തണുപ്പ് കാലത്ത് അൽപം സണ്‍ബാത്ത് നമുക്കുമാകാം; ഗുണങ്ങള്‍ പലത്
Mail This Article
കടല്‍തീരത്ത് വെയില്‍ കൊണ്ട് മലര്‍ന്നു കിടക്കുന്ന വിദേശികളെ കണ്ടിട്ടില്ലേ? ഇങ്ങനെ അര്‍ദ്ധനഗ്നരായി വെയില്‍ കായുന്നതിന് സണ്‍ ബാത്ത് എന്ന് പറയും. ശരീരത്തില്‍ ആവശ്യത്തിനു വെയില്‍ ഏല്‍പ്പിച്ച് ടാന്‍ഡ് ആയ സ്‌കിന്‍ ടോണ്‍ ലഭിക്കുന്നതിനും വിശ്രമത്തിനുമൊക്കെ വേണ്ടിയാണ് ഈ സണ്‍ബാത്ത്. അത് മാത്രമല്ല തണുപ്പ് കാലത്ത് സണ്‍ബാത്ത് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്.
1. ഉറക്കം മെച്ചപ്പെടും
നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുന്ന ശരീരത്തിനുള്ളിലെ ക്ലോക്കായ സിര്‍കാഡിയന്‍ റിഥം മെച്ചപ്പെടാന്‍ സണ്‍ബാത്ത് സഹായിക്കും. വെയില്‍ കൊള്ളുമ്പോള്‍ ശരീരത്തില്‍ നല്ല ഉറക്കത്തെ സഹായിക്കുന്ന മെലടോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കപ്പെടും.
2. മെച്ചപ്പെട്ട മാനസികാരോഗ്യം
ഹാപ്പി ഹോര്‍മോണുകള്‍ എന്നറിയപ്പെടുന്ന സെറോടോണിന്‍ ഉത്‌പാദനം വര്‍ധിപ്പിക്കാനും സണ്‍ ബാത്ത് സഹായകമാണ്. മൂഡും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും വിഷാദരോഗ സാധ്യതകള്‍ കുറയ്‌ക്കാനും സെറോടോണിന്‍ നല്ലതാണ്.
3. വൈറ്റമിന്‍ ഡി തോത് ഉയരും
ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ തോത് വര്‍ധിപ്പിക്കാനും സണ്‍ബാത്ത് സഹായകമാണ്. ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഉണ്ടാകുന്നത് എല്ലുകളുടെ ആരോഗ്യം ബലപ്പെടുത്തുകയും പ്രതിരോധശേഷി വളര്‍ത്തുകയും അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുടെ സാധ്യത കുറയ്‌ക്കുകയും ചെയ്യും.
4. ഊര്‍ജ്ജത്തിന്റെ തോത് വര്‍ധിക്കും
തണുപ്പ് കാലവുമായി ബന്ധപ്പെട്ട അലസത അകറ്റി ഊര്‍ജ്ജത്തിന്റെ തോത് വര്‍ധിപ്പിക്കാനും വെയില്‍ കൊള്ളുന്നത് സഹായിക്കും. സെറോടോണിന്‍ ഹോര്‍മോണ്‍ തോത് ഉയരുന്നത് ജാഗ്രത വര്‍ധിപ്പിച്ച് ഉത്‌പാദനക്ഷമതയും കൂട്ടും.
5. ശക്തമായ പ്രതിരോധ സംവിധാനം
തണുപ്പ് കാലത്ത് പലവിധത്തിലുള്ള അണുബാധകള്‍ക്ക് സാധ്യത അധികമാണ്. ഇതിനെ ചെറുത്തു നില്‍ക്കാന്‍ നമ്മുടെ പ്രതിരോധ സംവിധാനവും ശക്തിപ്പെടുത്തേണ്ടതുണ്ട്. സണ്‍ബാത്ത് ശ്വേത രക്ത കോശങ്ങളുടെ ഉത്‌പാദനത്തെ പ്രോത്സാഹിപ്പിച്ചു രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും.
6. ചര്‍മ്മത്തിനും നല്ലത്
മിതമായ തോതില്‍ വെയില്‍ കൊള്ളുന്നത് സോറിയാസിസ്, എക്‌സിമ, മുഖക്കുരു തുടങ്ങിയ ചര്‍മ പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസം നല്‍കും. ചര്‍മ്മാരോഗ്യത്തില്‍ നിര്‍ണ്ണായകമായ വൈറ്റമിന്‍ ഡിയുടെ ഉത്‌പാദനം വര്‍ധിപ്പിക്കുന്നതിലൂടെയാണ് സണ്‍ബാത്ത് ഇത് സാധ്യമാക്കുന്നത്.
7. ധാരണാശേഷിയും മെച്ചപ്പെടും
ധാരണാശേഷി മെച്ചപ്പെടുത്തുന്ന ചില ന്യൂറോ ട്രാന്‍സ്‌മിറ്ററുകളുടെ ഉത്‌പാദനവും സണ്‍ബാത്ത് വര്‍ധിപ്പിക്കും. ഇത് തലച്ചോറിന്റെ പ്രകടനം മെച്ചപ്പെടുത്തി നല്ല ഓര്‍മ്മശക്തിയും ശ്രദ്ധയും ബുദ്ധിക്ക് തെളിച്ചവും നല്‍കും.
8. കരുത്തുറ്റ എല്ലുകള്‍
കാല്‍സ്യം ആഗീരണത്തിലും എല്ലിന്റെ ബലത്തിലും നിര്‍ണായക പങ്ക് വഹിക്കുന്ന പോഷണമാണ് വൈറ്റമിന്‍ ഡി. ഇതിന്റെ അഭാവം ഓസ്‌റ്റിയോപോറോസിസ് പോലുള്ള അവസ്ഥകളിലേക്ക് നയിക്കാം. സണ്‍ബാത്ത് ചെയ്യുന്നത് വൈറ്റമിന്‍ ഡി തോത് വര്‍ധിപ്പിക്കുന്നതിലൂടെ ഈ പ്രശ്‌നങ്ങളെ പരിഹരിക്കുന്നു.
9. സീസണല്‍ അഫക്ടീവ് ഡിസോഡര്‍ ലക്ഷണങ്ങളെ കുറയ്‌ക്കും
വെയില്‍ ഇല്ലാതാകുന്നത് മൂലമുണ്ടാകുന്ന ഒരു തരം വിഷാദരോഗാവസ്ഥയാണ് സീസണല്‍ അഫെക്ടീവ് ഡിസോഡര്‍. ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിലും സണ്‍ബാത്ത് പ്രയോജനം ചെയ്യും.
എന്നാല്‍ വെയില്‍ അമിതമായി ഏല്‍ക്കാതിരിക്കാനും സണ്‍ബാത്ത് ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. സണ്‍ സ്‌ക്രീന്‍ പോലുള്ള സംരക്ഷണ കവചങ്ങളും ഉപയോഗിക്കാന്‍ മറക്കരുത്.
വൈറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നതെന്ത്: വിഡിയോ