ADVERTISEMENT

നാടു മുഴുവൻ കൊതുകാണ്; ഒപ്പം ഡെങ്കിപ്പനിയും. രണ്ടാമതും ഡെങ്കി (Dengue Fever) ബാധിച്ചു ഗുരുതരമായി ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്ന ഡോക്ടർ ആൽവിൻ ആന്റണി പറയുന്നു: ‘ഡെങ്കി പടർന്നു പിടിക്കുന്ന സമയമാണ്. സൂക്ഷിക്കണം’. പനി തുടങ്ങി പിറ്റേന്നു ഡോക്ടർ ആശുപത്രിയിലായി. ആദ്യത്തെ ദിവസം പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം 2 ലക്ഷമുണ്ട്. അതു സാധാരണനിലയാണ്. പക്ഷേ, ഡെങ്കി രണ്ടാമതാണു വരുന്നതെന്നതിനാൽ ആശുപത്രിയിൽ കിടത്തി ചികിത്സയിൽ പ്രവേശിപ്പിച്ചു. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഇരുപതിനായിരത്തിൽ താഴെയായതോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. വയറ്റിൽ രക്തസ്രാവത്തിന്റെ സൂചനകൾ കണ്ടെത്തിയതോടെ രക്തം കയറ്റേണ്ടി വന്നു. 10 ദിവസത്തിനു ശേഷമാണു രോഗം ഭേദമായി ആശുപത്രി വിട്ടത്. 

Zica virus aedes aegypti mosquito on human skin - Dengue, Chikungunya, Mayaro, Yellow fever
Representative Image. Photo Credit : Tacio Philip Sansonovski / Shutterstock.com


രക്തം കട്ടപ്പിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിനാൽ ആന്തരിക രക്തസ്രാവത്തിലേക്കു നീങ്ങുമെന്നതാണു ഡെങ്കി ഗുരുതരമാകുമ്പോഴുള്ള പ്രശ്നം. സാധാരണ ഒരാളിൽ 1–3 ലക്ഷം പ്ലേറ്റ്‌ലെറ്റുകളുണ്ടാകും. ഡെങ്കി ബാധിതരിൽ ഇതു ക്രമാതീതമായി കുറയും. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം പതിനായിരത്തിൽ താഴെയെത്തിയാൽ ആന്തരിക രക്തസ്രാവമുണ്ടാകും. ഡെങ്കി ഹെമറേജിക് ഫീവർ എന്ന അവസ്ഥയിൽ രോഗിക്കു മരണം വരെയുണ്ടാകും. രക്തം കയറ്റി പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടുകയാണു പോംവഴി. ശരീരത്തിൽ ചുവന്ന നിറത്തിലുള്ളള പാടുകളുണ്ടാകുന്നതു പ്ലേറ്റ്‌ലെറ്റ് കുറയുന്നതിന്റെ സൂചനയാണ്. കൊതുകു വളരാനുള്ള സാഹചര്യമുള്ള സ്ഥലങ്ങളിൽ എപ്പോൾ വേണമെങ്കിലും ഡെങ്കിപ്പനി പടർന്നു പിടിക്കാം. കൊതുകിന്റെ കടിയേറ്റ് 2–3 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. കടുത്ത പനിയും നടുവിന്റെ അടിഭാഗത്ത് ഉൾപ്പെടെ ശക്തമായ ശരീരവേദനയുമാണു ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണം. ചിലരിൽ ഛർദിയും വയറുവേദനയുമുണ്ടാകും. ചുമയും കഫക്കെട്ടും പൊതുവേയുണ്ടാകില്ല.

Patient in hospital therapy recovery on bed room blood donation and saline bag drip fluid machine for serious diagnosed coma emergency sick case, thalassemia treatment, cancer chemotherapy, surgery
Representative Image. Photo Credit : Chan2545 / Shutterstock.com

ആദ്യത്തെ തവണ ഡെങ്കി വരുമ്പോൾ 3–4 ദിവസം പനിച്ചാൽ അതു മാറും. 2–3 ദിവസം പനി മാറാതെ നിൽക്കുകയും കടുത്ത ശരീരവേദനയുമുണ്ടെങ്കിൽ ഡെങ്കിപ്പനിയാണെന്നു സംശയിക്കണം. ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി ഡെങ്കി പരിശോധന നടത്തണം. ഡെങ്കി വൈറസുകൾ 4 വ്യത്യസ്ത തരത്തിലുണ്ട്. ഒരിക്കൽ ബാധിച്ച വൈറസല്ല പിന്നീടു ബാധിക്കുക. അതിനാൽ രണ്ടാമതു ഡെങ്കി ബാധയുണ്ടാകുമ്പോൾ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തീവ്രമായി പ്രതികരിക്കും. അതാണു രണ്ടാമതും ഡെങ്കി ബാധിക്കുമ്പോൾ രോഗം ഗുരുതരമാകുന്നത്.

(വിവരങ്ങൾ: ഡോ. ആൽവിൻ ആന്റണി, അസി. പ്രഫസർ, കമ്യൂണിറ്റി മെഡിസിൻ, എറണാകുളം ഗവ. മെഡിക്കൽ കോളജ്)

ശാരീരികോൻമേഷത്തിന് അർധകടി ചക്രാസന - വിഡിയോ

English Summary:

Dengue scare: Why second infection is deadlier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com