പ്രമേഹവും കണ്ണിലെ ചുവപ്പും തമ്മിൽ ബന്ധമുണ്ടോ? കാഴ്ചയെ ബാധിക്കുമോ?
Mail This Article
ചോദ്യം: പ്രിയപ്പെട്ട ഡോക്ടർ, അഞ്ചു വർഷമായി പ്രമേഹരോഗമുള്ള (Diabetes) അൻപതുകാരനാണു ഞാൻ. ഈയിടെയായി തുടർച്ചയായി തലവേദന വരുന്നു. കണ്ണിൽ ചുവപ്പ്, കാഴ്ചമങ്ങൽ എന്നിവയുമുണ്ട്. ഡോക്ടറെ കണ്ടപ്പോൾ കണ്ണിൽ മർദം കൂടുതലാണെന്നു പറഞ്ഞു. എനിക്ക് ബിപി നോർമൽ (Blood Pressure) ആണ്. ശരീരത്തിന്റെ മർദവും കണ്ണിന്റെ മർദവും രണ്ടാണോ?
ഉത്തരം : പ്രമേഹരോഗികൾക്ക് തലവേദന വരാൻ പല കാരണങ്ങളുണ്ട്. എന്നാൽ, താങ്കൾക്കു കണ്ണിൽ ചുവപ്പും വേദനയുമുള്ളതിനാൽ ഇത് ഗ്ലോക്കോമ എന്ന അസുഖത്തിന്റെ ലക്ഷണമാണ്. പ്രമേഹരോഗികളിൽ കൂടുതലായി കണ്ടുവരുന്ന അസുഖമാണിത്. ശരീരത്തിലെ മർദവും കണ്ണിലെ മർദവും രണ്ടാണ്. ശരീരത്തിലെ മർദവും അഥവാ രക്തസമ്മർദവും കണ്ണിലെ മർദവും തമ്മിൽ ബന്ധമൊന്നുമില്ല. നമ്മുടെ കണ്ണിൽ ഉള്ള പ്രത്യേക മർദത്തെയാണ് ഇൻട്രോ ഒക്കുലാർ പ്രഷർ എന്നു വിളിക്കുന്നത്. ഈ മർദം കൂടിക്കഴിഞ്ഞാൽ ഇത്തരം അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. സാവധാനം മർദം കൂടുന്ന അവസ്ഥയെ ഓപ്പൺ ആംഗിൾ ഗ്ലോക്കോമ (Open Angle Glaucoma) എന്നും പെട്ടെന്നു മർദം കൂടുന്ന അസുഖത്തെ ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമ (Closed Angle Glaucoma) എന്നും വിളിക്കുന്നു. മറ്റു പല കാരണങ്ങൾ കൊണ്ടും മുകളിൽ പറയുന്ന ലക്ഷണങ്ങൾ കാണാമെങ്കിലും, കണ്ണിലെ ചുവപ്പും വേദനയും ഉള്ളതിനാൽ ഇത് ഗ്ലോക്കോമയാണെന്ന് അനുമാനിക്കാവുന്നതാണ്. ഇതിന് വിദഗ്ധമായ പരിശോധനകളും മികച്ച ചികിത്സകളും ലഭ്യമാണ്. നല്ലൊരു നേത്രരോഗ വിദഗ്ധനെ കണ്ട് അദ്ദേഹത്തിന്റെ നിർദേശപ്രകാരം ചികിത്സ സ്വീകരിച്ചാൽ കണ്ണിന്റെ കാഴ്ച സംരക്ഷിക്കാൻ സാധിക്കും.
(ലേഖകൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡയബറ്റിക് സെന്റർ ഡയറക്ടറും സിഇഒയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രഫസറുമാണ്)
കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ വേണ്ട വ്യായാമങ്ങളും ഡയറ്റും - വിഡിയോ