പോൾ അത്തരം ബന്ധനങ്ങൾ വിവേകപൂർവമല്ലെങ്കിൽ പേശീകലകളുടെ വിനാശത്തിലായിരിക്കും അവസാനിക്കുക.
കോശങ്ങളെ നശിപ്പിക്കുന്ന എൻസൈമുകൾ പാമ്പുവിഷത്തിലെ അപകടകാരികളായ ഘടകങ്ങളാണ്. വിഷമേൽക്കുന്ന ജീവിയുടെ ശരീരഭാഗങ്ങൾ പാമ്പിന്റെ ആമാശയത്തിൽ എളുപ്പം ദഹിക്കത്തക്കവിധം രൂപാന്തരപ്പെടുത്തുന്നവയാണ് ആ ഘടകങ്ങൾ. വിഷമേൽക്കുമ്പോൾ ജീവിയുടെ ശരീരം തളരുകയും കോശങ്ങൾ കൂടുതൽ മൃദുവായിത്തീരുകയും ചെയ്യും. ഈ ഘടത്തിലാണു പാമ്പ് ഇരയെ ആഹാരമാക്കുക.
എന്താണ് ആന്റിവെനം ?
ആന്റിവെനം ശരീരത്തിൽക്കടന്ന പാമ്പുവിഷത്തെ രാസപ്രവർത്തനത്തിലൂടെ നിർവീര്യമാക്കുകയാണു ചെയ്യുക. ഈ പ്രവർത്തനം ഒരു പരിധിവരെ ശരീരകോശങ്ങളെയും ബാധിക്കാറുണ്ട്. എന്നാൽ ജീവൻ രക്ഷിക്കാനുള്ള ഒരേയൊരു മാർഗമെന്ന നിലയിൽ പാർശ്വഫലങ്ങളെ അവഗണിക്കുകയേ നിർവാഹമുള്ളൂ. അതായത്, വിഷബാധയേൽക്കുന്ന രോഗിയുടെ ജീവരക്ഷയ്ക്കുള്ള ഒരേയൊരു സാധ്യത ആന്റിവെനമാണ്. കടിച്ച പാമ്പിനെ കൊന്ന് ആശുപത്രിയിലെത്തിക്കുന്ന പതിവു മുൻപുണ്ടായിരുന്നു. ഇപ്പോഴതിന്റെ ആവശ്യമില്ല. എന്തെന്നാൽ പ്രധാനപ്പെട്ട എല്ലാ വിഷപ്പാമ്പുകളുടെയും വിഷത്തിനുള്ള പ്രതിവിഷമാണ് ആന്റിവെനം.
ഗോൾഡൻ അവർ
പാമ്പുവിഷമേറ്റാൽ തുടർന്നുള്ള ഒരു മണിക്കൂർ അത്യന്തം നിർണായകമാണ്. ഇതാണ് ഗോൾഡൻ അവർ (Golden Hour) ഈ ഒരു മണിക്കൂറിനുള്ളിൽ രോഗിയെ ആശുപത്രിയിലെത്തിക്കണം. (മിനിറ്റുകൾക്കുള്ളിലാണെങ്കിൽ അത്രയും നന്ന്). ആശുപത്രിയിലെത്തിയ രോഗിയുടെ ശരീരത്തിലെ വിഷബാധയുടെ തോതു നിർണയിച്ച് ആന്റിവെനം നൽകണം. എല്ലാം ഈ ഒരു മണിക്കൂറിനുള്ളിൽ നടന്നാൽ വിഷബാധയേറ്റാലും രോഗി രക്ഷപ്പെടാനുള്ള സാധ്യത 90 ശതമാനം ആണ്. വിഷബാധ മാരകമാണെങ്കിൽ ഒരു മണിക്കൂറിനുശേഷം വൈദ്യസഹായം ലഭിച്ചാലും അതിജീവനം ശ്രമകരമാണ്.
വിവരങ്ങൾക്കു കടപ്പാട് : ഡോ. ടൈറ്റസ് ശങ്കരമംഗലം തിരുവല്ല
നടുവേദന അകറ്റാനും നട്ടെല്ലിന്റെ ആരോഗ്യത്തിനും ഈസി വ്യായാമങ്ങൾ - വിഡിയോ