സന്ധിവാതം തണുപ്പ് കാലത്ത് കൂടും; വേദന നിയന്ത്രിക്കാന്‍ ഈ വഴികൾ പരീക്ഷിക്കാം
Mail This Article
ശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികള്‍ക്കുണ്ടാകുന്ന വീക്കമാണ് സന്ധിവാതം. വേദനയ്ക്കും സന്ധികളുടെ ദൃഢതയ്ക്കും കുറഞ്ഞ ചലനക്ഷമതയ്ക്കും സന്ധിവാതം കാരണമാകാം. സന്ധികള്‍ക്കുണ്ടാകുന്ന തേയ്മാനം കൊണ്ടുണ്ടാകുന്ന ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിങ്ങനെ സന്ധിവാതം പല തരത്തിലുണ്ട്.
തണുപ്പ് കാലത്ത് സന്ധിവാതം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ രൂക്ഷമാകാറുണ്ട്. താപനിലയിലുണ്ടാകുന്ന കുറവും അന്തരീക്ഷ മര്‍ദ്ദത്തിലുണ്ടാകുന്ന മാറ്റവും കൂടിയ ഈര്‍പ്പവുമൊക്കെ സന്ധിവാതം വര്‍ദ്ധിക്കാന്‍ കാരണമാകാം. എന്നാല്‍ ഇനി പറയുന്ന ചില വഴികളിലൂടെ തണുപ്പ് കാലത്ത് സന്ധി വാതത്തെ നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്.
1. സജീവമായി ഇരിക്കുക
നിത്യവുമുള്ള വ്യായാമം ശരീരത്തിന് അയവ് നല്‍കുകയും പേശികളെ ബലപ്പെടുത്തുകയും ചെയ്യും. ഇത് സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കും. നീന്തല്‍, സൈക്കിള്‍ ചവിട്ട്, നടത്തം പോലുള്ള ലഘുവായ വ്യായാമങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
2. ചൂട് പകരുന്ന വസ്ത്രങ്ങള്‍
പേശികളെ ചൂടുള്ളതാക്കി നിര്‍ത്താന്‍ ശരീരത്തിന് ചൂട് പകരുന്ന വസ്ത്രങ്ങള്‍ തണുപ്പ് കാലത്ത് ധരിക്കണം. കമ്പിളി വസ്ത്രവും, ഗ്ലൗസും, സോക്സും തൊപ്പിയുമൊക്കെ തണുപ്പ്കാലത്തെ വസ്ത്രധാരണ ശൈലിയുടെ ഭാഗമാക്കാം.
3. ഹീറ്റ് തെറാപ്പി
സന്ധികള്‍ക്ക് ചൂട് പകരുന്നത് വേദനയും ദൃഢതയും കുറയ്ക്കാന്‍ സഹായിക്കും. ഹീറ്റിങ് പാഡുകളോ ചുടൂള്ള ടവലുകളോ ചൂട് വെള്ളത്തിലുള്ള കുളിയോ ഒക്കെ പേശികളെ അയവുള്ളതാക്കാനും ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
4. ആരോഗ്യകരമായ ശരീര ഭാരം
അമിതമായ ശരീരഭാരം സന്ധികള്‍ക്കു മേല്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നത് സന്ധിവാതം അധികരിപ്പിക്കാം. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിലൂടെ ഈ സമ്മര്‍ദ്ദവും വേദനയും കുറയ്ക്കാന്‍ സാധിക്കും.
5. ജലാംശം നിലനിര്‍ത്തുക
ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നത് സന്ധികളിലെ ഘര്‍ഷണം കുറയ്ക്കാന്‍ സഹായിക്കും. ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടതാണ്.
6. വേദന കുറയ്ക്കുന്ന സഹായികള്‍
സന്ധി വാതം മൂലം ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ടു നേരിടുന്നവര്‍ക്ക് ഊന്ന് വടികള്‍, വാക്കര്‍, ജാര് ഓപ്പണറുകള്‍ തുടങ്ങിയവയുടെ സഹായം തേടാം. ഇത് സന്ധികള്‍ക്ക് മുകളിലുള്ള സമ്മര്‍ദ്ദം കുറയ്ക്കും. ബാധിക്കപ്പെട്ട സന്ധികളില്‍ വേദന അധികരിക്കാതിരിക്കാന്‍ ബ്രേസുകളും സ്പ്ലിന്റുകളും ഉപയോഗപ്പെടുത്താം.
7. നീര്‍ക്കെട്ട് കുറയ്ക്കുന്ന ഭക്ഷണങ്ങള്‍
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മീന്‍, ഫ്ളാക്സ് വിത്തുകള്‍, വാള്‍നട്ട്, ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ബെറി പഴങ്ങള്‍, പച്ചിലകള്‍ പോലുള്ളവയെല്ലാം സന്ധിവാതവുമായി ബന്ധപ്പെട്ട നീര്‍ക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും.
8. ആവശ്യത്തിന് വിശ്രമം
സന്ധി വാതത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ ശരീരത്തിന് ആവശ്യത്തിന് വിശ്രമവും ആവശ്യമാണ്. നിലവാരമുള്ള ഉറക്കവും ഇടയ്ക്കിടെയുള്ള വിശ്രമവുമെല്ലാം ഇതില്‍ നിര്‍ണ്ണായകമാണ്.
9. സമ്മര്‍ദ്ദം ലഘൂകരിക്കാം
സമ്മര്‍ദ്ദം സന്ധിവാതത്തിന്റെ പ്രശ്നങ്ങളെ അധികരിപ്പിക്കുമെന്നതിനാല്‍ ഇക്കാര്യത്തിലും ശ്രദ്ധ വേണം. മെഡിറ്റേഷന്‍, ശ്വസന വ്യായാമങ്ങള്‍ എന്നിവയിലൂടെ സമ്മര്ദ്ദലഘൂകരണത്തിന് ശ്രമിക്കാം.
10. ഡോക്ടറെ കാണാം
തണുപ്പ് കാലത്ത് സന്ധിവാതം അതിരൂക്ഷമാകുന്നവര് ഡോക്ടറെ കണ്ട് ആവശ്യമായ മരുന്നുകളും മറ്റ് ചികിത്സകളും തേടേണ്ടതാണ്. സന്ധിവാതം ഓരോ വ്യക്തിക്കും ഓരോ വിധത്തിലാണ് പ്രശ്നമുണ്ടാക്കാറുള്ളത്. ഇതിനാല്‍ ഒരാളില്‍ ഫലപ്രദമായ വേദനനിവാരണ മാര്‍ഗ്ഗം മറ്റൊരാള്‍ക്ക് സഹായകമാകണമെന്നില്ല. ഇതിനാല്‍ ഡോക്ടറെ കണ്ട് വ്യക്തിഗത ചികിത്സ തേടാന്‍ മറക്കരുത്.
കിഴി ചികിത്സ എങ്ങനെ: വിഡിയോ