ഭക്ഷ്യവിഷബാധ : ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ 1–2 % രോഗികൾക്ക് മരണം സംഭവിക്കാം
Mail This Article
ഭക്ഷ്യവിഷബാധയെത്തുടർന്നുള്ള മരണവാർത്തകൾ ഇടയ്ക്കിടെ വാർത്തകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്താണ് ഭക്ഷ്യവിഷബാധയ്ക്കുള്ള കാരണങ്ങൾ എന്നൊന്നു പരിശോധിക്കാം. ഭക്ഷണത്തിലൂടെ ബാക്ടീരിയയോ അതുൽപാദിപ്പിക്കുന്ന വിഷവസ്തുക്കളോ മൂലം ഉണ്ടാകുന്ന രോഗാവസ്ഥയെന്ന് സാമാന്യമായി ഇതിനെ പറയാം.
പാകം ചെയ്തതോ അല്ലാത്തതോ ആയ ഭക്ഷണങ്ങളിൽ വളരുന്ന ബാക്ടീരിയകൾ ഉല്‍പാദിപ്പിക്കുന്ന രാസവസ്തുക്കൾ (Toxins) അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഭക്ഷ്യവിഷബാധയാണ് ഏറ്റവും കൂടുതലായി കാണുന്നത്. Staphylococcus വിഭാഗത്തിൽപെട്ട ബാക്ടീരിയകളാണ് പ്രധാനമായും ഇത്തരത്തിലുള്ള രോഗങ്ങൾക്ക് ഇടയാക്കുന്നത്. ഭക്ഷണം കഴിച്ച് 2–4 മണിക്കൂറിനുള്ളിൽ ഇതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഛര്‍ദിയും വയറുവേദനയുമാണ് പ്രധാന ലക്ഷണങ്ങൾ. നേരത്തേ തയാറാക്കി അന്തരീക്ഷ ഊഷ്മാവിലേക്കു സാവധാനം തണുക്കാൻ ഇടയാകുന്ന ഭക്ഷണം വീണ്ടും ചൂടാക്കിയോ അല്ലാതെയോ ഉപയോഗിക്കുന്നതിലൂടെയാണ് ഇതുമൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന രാസവസ്തുക്കൾ 30 മിനിറ്റ് തിളപ്പിച്ചാൽ പോലും നശിക്കുന്നില്ല. സാധാരണയായി 24–48 മണിക്കൂറിനുള്ളിൽ രോഗി സുഖം പ്രാപിക്കും. ശരീരത്തിൽ നിന്നു നഷ്ടപ്പെടുന്ന ജലവും ലവണങ്ങളും തിരിച്ചു നൽകിയാൽ മാത്രം മതി.
അണുബാധയിലൂടെ ഉണ്ടാകുന്ന ഭക്ഷ്യവിഷബാധയിൽ ഏറ്റവും പ്രധാനപ്പെട്ടത് സാൽമണല്ല (Salmonella) വിഭാഗത്തിൽ പെട്ട ബാക്ടീരിയയാണ്. പാൽ, പാലുൽപന്നങ്ങൾ, മുട്ട തുടങ്ങിയവയിലൂടെയാണ് ഇതു പകരുന്നത്. മുട്ടയുടെ വെള്ള പ്രധാന ഘടകമായ മയോണൈസ് (Mayonnaise) ആണ് ഷവർമ, മന്തി തുടങ്ങിയ പുതിയ തലമുറയുടെ ഇഷ്ട ഭക്ഷണങ്ങളിലൂടെയുള്ള ഭക്ഷ്യ വിഷബാധയ്ക്ക് പ്രധാനമായും ഇടയാക്കുന്നത്. ഭക്ഷണം കഴിച്ച് 12–24 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. വിറയലോടുകൂടിയ പനി, വയറുവേദന, ഛർദി, തുടര്‍ച്ചയായ വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. 2–3 ദിവസം വരെ ഇത് നീണ്ടു നിൽക്കും. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ 1–2 % രോഗികൾക്ക് മരണം സംഭവിക്കാം. നമ്മുടെ നാട്ടിൽ അപൂർവമാണെങ്കിലും വളരെ അപകടകാരിയായ ഒരു രോഗമാണ് ബോട്ടുലിസം (Bottulism). ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ബോട്ടുലിനം എന്ന രാസവസ്തുവാണ് രോഗഹേതു. നാഡികളെ ബാധിക്കുന്നതു മൂലം ഭക്ഷണം ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട്, വസ്തുക്കൾ രണ്ടായിട്ടു കാണുക, ശ്വാസതടസ്സം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ടിന്നുകളിൽ അടച്ചു വരുന്ന ഭക്ഷണത്തിലൂടെയാണ് രോഗം പിടിപെടുന്നത്. മരണനിരക്ക് വളരെ ഉയർന്നതാണ്.
ഭക്ഷ്യവിഷബാധ തടയുന്നതിനുള്ള മാർഗങ്ങൾ
പാകം ചെയ്ത ഉടൻ ഭക്ഷണം കഴിക്കുക, പാചകം ചെയ്തശേഷം പിന്നീടാണ് ഉപയോഗിക്കുന്നതെങ്കിൽ, പാകം ചെയ്ത ഉടൻ ഫ്രിജിൽ വച്ചു പെട്ടെന്നു തണുപ്പിച്ചു സൂക്ഷിക്കുക. ബോട്ടിലിൽ വരുന്ന ഭക്ഷണങ്ങൾ ഒരു മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം ഉപയോഗിക്കുക.
വീട്ടിലെ ഭക്ഷ്യസുരക്ഷ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഷെഫ് സുരേഷ് പിള്ള സംസാരിക്കുന്നു