പിസിഒഎസ് ഉള്ളവരാണോ നിങ്ങൾ? സമ്മര്‍ദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ
Mail This Article
സ്ത്രീകളുടെ ആര്‍ത്തവക്രമത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു ഹോര്‍മോണല്‍ രോഗമാണ് പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ്. പിസിഒഎസും സമ്മര്‍ദ്ദവും ഉത്കണ്ഠയും തമ്മില്‍ പ്രത്യേകതരമായ ഒരു ബന്ധമാണ് ഉള്ളത്. സമ്മര്‍ദ്ദവും ഉത്കണ്ഠയും സ്ത്രീകളിലെ പിസിഒഎസ് നില രൂക്ഷമാക്കാം. അതേ സമയം പിസിഒഎസ് ഉള്ള സ്ത്രീകളില്‍ സ്ട്രെസ്സ് ഹോര്‍മോണുകള്‍ ഉയര്‍ന്ന നിലയിലായതിനാല്‍ ഇവരില്‍ സമ്മര്‍ദ്ദം കൂടാനും സാധ്യതയുണ്ട്.
പിസിഒഎസിന്റെ ഭാഗമായി ഉണ്ടാകുന്ന ഭാരവര്‍ധനവും അമിത രോമവളര്ച്ചയുമെല്ലാം മാനസികാരോഗ്യത്തെ ബാധിച്ച് സമ്മര്‍ദ്ദത്തിനു കാരണമാകുറുണ്ട്. ശരീരത്തെ കുറിച്ചുണ്ടാകുന്ന നെഗറ്റീവ് ഇമേജും ഉത്കണ്ഠയിലേക്ക് നയിക്കാം. പുറത്തേക്കു പോകാനും മറ്റുള്ളവരുമായി ഇടപെടാനും ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാനുമൊക്കെ സാധിക്കാതെ വരുന്നത് ഒറ്റപ്പെടലും ഏകാന്തതയുമുണ്ടാക്കി കാര്യങ്ങള്‍ വഷളാക്കാനും മതി.
പിസിഒഎസ് ബാധിതരായ സ്ത്രീകള്‍ ഇതിനാല്‍ തന്നെ സമ്മര്‍ദ്ദ നിയന്ത്രണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന് സഹായകമായ ചില മാര്‍ഗ്ഗങ്ങള്‍ പങ്കുവയ്ക്കുകയാണ് എച്ച്ടി ലൈഫ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ ഗുരുഗ്രാം സികെ ബിര്‍ല ആശുപത്രിയിലെ ഒബ്സ്ടെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. അസ്ത ദയാല്‍.
1. നിത്യവുമുള്ള വ്യായാമം
നടത്തം, ഓട്ടം, നീന്തല്‍, നൃത്തം, യോഗ എന്നിങ്ങനെയുള്ള ഏത് വ്യായാമവും മൂഡ് മെച്ചപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ ശരീരം പുറപ്പെടുവിക്കുന്ന എന്‍ഡോര്‍ഫിനുകളാണ് സമ്മര്‍ദ്ദ നിയന്ത്രണത്തില്‍ സഹായിക്കുക.
2. ആരോഗ്യകരമായ ഭക്ഷണക്രമം
റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞതും ഹോള്‍ ഗ്രെയ്നുകളും പഴങ്ങളും പച്ചക്കറികളും ലീന്‍ പ്രോട്ടീനുകളും കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകളും കൂടിയതുമായ ഭക്ഷണക്രമം പിന്തുടരുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കും. പിസിഒഎസ് ബാധിതരിലെ ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ പരിഹരിക്കാനും ഇത്തരം ഭക്ഷണക്രമം നല്ലതാണ്. മദ്യപാനം, പുകവലി, അമിതമായ കഫൈന്‍ ഉപയോഗം എന്നിവയും ഒഴിവാക്കേണ്ടതാണ്.
3. ധ്യാനം, ശ്വാസോച്ഛാസം
മെഡിറ്റേഷന്‍, ധ്യാനം, ശ്വസന വ്യായാമങ്ങള്‍, യോഗ എന്നിവയും സമ്മര്‍ദ്ധം ലഘൂകരിക്കാന്‍ സഹായിക്കും. മനസ്സിനു വിശ്രമം നല്കുന്ന വിനോദങ്ങളും പിന്തുടരാവുന്നതാണ്.
4. ആവശ്യത്തിന് ഉറക്കം
കുറഞ്ഞത് ആറ് മുതല്‍ എട്ട് മണിക്കൂര്‍ നീളുന്ന രാത്രിയിലെ ഉറക്കം പിസിഒഎസ് ലക്ഷണങ്ങളും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും. എന്നും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുന്നതും ഉറക്കത്തിന് ഒരു ക്രമം നല്‍കും.
5. ചുറ്റുമുള്ളവരുടെ പിന്തുണ
സമ്മര്‍ദ്ദവും ഉത്കണ്ഠയുമൊക്കെ നേരിടാന്‍ കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായവും പിന്തുണയും തേടാന്‍ മടിക്കരുത്. തെറാപിസ്റ്റുകള്‍, മാനസികാരോഗ്യ വിദഗ്ധര്‍ തുടങ്ങിയവരുടെ പ്രഫഷണല്‍ സഹായവും ഗുണം ചെയ്യും. പിസിഒഎസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ മനസ്സ് തുറന്നുള്ള സംഭാഷണങ്ങള്‍ അതിപ്രധാനമാണ്.
സ്ത്രീകളും ഹോർമോൺ മാറ്റങ്ങളും: വിഡിയോ