ADVERTISEMENT

ഇന്ത്യയില്‍ 12 ദശലക്ഷത്തോളം പേരെ ബാധിച്ച നേത്ര രോഗമാണ്‌ ഗ്ലോക്കോമ. കണ്ണുകളിലെ മര്‍ദ്ദം മൂലം ഒപ്‌റ്റിക്‌ നാഡികള്‍ക്ക്‌ ക്ഷതമുണ്ടാക്കുന്ന ഈ രോഗം കാഴ്‌ചയെ തന്നെ പൂര്‍ണ്ണമായും കവര്‍ന്നെടുക്കാം. ആദ്യ ഘട്ടങ്ങളില്‍ പ്രത്യേകിച്ചു ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത ഈ രോഗം നിശ്ശബ്ദമായി പുരോഗമിച്ചു കാഴ്‌ച ശക്തി പൂര്‍ണ്ണമായും നശിപ്പിക്കാം. 

സാധാരണ ഗതിയില്‍ കണ്ണുകള്‍ക്കുള്ളില്‍ 11 മുതല്‍ 21 എംഎംഎച്ച്‌ജി മര്‍ദ്ദമാണ്‌ ഉണ്ടാകാറുള്ളത്‌. അക്യുവസ്‌ ഹ്യൂമര്‍ എന്ന ദ്രാവകമാണ്‌ ഈ മര്‍ദ്ദത്തെ നിലനിര്‍ത്തുന്നത്‌. ഈ ദ്രാവകം ഐറിസിന്‌ പിന്നിലുള്ള ഭാഗത്ത്‌ തുടര്‍ച്ചയായി നിര്‍മ്മിക്കപ്പെടുകയും ഐറിസും കോര്‍ണിയയും സന്ധിക്കുന്ന ഭാഗത്തെ ചാലുകളിലൂടെ കണ്ണുകളില്‍ നിന്ന്‌ പുറത്തേക്ക്‌ പോകുകയും ചെയ്യുന്നു. ഈ ദ്രാവകത്തിന്റെ ഒഴുക്കിനെ ബാധിക്കുന്ന എന്തും കണ്ണിനുള്ളിലെ മര്‍ദ്ദം ഉയരാന്‍ കാരണമാകും. ഈ മര്‍ദ്ദത്തില്‍ ഉണ്ടാകുന്ന താളപ്പിഴകളാണ്‌ ഒപ്‌റ്റിക്‌ നാഡിയെ ബാധിച്ച്‌ ഗ്ലോക്കോമയിലേക്ക്‌ നയിക്കുന്നത്‌. 

Photo Credit: eternalcreative/ Istockphoto
Photo Credit: eternalcreative/ Istockphoto

പ്രധാനമായും നാലുതരത്തിലുള്ള ഗ്ലോക്കോമയുണ്ട്‌. പ്രത്യേകിച്ച്‌ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതും നേത്രപരിശോധനയില്‍ മാത്രം കണ്ടെത്താന്‍ കഴിയുന്നതുമായ ഗ്ലോക്കോമയാണ്‌ ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ. കണ്ണിനുള്ളിലും കണ്ണുകള്‍ക്ക്‌ ചുറ്റും ഭാരം, തലവേദന, കാഴ്‌ചപരിധിയിലുള്ള ചില ഭാഗങ്ങള്‍ കാണാനുള്ള ശേഷിക്കുറവ്‌ എന്നിവ ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയുടെ ലക്ഷണങ്ങളാണ്‌. ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയില്‍ വളരെ പതിയെയാണ്‌ മര്‍ദ്ദം വര്‍ദ്ധിക്കാറുള്ളത്‌. 

