എത്രകാലം കഴിഞ്ഞാലും ടാറ്റൂ മായാത്തത് എങ്ങനെയാണ്?
Mail This Article
ആചാരങ്ങൾക്കായും അലങ്കാരത്തിനായും ആശയവിനിമയത്തിനായും ചരിത്രാതീതകാലം തൊട്ടേ മനുഷ്യർ ടാറ്റൂ (Tattoo) ഉപയോഗിച്ചിരുന്നു. ഇന്നും ടാറ്റൂവിങ്ങിന് (Tattooing) പ്രചാരം ഏറെയാണ്. തൽക്കാലത്തേക്ക് പതിക്കുന്നവയും ജീവിതകാലം മുഴുവൻ നിലനിൽക്കുന്നവയുമുണ്ട് ഇക്കൂട്ടത്തിൽ. നമ്മുടെ ത്വക്കിന്റെ പ്രധാനപ്പെട്ട രണ്ട് പാളികളാണ് എപ്പിഡെർമിസും (Epidermis) ഡെർമിസും (Dermis). ഏറ്റവും പുറമേയുള്ള കട്ടികുറഞ്ഞ പാളിയാണ് എപ്പിഡെർമിസ്. തുടർച്ചയായി കൊഴിഞ്ഞുപോകുകയും അതിനൊപ്പം പുതിയത് ഉണ്ടായിവരികയും ചെയ്യുന്ന പാളിയാണിത്. തൊലിപ്പുറത്തെ നേരിയ മുറിപ്പാടുകളൊക്കെ വേഗം മായുന്നത് അതുകൊണ്ടാണ്.
എപ്പിഡെർമിസിന് തൊട്ടുതാഴെയാണ് ഡെർമിസ്. ടാറ്റൂ മെഷീനിലെ ചെറുസൂചികൾ ഉപയോഗിച്ച് കുഞ്ഞു മുറിവുകളുണ്ടാക്കി ഈ പാളിയിലേക്ക് മഷി കടത്തിവിട്ടാണ് പെർമനന്റ് ടാറ്റൂ സൃഷ്ടിക്കുന്നത്. പുറത്തുനിന്ന് എന്തെങ്കിലും വസ്തു ശരീരത്തിൽ കടന്നുകയറുന്നത് പ്രതിരോധ സംവിധാനത്തിന് ഇഷ്ടപ്പെടില്ല. അതുകൊണ്ട് ത്വക്കിൽ കയറിയ മഷിയെ ഒഴിവാക്കാൻ അത് ശ്രമം തുടങ്ങും. ഇതിന്റെ ഭാഗമായി ടാറ്റൂ ചെയ്ത ഭാഗത്തെ എപ്പിഡെർമിസ് ഇളകിപ്പോകും. കൂടെ അതിൽ പറ്റിയ മഷിയും ബാക്കി മഷി മുഴുവനും ഡെർമിസിന്റെ മുകളിലെ പാളിയിലായിരിക്കും ഉണ്ടാവുക.
മുറിവുകളിൽ ഹീലിങ് സമയത്ത് സംഭവിക്കുന്നതുപോലെ ടാറ്റൂ ചെയ്തപ്പോൾ ഉണ്ടായ പീക്കിരി മുറിവുകളിലും കണക്ടീവ് ടിഷ്യൂകൾ ഉണ്ടായിവരും. അങ്ങനെ ഡെർമിസിലെ മുറിവുകൾ ഭേദമാകും. അതോടെ മഷി എപ്പിഡെർമിസിന്റെയും ഡെർമിസിന്റെയും അതിർത്തിക്ക് തൊട്ടുതാഴെയുള്ള ഒരു പാളിയിൽ എന്നെന്നേക്കുമായി കുടുങ്ങും. ത്വക്കിന്റെ ഉപരിതലത്തിൽ നിന്ന് ഒന്ന് മുതൽ മൂന്ന് വരെ മില്ലിമീറ്റർ ആഴത്തിൽ കിടക്കുന്ന ഈ മഷി എപ്പിഡെർമിസിലൂടെ കാണാനും സാധിക്കും. പക്ഷേ, എത്ര സോപ്പ് തേച്ച് കഴുകിയാലും ഇത് മായില്ല. ഇതാണ് പെർമനന്റ് ടാറ്റൂവിന്റെ രഹസ്യം. എന്നാൽ പ്രായം കൂടുമ്പോൾ ടാറ്റൂവിന് മങ്ങൽ സംഭവിക്കാറുണ്ട്. കാലക്രമേണ മഷി ഡെർമിസിന്റെ താഴത്തെ പാളികളിലേക്ക് ഇറങ്ങുന്നതാണ് ഇതിനു കാരണം.
കൂർക്കംവലി അകറ്റാൻ ലളിതമായ രണ്ട് മാർഗങ്ങൾ - വിഡിയോ