തണുപ്പ് കാലത്ത് ശ്വാസകോശ രോഗങ്ങളില്‍ വര്‍ധന; സ്വയം സംരക്ഷിക്കാന്‍ പിന്തുടരാം ഈ കാര്യങ്ങള്‍
Mail This Article
ചുമയും തുമ്മലും മൂക്കടപ്പും പനിയും ക്ഷീണവുമൊക്കെയായി മറ്റൊരു ശൈത്യകാലം കൂടി പുരോഗമിക്കുകയാണ്. ഈ വര്‍ഷം രോഗപീഢ രൂക്ഷമാക്കാന്‍ കോവിഡിന്റെ സജീവമായ വകഭേദങ്ങളും നമുക്ക് ചുറ്റും ഉണ്ട്. ആശുപത്രി പ്രവേശനത്തിലും ഒപി ചികിത്സയിലുമെല്ലാം വന്‍ കുതിച്ചു ചാട്ടം സമീപ മാസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഈ കാലാവസ്ഥയില്‍ രോഗങ്ങളില്ലാതെ കഴിച്ചു കൂട്ടാന്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ സഹായകമായേക്കും.
1. കൈകളുടെ ശുചിത്വം
വൈറല്‍ അണുബാധകള്‍ പടരുന്നത് കുറയ്ക്കാന്‍ കൈകള്‍ എപ്പോഴും ശുചിയായി സൂക്ഷിക്കുന്നതിലൂടെ കഴിയും. ഇതിനാല്‍ നല്ല സമയമെടുത്ത് സോപ്പിട്ട് തന്നെ കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. കുറഞ്ഞത് ഇരുപത് സെക്കന്‍ഡുകളെങ്കിലും കൈകള്‍ കഴുകണമെന്നാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ 60 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാം.
2. മാസ്‌ക് തുടരാം
ചുറ്റും പനിയും ചുമയുമെല്ലാം പടര്‍ന്നു പിടിക്കുന്നതിനാല്‍ പൊതുസ്ഥലത്ത് മാസ്‌കുകള്‍ ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്. പ്രത്യേകിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. വീടുകളിലും തൊഴിലിടങ്ങളിലും വായുസഞ്ചാരവും ഉറപ്പാക്കുക.
3. വാക്‌സിനേഷന്‍
കോവിഡിന്റെ ജെഎന്‍.1 പോലുള്ള വകഭേദങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി തടയാന്‍ വാക്‌സിനേഷന്‍ ഒരു പരിധി വരെ സഹായിക്കും. ഫ്‌ളൂ ഷോട്ടുകളും ജലദോഷ പനി ഉള്‍പ്പെടെയുള്ള രോഗബാധ തടയുന്നതില്‍ നിര്‍ണ്ണായകമാണ്.
4. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ
ശൈത്യകാലത്ത് രോഗങ്ങള്‍ കുട്ടികളെ പെട്ടെന്ന് പിടികൂടാമെന്നതിനാല്‍ അവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ശിശുക്കളിലെ മൂക്കടപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സലൈന്‍ ഡ്രോപ്‌സും ബള്‍ബ് സിറിഞ്ചും സഹായകമാണ്. അടഞ്ഞ മൂക്കില്‍ നിന്ന് മൂക്കള നീക്കം ചെയ്യാന്‍ ഇവ ഉപയോഗിക്കാം. കുട്ടികള്‍ക്ക് പനിക്കും ചുമയ്ക്കുമൊക്കെയുള്ള മരുന്നുകളും കൈയ്യില്‍ കരുതി വയ്ക്കാം.
5. പരിശോധനയും മുഖ്യം
രോഗബാധിതരാകുന്നവര്‍ ഉടനെ പരിശോധനയ്ക്ക് വിധേയരായി കോവിഡ് മൂലമാണോ ഇന്‍ഫ്‌ളുവന്‍സ വൈറസ് മൂലമാണോ രോഗം വന്നതെന്ന് തിരിച്ചറിയേണ്ടതാണ്. വീട്ടില്‍ തന്നെ ഇരുന്ന് രോഗനിര്‍ണ്ണയം നടത്താവുന്ന ടെസ്റ്റിങ് കിറ്റുകള്‍ ലഭ്യമാണ്. രോഗം സ്ഥിരീകരിച്ചാല്‍ ഓണ്‍ലൈനിലൂടെ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാനും മറക്കരുത്.
ശരീരത്തിന്റെ പൂർണ ആരോഗ്യത്തിന് ഈ യോഗാസനം പരീക്ഷിക്കാം: വിഡിയോ