വൈറ്റമിന്‍ ബി12ന്റെ അഭാവം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് ഇങ്ങനെ
Mail This Article
ചുവന്ന രക്തകോശങ്ങളുടെ നിര്‍മ്മാണം, നാഡീവ്യൂഹ സംവിധാനത്തിന്റെ പ്രവര്‍ത്തനം, ഡിഎന്‍എ നിര്‍മ്മാണം എന്നിങ്ങനെ ശരീരത്തിലെ സുപ്രധാനമായ പല പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന പോഷണമാണ് വൈറ്റമിന്‍ ബി12 അഥവാ കൊബാലമിന്‍. ഇതിന്റെ അഭാവം പല വിധ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം.
ഇനി പറയുന്നവയാണ് വൈറ്റമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങള്‍.
1. ക്ഷീണവും ദൗര്‍ബല്യവും
ഒന്നിനും ഒരു ഊര്‍ജ്ജവും തോന്നാത്ത ക്ഷീണിച്ച അവസ്ഥ വൈറ്റമിന്‍ ബി12ന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഉത്‌പാദനക്ഷമതയിലും ജീവിതസൗഖ്യത്തിലുമെല്ലാം സുപ്രധാന പങ്കാണ് വൈറ്റമിന്‍ ബി12 വഹിക്കുന്നത്.
2. നിറം മങ്ങിയതോ മഞ്ഞ നിറത്തിലോ ഉള്ള ചര്‍മ്മം
വൈറ്റമിന്‍ ബി12 അഭാവം ചുവന്ന രക്തകോശങ്ങളുടെ ഉത്‌പാദനം കുറയ്‌ക്കുന്നത് വിളര്‍ച്ചയ്‌ക്ക് കാരണമാകാം. ഇത് നിറം മങ്ങിയതോ മഞ്ഞ നിറത്തിലോ ഉള്ള ചര്‍മ്മത്തിലേക്ക് നയിക്കാം.
3. ശ്വാസം മുട്ടല്‍
വൈറ്റമിന്‍ ബി12 ആവശ്യത്തിന് ഇല്ലാത്തത് മൂലം ചുവന്ന രക്തകോശങ്ങളുടെ എണ്ണം കുറയുന്നത് ഓക്‌സിജന്‍ വഹിച്ചു കൊണ്ട് പോകാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കുന്നു. ഇത് ശ്വാസം മുട്ടലിലേക്കും നയിക്കാം.
4. തലകറക്കം, തലവേദന
വൈറ്റമിന്‍ ബി12 അഭാവം മൂലം രക്തത്തിലെ ഓക്‌സിജന്‍ തോത് കുറയുന്നത് തലകറക്കത്തിനും തലവേദനയ്‌ക്കും കാരണമാകാം.
5. ഗ്ലോസിറ്റിസ്
നാക്കിനുണ്ടാകുന്ന നീര്‍ക്കെട്ടായ ഗ്ലോസിറ്റിസും വൈറ്റമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണമാണ്. ഇത് മൂലം നാക്ക് വീര്‍ക്കുകയും അതിന്റെ നിറം മാറുകയും ചെയ്യാം.
6. ദഹനപ്രശ്‌നങ്ങള്‍
അതിസാരം, മലബന്ധം, വിശപ്പില്ലായ്‌മ പോലുള്ള ദഹനപ്രശ്‌നങ്ങള്‍ക്കും വൈറ്റമിന്‍ ബി12 കാരണമാകാം.
7. നാഡീവ്യൂഹപരമായ പ്രശ്‌നങ്ങള്‍
നാഡീവ്യൂഹ സംവിധാനത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വൈറ്റമിന്‍ ബി12 ആവശ്യമാണ്. ഇത് ശരിയായ തോതില്‍ ലഭിക്കാതിരിക്കുന്നത് മരവിപ്പ്, കാലുകളിലും കൈകളിലും സൂചി കുത്തുന്നത് പോലുള്ള വേദന തുടങ്ങിയവയ്‌ക്ക് കാരണമാകാം.
8. ഓര്‍മ്മക്കുറവ്, ധാരണാശേഷിക്കുറവ്
തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വൈറ്റമിന്‍ ബി12 ആവശ്യമാണ്. ഇതിന്റെ അഭാവം ഓര്‍മ്മക്കുറവ്, മേധാശേഷി കുറവ്, ഒന്നിലും ശ്രദ്ധിക്കാനാവാത്ത അവസ്ഥ എന്നിവയുണ്ടാക്കാം.
9. വിഷാദം, മൂഡ് മാറ്റങ്ങള്‍
കുറഞ്ഞ തോതിലുള്ള വൈറ്റമിന്‍ ബി12 തലച്ചോറിലെ ചില ന്യൂറോട്രാന്‍സ്‌മിറ്ററുകളുടെ ഉത്‌പാദനത്തെ ബാധിക്കും. ഇത് വിഷാദരോഗം, ദേഷ്യം, പെട്ടെന്നുള്ള മൂഡ് മാറ്റങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകും.
10. ഹൃദ്രോഗസാധ്യത
രക്തത്തിലെ ഹോമോസിസ്‌റ്റൈന്‍ തോതിനെയും വൈറ്റമിന്‍ ബി12 അഭാവം ബാധിക്കാം. ഇത് ഹൃദ്രോഗപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
മാംസം, കടല്‍മീന്‍, പാലുത്‌പന്നങ്ങള്‍, മുട്ട, സമ്പുഷ്ടീകരിച്ച സസ്യാധിഷ്‌ഠിത ഉത്‌പന്നങ്ങള്‍, സമ്പുഷ്ടീകരിച്ച ധാന്യങ്ങള്‍ എന്നിവയെല്ലാം വൈറ്റമിന്‍ ബി12 അടങ്ങിയതാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വൈറ്റമിന്‍ ബി12 സപ്ലിമെന്റുകളും കഴിക്കാവുന്നതാണ്. രക്തപരിശോധനയിലൂടെ വൈറ്റമിന്‍ ബി12ന്റെ തോത് നിര്‍ണ്ണയിച്ച് ആവശ്യമായ മാറ്റങ്ങള്‍ ഭക്ഷണക്രമത്തില്‍ വരുത്താവുന്നതാണ്.