'ഒറ്റപ്പെടലാണ് ഞങ്ങളുടെ പ്രശ്‌നം'; ഏകാന്തതയെ അകറ്റിനിര്‍ത്താന്‍ അരിമ്പൂരിന്റെ ക്ലസ്റ്റര്‍ മാതൃക
Mail This Article
ഏകാന്തത ഏറ്റവും വലിയൊരു ആരോഗ്യപ്രശ്‌നമാണെന്ന് ലോകാരോഗ്യസംഘടന അടുത്തിടെ പറഞ്ഞു. എന്നാലിത് നേരത്തെ തിരിച്ചറിഞ്ഞ പഞ്ചായത്താണ് തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (Arimbur). വയോജനങ്ങളുടെ എണ്ണവും അവരുടെ പ്രശ്‌നങ്ങളുമറിയാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അവര്‍ ഒരു സര്‍വേ നടത്തി. മുതിര്‍ന്ന പൗരന്മാര്‍ 5014. അതില്‍ 296 പേരുടെ പ്രശ്‌നം ഒറ്റപ്പെടലായിരുന്നു. തങ്ങള്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നെന്ന് തുറന്നു പറഞ്ഞത് മറ്റാരുമല്ല, അവര്‍ തന്നെയാണ്.
ആള്‍ക്കൂട്ടത്തില്‍ തനിയെ
കിടപ്പുരോഗികളുടെ പരിചരണം പോലെതന്നെ ഒറ്റപ്പടലിനുള്ള പരിഹാരവും പഞ്ചായത്തിന്റെ പ്രഥമപരിഗണനയിലുണ്ട്. സുസ്വനം എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചു. പലര്‍ക്കും ഒറ്റപ്പെടല്‍ ഉണ്ടാകുന്നത് നോക്കാന്‍ ആരുമില്ലാത്തതുകൊണ്ടല്ല. പ്രായമാകുമ്പോള്‍ സ്വാഭാവികമായും കടന്നുവരുന്ന ഒരു മാനസികാവസ്ഥയാണിതെന്ന് പഞ്ചായത്തിലെ ആസൂത്രണസമിതിയുടെ ഉപാധ്യക്ഷന്‍ വി.കെ. ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. പല കാര്യങ്ങളിലും തങ്ങളുടെ റോള്‍ കുറയുന്നെന്ന് തിരിച്ചറിയുമ്പോഴാണ് ഏകാന്തതയുടെ തുടക്കം. ഏകാന്തതയ്ക്കു പരിഹാരം ചികിത്സയല്ല, കൂട്ടായ്മയും ഇടപഴകലുമാണ്. ക്ലബ്ബുകളും വയോജനോത്സവങ്ങളും ഇതിനു സഹായിക്കുന്നു.
കണ്ടെത്തലിന്റെ അരിമ്പൂര്‍ മാതൃക
വയോജനങ്ങള്‍ക്കായി 30-40 വീടുകള്‍ അടങ്ങുന്ന ക്ലസ്റ്ററുകള്‍ രൂപീകരിക്കലായിരുന്നു ആദ്യപടി. അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള 10 ക്ലസ്റ്ററുകള്‍ രൂപീകരിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കായി എന്തെങ്കിലും നല്‍കുക എന്നതല്ല, അവര്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ നല്‍കുക, അത് എത്തിക്കുന്നതില്‍ അവരെയും പങ്കാളികളാക്കുക എന്നതായിരുന്നു രീതി. ഒരു തരത്തിലുള്ള സഹായം എത്താത്തവരെ വരെ കണ്ടെത്തുക എന്നതായിരുന്നു സര്‍വേയുടെ ലക്ഷ്യം. ഇത്തരത്തിലൊരു നെറ്റ്‌വര്‍ക്ക് സംവിധാനമാണ് പഞ്ചായത്തിന്റെ വയോജനക്ഷേമപ്രവര്‍ത്തനത്തിന്റെ സവിശേഷത.
സേവനത്തിന് 1000 പേര്‍
വയോജനങ്ങളുടെ പരിചരണത്തിന് 1000 വൊളന്റിയര്‍മാരെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് പാലിയം ഇന്ത്യയുടെ നേതൃത്വത്തില്‍ ഘട്ടംഘട്ടമായി പരിശീലനം നല്‍കുന്നു. 10 പേരുടെ കാര്യം നോക്കാന്‍ ഒരു വൊളന്റിയര്‍ വീതമുണ്ട്. കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, ആശുപത്രികള്‍ തുടങ്ങിയവയെയെല്ലാം സഹകരിപ്പിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സ്മിത ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പൂര്‍ണ പിന്തുണ ഈ പദ്ധതികള്‍ക്കുണ്ട്. ഇപ്പോള്‍ നടക്കുന്നവര്‍ നാളെ കിടപ്പിലാകാം. അതുകൂടി മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് ആവിഷ്‌കരിക്കുന്നത്. ഈ ദീര്‍ഘവീക്ഷണമാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെ വ്യത്യസ്തമാക്കുന്നതും.
സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക് - വിഡിയോ