തണുപ്പ് കാലത്തെ ഈ ശീലങ്ങള്‍ മലബന്ധത്തിനു കാരണമാകാം, അറിയാതെ പോകരുത്
Mail This Article
പുതപ്പിനുള്ളില്‍ ചുരുണ്ടുറങ്ങാനും ചൂടുള്ള ചായ ഊതിക്കുടിച്ച് ഗൃഹാതുരത്വം തുളുമ്പുന്ന പാട്ടുകേള്‍ക്കാനുമൊക്കെ പറ്റിയ കാലം തന്നെയാണ് തണുപ്പ് കാലം. പക്ഷേ, ജീവിതശൈലിയുടെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഈ കാലാവസ്ഥയിൽ മലബന്ധം നിങ്ങളുടെ സര്‍വ സന്തോഷങ്ങളെയും നശിപ്പിക്കാം.
തണുപ്പ് കാലത്തെ ഇനി പറയുന്ന ശീലങ്ങള്‍ മലബന്ധത്തിലേക്കു നയിക്കാമെന്ന് പ്രിസ്റ്റിന്‍ കെയറിലെ പ്രോക്ടോളജി സീനിയര്‍ സര്‍ജന്‍ ഡോ. അമല്‍ ഗോസാവി എച്ച്‌ടി ഡിജിറ്റലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
1. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍
തണുപ്പ് കാലത്ത് കാര്യമായി ദാഹം തോന്നാത്തതിനാല്‍ പലരും വെള്ളം കുടിക്കുന്ന കാര്യം തന്നെ മറന്നു പോകാറുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ദഹനസംവിധാനത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും മലം കട്ടിയായി മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും തണുപ്പ് കാലത്ത് ഇടയ്‌ക്കിടെ വെള്ളം കുടിക്കാന്‍ മറക്കരുത്.
2. ഫൈബര്‍ കുറഞ്ഞ ഭക്ഷണം
തണുപ്പ് കാലത്ത് ഫൈബര്‍ തോത് കുറവുള്ള ഭക്ഷണം കഴിക്കുന്നതും മലബന്ധത്തിന് കാരണമാകാറുണ്ട്. കുടലിലൂടെ വിസര്‍ജ്ജ്യം വേഗത്തില്‍ ഇറങ്ങി പോകാനായി കഴിക്കുന്ന ഭക്ഷണത്തില്‍ ആവശ്യത്തിന് ഫൈബര്‍ വേണം. ഇതിനാല്‍ ഹോള്‍ ഗ്രെയ്‌നുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം തണുപ്പ് കാലത്ത് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
3. ശാരീരിക പ്രവര്‍ത്തനങ്ങളുടെ കുറവ്
തണുപ്പത്ത് പുറത്തേക്ക് ഇറങ്ങാനും വ്യായാമം ചെയ്യാനുമൊക്കെ പലരും മടി കാണിക്കും. ഈ അലസ ജീവിതശൈലിയും ദഹനസംവിധാനത്തെ പ്രതികൂലമായി ബാധിച്ച് മലബന്ധത്തിലേക്ക് നയിക്കും. ജിം, വീടിനുള്ളില്‍ ചെയ്യാവുന്ന വ്യായാമങ്ങള്‍ എന്നിവയിലൂടെ ശരീരത്തെ സജീവമാക്കി നിര്‍ത്തുന്നത് മലബന്ധം ഒഴിവാക്കും.
4. നിര്‍ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങളുടെ ഉപയോഗം
കാപ്പി, ചായ, ഹോട്ട് ചോക്ലേറ്റ് എന്നിങ്ങനെ ചൂടുള്ള പല പാനീയങ്ങളും ചൂട് പകരുമെന്നു കരുതുന്ന മദ്യവുമൊക്കെ അകത്താക്കാനുള്ള ത്വര തണുപ്പ് കാലത്ത് അല്‍പം കൂടുതലായിരിക്കും. എന്നാല്‍ ഇവയുടെ അമിത ഉപയോഗം ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കി മലം കട്ടിയാകുന്നതിന് കാരണമാകാം. ഇതിനാല്‍ തണുപ്പത്ത് കുടിക്കുന്ന പാനീയങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുകയും ശരീരത്തിലെ ജലാംശം കുറഞ്ഞു പോകാതെ നോക്കുകയും വേണം.
5. സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം
റിഫൈന്‍ ചെയ്‌തതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും തണുപ്പ് കാലത്ത് മലബന്ധത്തിന് കാരണമാകാം. ഇവയുടെ തോതും പരിമിതപ്പെടുത്തേണ്ടതാണ്.
ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം: വിഡിയോ