മധുരപാനീയങ്ങൾ സ്ഥിരമായി കുടിക്കുന്ന സ്ത്രീയാണോ നിങ്ങൾ? കരൾ അർബുദത്തെ കരുതണം
Mail This Article
നിത്യവും മധുരപാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകളില്‍ കരള്‍ അര്‍ബുദവും ക്രോണിക് ഹെപ്പറ്റൈറ്റിസും ഉണ്ടാകാനുള്ള സാധ്യത അധികമാണെന്നു പഠനം. ആര്‍ത്തവവിരാമം സംഭവിച്ച ഒരു ലക്ഷം സ്ത്രീകളില്‍ 20 വര്‍ഷം കൊണ്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
അമേരിക്കയിലെ ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലാണ് പഠനം നടത്തിയത്. അധിക അളവില്‍ പഞ്ചസാരയും കൃത്രിമ അഡിറ്റീവുകളും ഉയര്‍ന്ന തോതില്‍ ഫ്രക്ടോസ് ചേര്‍ന്ന കോണ്‍ സിറപ്പും അടങ്ങിയ മധുരപാനീയങ്ങള്‍ കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനറിപ്പോര്‍ട്ട് പറയുന്നു.
പഞ്ചസാരയുടെ ചയാപചയത്തില്‍ (metabolism) നിര്‍ണ്ണായക പങ്കാണ് കരള്‍ നിര്‍വഹിക്കുന്നത്. എന്നാല്‍ മധുര പാനീയങ്ങളിലെ അമിതമായ തോതിലുള്ള പഞ്ചസാരയെത്തുമ്പോള് ഈ ഫ്രക്ടോസ് കൊഴുപ്പായി മാറുന്നു. ഇത് കരള്‍ കോശങ്ങളില്‍ കൊഴുപ്പടിയുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മധുരപാനീയങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം ഫാറ്റി ലിവര്‍ രോഗം രൂക്ഷമാക്കുകയും നോണ്‍ ആല്‍ക്കഹോളിക് സ്റ്റിയോഹെപ്പറ്റൈറ്റിസ്, ലിവര്‍ സിറോസിസ്, കരള്‍ അര്‍ബുദം പോലുള്ള സങ്കീര്‍ണ്ണതകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
മധുര പാനീയങ്ങളുടെ ഉപയോഗം ഭാരവർധന, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഇനാമലിന്റെ നാശം, പല്ലുകളില്‍ പോട്, കേട് എന്നിവയ്ക്കും കാരണമാകാം. ഫോസ്ഫോറിക് ആസിഡ് അടങ്ങിയ മധുരപാനീയങ്ങള്‍ ശരീരത്തിന്റെ കാല്‍സ്യം ആഗീരണത്തെ ബാധിച്ച് എല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കാം. അമിതമായി പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് പകരം ഇളനീര്, ഹെര്‍ബല്‍ ടീ പോലുള്ള ബദലുകള്‍ തേടേണ്ടതാണ്.
നല്ല ഭക്ഷണം കഴിച്ച് ആരോഗ്യം സംരക്ഷിക്കാം: വിഡിയോ