മദ്യം മാത്രമല്ല അപകടകാരി, ഈ ഭക്ഷണങ്ങളും കരളിനെ തകരാറിലാക്കും
Mail This Article
ആരോഗ്യമുള്ള കരൾ ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനു വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ സംസ്ക്കരിക്കുക, വൈറ്റമിനുകളും ധാതുക്കളും സംഭരിക്കുക, ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുക തുടങ്ങി അനവധി ഉത്തരവാദിത്തങ്ങളാണ് കരളിനുള്ളത്. ഇതെല്ലാം നല്ല രീതിയിൽ നടക്കണമെങ്കിൽ കരൾ ആരോഗ്യത്തോടെ ഇരിക്കണം.
എന്നാൽ പതിവായോ അമിതമായോ താഴെ പറയുന്ന ഭക്ഷണങ്ങൾ കഴിച്ചാലും മദ്യം പോലെ കരളിനെ തകരാറാക്കും.
സോഫ്റ്റ് ഡ്രിങ്ക്സ്
ശീതളപാനീയങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമുക്കിടയിൽ ഏറെപ്പേരും. എന്നാൽ അതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയോ കൃതൃമ മധുരമോ ശരീരത്തിനു നല്ലതല്ല. ഈ പാനീയങ്ങൾ റെഗുലറോ ഡയറ്റോ ആയിക്കൊള്ളട്ടെ, പതിവായി കുടിക്കുന്നത് ദോഷം ചെയ്യും. ശരീരഭാരം വർധിക്കുക, പ്രമേഹം, ഫാറ്റി ലിവർ രോഗം എന്നിവയക്ക് സോഫ്റ്റ് ഡ്രിങ്ക്സ് കാരണമാകും.
മധുരമുള്ള പാനീയങ്ങൾ
സോഡകളിലും ജ്യൂസുകളിലും ചേർക്കുന്ന കൂടിയ അളവിലുള്ള മധുരം നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിനു (NAFLD) കാരണമാകും. അധിക പഞ്ചസാര കരളിൽ കൊഴുപ്പായി സംഭരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിൽ നീർക്കെട്ട്, പാടുകൾ എന്നിവയുണ്ടാക്കും.
വറുത്ത ഭക്ഷണം
അനാരോഗ്യപരമായ കൊഴുപ്പ് ധാരാളമായി അടങ്ങിയ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഫാറ്റി ലിവർ രോഗത്തിനു കാരണമാകും. ഈ കൊഴുപ്പുകൾ കരളിൽ അടിഞ്ഞുകൂടുകയും കാലക്രമേണ വീക്കം സംഭവിക്കുകയും കരൾ തകരാറിലാകുകയും ചെയ്യുന്നു.
സംസ്കരിച്ച മാംസം
സോസേജ്, ഹോട് ഡോഗ് തുടങ്ങിയ സംസ്കരിച്ച മാംസങ്ങളിൽ പ്രിസർവേറ്റിവുകളും നല്ലതല്ലാത്ത കൊഴുപ്പും ധാരാളമായി ഉണ്ടാകും. ഇതിന്റെ പതിവ് ഉപഭോഗം കരൾ അർബുദം, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം എന്നിവയ്ക്കു കാരണമാകും.
ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണം
ടിന്നില്‍ ലഭിക്കുന്ന സൂപ്പ്, സംസ്കരിച്ച പലഹാരങ്ങൾ, ഫാസ്റ്റ്ഫുഡ് എന്നിവ കരൾ തകരാറിലാക്കാൻ കാരണക്കാരായ ഭക്ഷണങ്ങളാണ്. ശരീരത്തിൽ വീക്കത്തിനു കാരണമായേക്കാവുന്ന അമിതമായ ദ്രാവകം അടിഞ്ഞു കൂടാൻ, രക്തസമ്മർദ്ദം കൂട്ടാൻ, കരളിനെ തകരാറിലാക്കാനും ഉയർന്ന അളവില്‍ സോഡിയം അടങ്ങിയ ഭക്ഷണത്തിനു കഴിയും.
ട്രാൻസ് ഫാറ്റുകൾ
കുക്കീസ്, കേക്കുകൾ, ഉരുളക്കിഴങ്ങ് ചിപ്സ് തുടങ്ങി ബേക്ക് ചെയ്തതും വറുത്തതുമായ ഭക്ഷണത്തിൽ കാണുന്ന കൊഴുപ്പാണ് ട്രാൻസ് ഫാറ്റുകൾ. ഈ കൊഴുപ്പ് ശരീരത്തിൽ നീർക്കെട്ട് ഉണ്ടാക്കുകയും കരൾ തകരാറിലാക്കുകയും ചെയ്യുന്നു.
ഹൈ ഫ്രക്ടോസ് കോൺ സിറപ്പ്
പഞ്ചസാരയുടെ ഒരു രൂപമായ ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ് അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കരൾ തകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതമായ ഫ്രക്ടോസ് ഉപഭോഗം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകാനും കാരണമാകും
കരളിന്റെ ആരോഗ്യത്തിനു പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നേരത്തേ കരൾ രോഗം ഉണ്ടെങ്കിൽ മദ്യപാനം കുറയ്ക്കുകയോ, പൂർണമായും ഒഴിവാക്കുകയോ ചെയ്യുക. വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നത് നല്ലതാണ്. ആരോഗ്യപരമായ കൊഴുപ്പോ അധിക മധുരമോ ഇല്ലാത്ത നല്ലതെന്ന് ഉറപ്പുള്ള ഭക്ഷണം കഴിക്കാൻ സാധിക്കും. ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുന്നതും കരളിന്റെ ആരോഗ്യത്തിനു നല്ലതാണ്.
വേദനസംഹാരികളുടെ ഉപയോഗം കിഡ്നി നാശത്തിലേക്കോ? വിഡിയോ