മധുരം കണ്ടാൽ കൊതിയടക്കാനാവുന്നില്ലേ? ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ
Mail This Article
മധുരമേറിയ ഭക്ഷണപാനീയങ്ങളോടുള്ള കൊതിയടക്കാൻ പലര്‍ക്കും ബുദ്ധിമുട്ടാണ്. മധുരം കഴിക്കുമ്പോള്‍ തലച്ചോര്‍ ഡോപമിന്‍ (Dopamine) പോലുള്ള ന്യൂറോട്രാന്‍സ്‌മിറ്ററുകള്‍ പുറത്തേക്കു വിടാറുണ്ട്. ഇത് സന്തോഷവും സുഖവുമൊക്കെ പ്രദാനം ചെയ്യും. ഇത് ആവര്‍ത്തിക്കുന്തോറും മധുരത്തോടുള്ള നമ്മുടെ ആസക്തിയും വർധിക്കും. മധുരം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ തോതും പെട്ടെന്ന് വർധിക്കുന്നതിനാല്‍ ഒരുതരം ഊര്‍ജപ്രവാഹവും ശരീരത്തില്‍ ഉണ്ടാകാറുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ മധുരത്തോടുള്ള അമിതാസക്തിയെ ചെറുക്കാന്‍ അല്‍പം ബുദ്ധിമുട്ടേണ്ടി വരും. എന്നാല്‍ മധുരം കഴിക്കുന്നതിനെ തുടര്‍ന്ന് വർധിക്കുന്ന, രക്തത്തിലെ പഞ്ചസാര പിന്നീട് വളരെ വേഗം താഴേക്ക്ു വരുന്നത് അമിതമായ വിശപ്പിനും ക്ഷീണത്തിനും കാരണമാകാം. അമിതമായ മധുര ഉപയോഗം പ്രമേഹം, അമിതവണ്ണം, പല്ലിന് തകരാര്‍, ഹൃദ്രോഗം എന്നിവയിലേക്കും നയിക്കാം.
മധുരത്തോടുള്ള അമിതാസക്തി തടയാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായകമാണ്.
1. ആസക്തിയെ ഉണര്‍ത്തുന്ന കാരണങ്ങള്‍ കണ്ടെത്തുക
സമ്മർദം, വിരസത, വിഷാദം എന്നിങ്ങനെ നിങ്ങളുടെ മധുരാസക്തിയെ ഉണര്‍ത്തുന്ന കാരണങ്ങള്‍ കണ്ടെത്തുകയെന്നതാണ് ആദ്യ പടി. ഏത് അവസരത്തിലാണ് നിങ്ങള്‍ മധുരം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നു കണ്ടെത്തിയാല്‍ ഈ സാഹചര്യങ്ങളെ മെച്ചപ്പെട്ടതും ആരോഗ്യകരവുമായ രീതിയില്‍ നേരിടാന്‍ സാധിക്കും.
2. പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവിഭവങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ദീര്‍ഘനേരത്തേക്ക് സന്തുലിതമായി നിര്‍ത്തുകയും വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും ചെയ്യും. ഇതും പഞ്ചസാരയോടുള്ള ആസക്തി കുറയ്‌ക്കും. ചിക്കന്‍, മീന്‍, ടോഫു, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പന്നമാണ്.
3. കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കാം
ഹോള്‍ ഗ്രെയ്‌നുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിങ്ങനെ ദീര്‍ഘനേരം ഊര്‍ജം നല്‍കുകയും പതിയെ മാത്രം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്തുകയും ചെയ്യുന്ന കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നതും മധുരാസക്തി നിയന്ത്രിക്കാന്‍ സഹായകമാണ്.
4. ജലാംശം നിലനിര്‍ത്താം
ചിലപ്പോഴൊക്കെ ശരീരത്തിലെ നിര്‍ജലീകരണത്തെ വിശപ്പായും മധുരാസക്തിയായും തെറ്റിദ്ധരിക്കാറുണ്ട്. ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടതും ഇതിനാല്‍ അത്യാവശ്യമാണ്.
5. ആവശ്യത്തിന് ഉറക്കം
ഉറക്കമില്ലായ്‌മ വിശപ്പുമായി ബന്ധപ്പെട്ട ഹോര്‍മോണുകളുടെ താളം തെറ്റിക്കുന്നത് മധുരമുള്ള ഭക്ഷണത്തോടുള്ള ആര്‍ത്തി വർധിപ്പിക്കാം. അതിനാല്‍ ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.
6. സമ്മർദത്തിന്റെ തോത് നിയന്ത്രിക്കുക
മാനസികവും ശാരീരികവുമായ സമ്മർദങ്ങളും മധുരം കഴിക്കാനുള്ള പ്രേരണയുണ്ടാക്കാം. അതിനാല്‍ സമ്മർദം കുറയ്‌ക്കാനുള്ള മാര്‍ഗങ്ങളും അവലംബിക്കേണ്ടതാണ്. യോഗ, മെഡിറ്റേഷന്‍, ദീര്‍ഘമായ ശ്വാസോച്ഛാസം തുടങ്ങിയവ ഇക്കാര്യത്തില്‍ സഹായകമാണ്.
7. നിത്യവും വ്യായാമം
എന്തെങ്കിലും തരത്തിലുള്ള വ്യായാമം ശരീരത്തിലെ എന്‍ഡോര്‍ഫിനുകളെ പുറന്തള്ളും. ഇത് മൂഡ് മെച്ചപ്പെടുത്താനും ഭക്ഷണത്തോടുളള ആസക്തി കുറയ്‌ക്കാനും സഹായിക്കും. ദിവസം കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടുക.
8. സന്തുലിതമായ ഭക്ഷണക്രമവും സ്‌നാക്‌സും പിന്തുടരുക
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ സന്തുലിതമായ ഭക്ഷണങ്ങളും സ്‌നാക്‌സുമെല്ലാം സമയക്രമം പാലിച്ച് കഴിക്കാന്‍ ശ്രമിക്കുക.
9. ശ്രദ്ധ മാറ്റുക
മധുരത്തോടുള്ള ആസക്തി ഉണ്ടാകുമ്പോള്‍ അതിന് കീഴടങ്ങാതെ മനസ്സിന്റെ ശ്രദ്ധ മാറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും സഹായകമാണ്. പുസ്‌തകം വായിക്കുകയോ നടക്കാന്‍ പോകുകയോ പാട്ട് കേള്‍ക്കുകയോ സുഹൃത്തുക്കളെ വിളിക്കുകയോ ഒക്കെ ചെയ്യാം.
10. ആരോഗ്യകരമായ ബദലുകള്‍
ഇതു കൊണ്ടൊന്നും രക്ഷയില്ല, മധുരം കഴിച്ചേതീരൂ എന്നാണെങ്കിൽ പഴങ്ങള്‍, പ്രകൃതിദത്ത മധുരങ്ങളായ തേന്‍, മേപ്പിള്‍ സിറപ്പ്, പഞ്ചസാരയുടെ തോത് താരതമ്യേന കുറഞ്ഞ ആരോഗ്യകരമായ സ്‌നാക്കുകള്‍ എന്നിങ്ങനെയുള്ളവ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