സെർവിക്കൽ കാൻസറിനു കാരണം ലൈംഗികബന്ധമോ? തെറ്റിദ്ധാരണകൾ അകറ്റാം
Mail This Article
മനുഷ്യരാശി ഭയത്തോടെ കാണുന്ന രോഗമാണ് കാൻസർ. അതിന്റെ ചികിത്സയ്ക്ക് സാധ്യമായ പുതുവഴികൾ തേടിക്കൊണ്ടിരിക്കുകയാണ് വൈദ്യശാസ്ത്രം. സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറുകളിലൊന്നായ സെർവിക്കൽ കാൻസറിനെ ഭൂമുഖത്തു നിന്നുതന്നെ തുടച്ചുമാറ്റാനുള്ള ശ്രമത്തിലാണ് വൈദ്യശാസ്ത്രവും ലോകവും. അതിനെ ഇല്ലാതാക്കാൻ ഒരു വാക്സീന്റെ ഫലപ്രദമായ ഉപയോഗം മതിയാകും. ലോകാരോഗ്യ സംഘടനയുടെ 90-70-90 ഫോർമുല 2030 ഓടെ സെർവിക്കൽ കാൻസർ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. 90 ശതമാനം പെൺകുട്ടികൾക്ക് 15 വയസ്സിനുള്ളിൽ വാക്സീൻ നൽകുക, 70 ശതമാനം സ്ത്രീകളിൽ നേരത്തേ സ്ക്രീനിങ് നടത്തുക, രോഗം ബാധിച്ച 90 ശതമാനം പേർക്ക് കൃത്യമായ ചികിത്സ നൽകുക എന്നാണ് ഫോർമുല ഉദ്ദേശിക്കുന്നത്. ലൈംഗികബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപ്പിലോമ എന്ന വൈറസാണ് സെർവിക്കൽ കാൻസറിന് കാരണമാകുന്നത്. എന്നാൽ, മറ്റു കാൻസറുകളെ പോലെ സെർവിക്കൽ കാൻസറിനെപ്പറ്റിയും പല തെറ്റിദ്ധാരണകളുമുണ്ട്. അവയുടെ സത്യാവസ്ഥ എന്തെന്നു നോക്കാം.
തെറ്റിദ്ധാരണ 1: ലൈംഗികത്തൊഴിലാളികൾക്ക് മാത്രമേ സെർവിക്കൽ കാൻസർ വരൂ
ഭൂരിഭാഗം സർവിക്കൽ കാൻസറിനും കാരണക്കാരൻ ഹ്യൂമൻ പാപ്പിലോമ എന്ന വൈറസാണ്. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു മാത്രം പകരുന്ന വൈറസാണ് ഹ്യൂമൻ പാപ്പിലോമ. ലൈംഗികപങ്കാളിയിൽ നിന്നാണ് ഈ വൈറസ് പകരുന്നത്. ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ടാകുക എന്നത് ഈ വൈറസ് ബാധിക്കുന്നതിന്റെ സാധ്യത വർധിപ്പിക്കുന്നു. അതിനാൽ ലൈംഗിക തൊഴിലാളികൾക്ക് ഈ വൈറസ് ബാധിക്കുന്നത് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാകാം. അതിനർഥം സാധാരണ ലൈംഗിക ജീവിതം നയിക്കുന്നവരെ ഈ വൈറസ് ബാധിക്കില്ല എന്നല്ല. കുറഞ്ഞ രോഗപ്രതിരോധ ശേഷിയും സ്വകാര്യഭാഗങ്ങളിൽ ആവശ്യത്തിന് ശുചിത്വം ഇല്ലാത്തതും ഈ വൈറസ് ബാധിക്കാനിടയാക്കാം. രോഗപ്രതിരോധ ശേഷി കുറഞ്ഞാൽ വൈറസ് ശരീരത്തിൽ നിലനിൽക്കുകയും കാലക്രമേണ സെർവിക്കൽ കാൻസറിലേക്ക് നീങ്ങാനുള്ള സാധ്യത ഉണ്ടാകുകയും ചെയ്യും.
തെറ്റിദ്ധാരണ 2: 18 വയസ്സിനു മുമ്പാണ് സെർവിക്കൽ കാൻസർ പിടിപെടുക
ലൈംഗികശുചിത്വം പാലിക്കാത്ത ആരിലും ഹ്യൂമൻ പാപ്പിലോമ വൈറസ് വരാം. ലൈംഗികജീവിതം സജീവമായ കാലഘട്ടത്തിലാണ് വൈറസിന്റെ പ്രവർത്തനം. അതിനാൽ ചെറുപ്പക്കാരിലാണ് ഈ വൈറസ് അതിവേഗം പിടിമുറുക്കുക. നേരത്തേ ലൈംഗികജീവിതം ആരംഭിക്കുന്നതും വൈറസ് ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. 18 വയസ്സിനും 25 വയസ്സിനും ഇടയിലാണ് ലൈംഗികരോഗം കൂടുതൽ കാണുന്നത്. എന്നാൽ, പത്ത് മുതൽ 15 വരെ വർഷം എടുത്താണ് വൈറസ് കോശങ്ങളിൽ രൂപമാറ്റം വരുത്തുന്നത്. അതിനാൽ, വൈറസ് ബാധിച്ച് വർഷങ്ങൾ കഴിഞ്ഞേ അത് കാൻസറായി മാറുകയുള്ളൂ.
