തണുപ്പ് കാലത്ത് വൈറ്റമിൻ ഡി തോത് വർധിപ്പിക്കാൻ പിന്തുടരാം ഈ കാര്യങ്ങൾ
Mail This Article
അണുക്കളെ പ്രതിരോധിക്കാനും ആരോഗ്യം നിലനിർത്താനും ശരീരത്തിന് ആവശ്യം വേണ്ട ഒരു പോഷണമാണ് വൈറ്റമിൻ ഡി. പ്രതിരോധശേഷി വർധിപ്പിക്കാൻ മാത്രമല്ല ഹൃദയം, തലച്ചോറ്, എല്ലുകൾ, നാഡീഞരമ്പുകൾ എന്നിവ ആരോഗ്യത്തോടെ പ്രവർത്തിക്കാനും വൈറ്റമിൻ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം വൈറ്റമിൻ ഡി ഉത്പാദിപ്പിക്കുന്നു. എന്നാൽ തണുപ്പുകാലത്ത് വെയിലും പകലിന്റെ ദൈർഘ്യവും കുറവായതിനാൽ ശരീരത്തിൽ വൈറ്റമിൻ ഡിയുടെ തോത് കുറഞ്ഞു പോകാൻ സാധ്യതയുണ്ട്.
മുതിർന്ന പൗരന്മാർ, അമിതവണ്ണമുള്ളവർ, ഗ്യാസ്ട്രിക് ബൈപ്പാസ് സർജറി കഴിഞ്ഞവർ, ഹൈപ്പോതൈറോയിഡിസം, ക്രോൺസ് രോഗം, സിസ്റ്റിക് ഫൈബ്രോസിസ്, കരൾ രോഗങ്ങൾ, സീലിയാക് രോഗം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്കും ശരീരത്തിൽ വൈറ്റമിൻ ഡിയുടെ തോത് കുറയാൻ സാധ്യതയുണ്ട്. ഇനി പറയുന്ന വഴികളിലൂടെ വൈറ്റമിൻ ഡി യുടെ തോത് ശരീരത്തിൽ ഉയർത്താവുന്നതാണ്.
1. സന്തുലിതമായ ഭക്ഷണം
സാൽമൺ, ചൂര, മത്തി, ചെമ്മീൻ പോലുള്ള മത്സ്യ വിഭവങ്ങളിൽ വൈറ്റമിൻ ഡി ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്നു. മാംസം, മുട്ട, കോഡ് ലിവർ ഓയിൽ തുടങ്ങിയവയും വൈറ്റമിൻ ഡിയുടെ സമ്പന്ന സ്രോതസ്സുകളാണ്. സസ്യാഹാരികൾക്ക് കൂൺ കഴിക്കുന്നതിലൂടെ വൈറ്റമിൻ ഡി ശരീരത്തിനുള്ളിൽ എത്തിക്കാം.
2. സപ്ലിമെന്റുകൾ
ഭക്ഷണത്തിലൂടെ ആവശ്യത്തിന് വൈറ്റമിൻ ഡി ശരീരത്തിനുള്ളിൽ എത്തിക്കാൻ സാധിക്കാത്തവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം സപ്ലിമെന്റുകളും കഴിക്കാവുന്നതാണ്.
3. വെയിലത്ത് നടക്കാം
മഞ്ഞുകാലത്ത് സൂര്യപ്രകാശം ഏൽക്കാനുള്ള സാധ്യത കുറവാണെങ്കിലും, പറ്റുമ്പോഴെല്ലാം ഇതിനുള്ള ശ്രമം നടത്തേണ്ടതാണ്. രാവിലെയോ വൈകുന്നേരമോ കുറഞ്ഞത് 20 മിനിട്ടെങ്കിലും നടക്കാൻ ഇറങ്ങുന്നത് ഫലപ്രദമാണ്.
4. അൾട്രാവയലറ്റ് ലാംപ്
ചില പ്രത്യേകതരം അൾട്രാവയലറ്റ് ലാംപുകൾ മുറിക്കുള്ളിൽ ഉപയോഗിക്കുന്നതും ഒരു വെയിലുള്ള ദിവസം പുറത്തിറങ്ങുമ്പോഴുള്ള ഗുണം ശരീരത്തിന് ചെയ്യും. ചില പ്രത്യേക തരംഗദൈർഘ്യത്തിലുള്ള എൽഇഡി ലൈറ്റുകൾ ചർമ്മത്തിലെ വൈറ്റമിൻ ഡി ഉത്പാദനം ത്വരിതപ്പെടുത്തുന്നതിൽ സൂര്യപ്രകാശത്തേക്കാൾ ഗുണം ചെയ്യുമെന്ന് ചില ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
വൈറ്റമിൻ ഡി കുറഞ്ഞാൽ എന്ത് സംഭവിക്കും: വിഡിയോ