അക്യുവസ്‌ ഹ്യൂമര്‍ ദ്രാവകത്തിന്റെ ഒഴുക്ക്‌ പെട്ടെന്ന്‌ നിലയ്‌ക്കുകയും കണ്ണുകള്‍ക്കുള്ളിലെ മര്‍ദ്ദം വളരെ പെട്ടെന്ന്‌ വര്‍ദ്ധിക്കുകയും ചെയ്യുന്ന തരം ഗ്ലോക്കോമയാണ്‌ ക്ലോസ്‌ഡ്‌ ആംഗിള്‍ അഥവാ നാരോ ആംഗിള്‍ ഗ്ലോക്കോമ. കണ്ണുകളില്‍ ചുവപ്പ്‌, കടുത്ത വേദന, തലവേദന, ലൈറ്റ്‌ ബള്‍ബുകളിലേക്ക്‌ നോക്കുമ്പോള്‍ അതിനു ചുറ്റും നിറമുള്ള വലയങ്ങള്‍ പ്രത്യക്ഷമാകല്‍ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്‌. മങ്ങിയ വെളിച്ചത്തില്‍ ഈ ലക്ഷണങ്ങള്‍ രൂക്ഷമാകും. 

പരുക്ക്‌, അണുബാധ, കണ്ണുകളിലെ ട്യൂമര്‍, പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ മൂലം വരുന്ന ഗ്ലോക്കോമയാണ്‌ സെക്കന്‍ഡറി ഗ്ലോക്കോമ. ജന്മനാ തന്നെ അക്യുവസ്‌ ഹ്യൂമറിന്റെ പുറത്തേക്കുള്ള ചാലുകള്‍ ശരിയായി രൂപപ്പെടാത്ത അവസ്ഥയാണ്‌ കണ്‍ജെനിറ്റല്‍ ഗ്ലോക്കോമ. കണ്ണുകള്‍ക്ക്‌ മുന്നില്‍ മൂടല്‍, ഒരു കണ്ണിനോ രണ്ട്‌ കണ്ണുകള്‍ക്കുമോ ഉള്ള വീര്‍ക്കല്‍, വെളിച്ചത്തോടുള്ള സംവേദനത്വം എന്നിവയാണ്‌ ലക്ഷണങ്ങള്‍. 

Photo credit :  Robert Przybysz / Shutterstock.com
Photo credit : Robert Przybysz / Shutterstock.com

പ്രമേഹ രോഗികള്‍, മയോപ്പിയക്കും ഹൈപ്പര്‍മെട്രോപിയക്കും കണ്ണട ഉപയോഗിക്കുന്നവര്‍, സ്‌റ്റിറോയ്‌ഡ്‌ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, കുടുംബത്തില്‍ ഗ്ലോക്കോമയുള്ളവര്‍, തൈറോയ്‌ഡ്‌ പ്രശ്‌നങ്ങളുള്ളവര്‍, നേത്ര രോഗങ്ങളുള്ളവര്‍, കണ്ണിന്‌ പരുക്കേറ്റവര്‍ എന്നിവര്‍ക്കെല്ലാം ഗ്ലോക്കോമ സാധ്യത അധികമാണ്‌. 

കണ്ണിലെ മര്‍ദ്ദം സാധാരണ തോതിലേക്ക്‌ എത്തിക്കാനുള്ള ചികിത്സയാണ്‌ ഡോക്ടര്‍മാര്‍ നല്‍കാറുള്ളത്‌. ഓരോ വ്യക്തിക്കും ഈ സാധാരണ തോതില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം. കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നുകള്‍ കൊണ്ടോ മറ്റ്‌ മരുന്നുകള്‍ കൊണ്ടോ ലേസര്‍ ചികിത്സ കൊണ്ടോ ഇത്‌ സാധ്യമാക്കാം. കണ്ണിലെ സമ്മര്‍ദ്ധം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഗ്ലോക്കോമ ശസ്‌ത്രക്രിയയും വേണ്ടി വരാറുണ്ട്‌. 

കണ്ണിന്റെ ആരോഗ്യം നിലനിർത്താം: വിഡിയോ

English Summary:

Symptoms and Reasons of Glaucoma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com