തെറ്റിദ്ധാരണ 3 : സെർവിക്കൽ കാൻസർ ചികിത്സിക്കേണ്ടതില്ല
ഹ്യൂമൻ പാപ്പിലോമ വൈറസ് 90 ശതമാനം പേരിലും രണ്ടു വർഷത്തിനകം ശരീരത്തിൽനിന്ന് ഇല്ലാതാകും. ബാക്കിയുള്ള 10 ശതമാനത്തിൽ വൈറസ് മാത്രമേ ശരീരത്തിൽ പിടിമുറുക്കുന്നുള്ളൂ. ആ വൈറസ് കാലങ്ങളെടുത്ത് ശരീരകോശങ്ങളിൽ മാറ്റം വരുത്തും. ഈ കാലയളവിനുള്ളിൽ തന്നെ ശരീരത്തിൽ വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയാറുണ്ട്. അതുകൊണ്ട് കാൻസറായി മാറുന്നതിന് മുമ്പ് തന്നെ വൈറസിനെ ഇല്ലായ്മ ചെയ്യാൻ വൈദ്യസഹായത്തോടെ സാധ്യമാണ്. സെർവിക്കൽ കാൻസറായി മാറാനുള്ള സാധ്യത വളരെ കുറവാണെങ്കിലും ബാധിച്ചുകഴിഞ്ഞാൽ നിത്യജീവിതം പോലും ബുദ്ധിമുട്ടിലാക്കുന്ന രോഗമാണിത്. മറ്റ് കാൻസറുകൾക്കുള്ളതുപോലെ ചികിത്സ സെർവിക്കൽ കാൻസറിനുമുണ്ട്. ശസ്ത്രക്രിയ അടക്കം നൂതന ചികിത്സകൾ ലഭ്യമാണ്.
തെറ്റിദ്ധാരണ 4: സെർവിക്കൽ കാൻസർ മാറാൻ വാക്സീൻ മതി
സെർവിക്കൽ കാൻസർ മാറാനല്ല, തടയാനാണ് വാക്സീൻ. കൃത്യമായ വാക്സീൻ കൊണ്ട് പാപ്പിലോമ വൈറസ് ശരീരത്തിൽ പ്രവർത്തിക്കുന്നത് തടയാനാകും. സെർവിക്കൽ കാൻസറിന്റെ പ്രധാന കാരണക്കാരൻ ഈ വൈറസ് ആണ്. വാക്സീൻ ആദ്യത്തെ ലൈംഗികബന്ധത്തിനു മുൻപു തന്നെ, 9 വയസ്സ് മുതൽ14 വയസ് വരെയുള്ള കുട്ടികൾക്ക് നൽകിയാൽ വൈറസ് ബാധിക്കുന്നത് തടയാനാകും. വാക്സീനോടൊപ്പം തന്നെ 25 വയസിനു ശേഷം ജീവിതത്തിൽ ഒരിക്കലെങ്കിലും സ്ത്രീകൾ കൃത്യമായ സ്ക്രീനിങ് നടത്തേണ്ടതും അത്യാവശ്യമാണ്.
തെറ്റിദ്ധാരണ 5: സെർവിക്കൽ കാൻസർ പടരില്ല
മറ്റു കാൻസറുകളെപ്പോലെ തന്നെ ശരീരം മുഴുവൻ പടരാൻ സാധ്യതയുള്ള രോഗമാണ് സെർവിക്കൽ കാൻസറും. എന്നാൽ, കാൻസറാകുന്നതിന് മുൻപു തന്നെ ഇത് കണ്ടെത്താനാകുന്നു എന്നത് വൈദ്യശാസ്ത്രത്തിന്റെ നേട്ടമാണ്. വർഷങ്ങളെടുത്താണ് കോശങ്ങളിൽ വൈറസ് മാറ്റമുണ്ടാക്കുന്നത്. നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ വൈറസ് കോശങ്ങളിൽ മാറ്റമുണ്ടാക്കുന്നതും അത് കാൻസർ ആകുന്നതും ഇല്ലാതാക്കാം.
(കൊച്ചി അമൃത ആശുപത്രിയിലെ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവിയും ക്ലിനിക്കൽ പ്രഫസറുമാണ് ലേഖിക.)
നെഞ്ചുവേദന അനുഭവപ്പെട്ടാൽ ആദ്യം എന്തു ചെയ്യണം: വിഡിയോ