പ്രായം 60 കടന്നോ? ആശങ്കകൾ വേണ്ട, ക്ഷേമം ഉറപ്പാക്കാൻ പദ്ധതികളുണ്ട്
Mail This Article
മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ മുഖേനയും തദ്ദേശ സ്ഥാപനങ്ങൾ വഴിയുമാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
അടൽ വയോ അഭ്യുദയ് യോജന
മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ഒരു കുടക്കീഴിലാക്കുന്നതിനാണ് അടൽ വയോ അഭ്യുദയ് യോജന നിലവിൽ വന്നത്. ഭക്ഷണം, വെള്ളം, പാർപ്പിടം, വസ്ത്രം, ആരോഗ്യം, സാമ്പത്തിക സാമൂഹിക സുരക്ഷ എന്നിവയുള്ള പൗരസമൂഹം സൃഷ്ടിക്കുക, വിനോദത്തിനും സ്വയം ശാക്തീകരണത്തിനും ആവശ്യമായ അവസരങ്ങളും വിഭവങ്ങളും സാമൂഹിക പിന്തുണയോടു കൂടി ഉറപ്പാക്കുക എന്നിവയാണ് മുഖ്യലക്ഷ്യങ്ങൾ.
വിവരങ്ങൾക്ക്: https://socialjustice.gov.in/schemes/43
പ്രധാന പദ്ധതികൾ
∙തൊഴിൽ നേടാൻ സേക്രഡ് പോർട്ടൽ
തൊഴിലവസരങ്ങൾ തേടുന്ന മുതിർന്ന പൗരൻമാരെ സഹായിക്കാൻ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം ആരംഭിച്ച ഓൺലൈൻ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോം ആണ് സേക്രഡ് (Senior Able Citizens for Re-Employment in Dignity) പോർട്ടൽ.
തൊഴിൽദാതാക്കളെയും തൊഴിലന്വേഷിക്കുന്ന മുതിർന്ന പൗരൻമാരെയും ലക്ഷ്യമിട്ടുള്ള പോർട്ടലാണിത്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് തൊഴിലവസരങ്ങൾ കണ്ടെത്താം.
വിവരങ്ങൾക്ക്: www.sacred.dosje.gov.in
∙സ്ഥാപനങ്ങൾക്ക് ഗ്രാന്റ്
ഭക്ഷണം, പാർപ്പിടം, ആരോഗ്യ പരിചരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കി മുതിർന്ന പൗരൻമാർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കുകയും മികച്ച പുനരധിവാസം നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഗ്രാന്റ് നൽകുന്ന പദ്ധതിയാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഫോർ സീനിയർ സിറ്റിസൻസ്.
വിവരങ്ങൾക്ക്: http://www.grants-msje.gov.in\
∙വോക്കിങ് സ്റ്റിക്കും ക്രച്ചസും
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരൻമാരിൽ വാർധക്യ സംബന്ധമായ വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ജീവനോപകരണങ്ങൾ നൽകുന്ന പദ്ധതിയാണ് രാഷ്ട്രീയ വയോശ്രീ യോജന. ഈ പദ്ധതി പ്രകാരം വോക്കിങ് സ്റ്റിക്, വോക്കർ, ക്രച്ചസ്, ശ്രവണ സഹായി, വീൽചെയർ, കൃത്രിമ പല്ല്, കണ്ണട എന്നിവ നൽകി വരുന്നു. പൊതുമേഖലാ സ്ഥാപനമായ ആർട്ടിഫിഷ്യൽ ലിംബ്‌സ് മാനുഫാക്ച്വറിങ് കോർപറേഷൻ ഓഫ് ഇന്ത്യ (ALIMCO)വഴി സൗജന്യമായാണ് ഇവ ലഭ്യമാക്കുന്നത്. സീനിയർ സിറ്റിസൻസ് വെൽഫെയർ ഫണ്ടിൽ നിന്നാണ് പദ്ധതിക്ക് ധനസഹായം.
വിവരങ്ങൾക്ക്: https://alimco.in/ProductsSrCitizen,https://grants-msje.gov.in/
(വിവരങ്ങൾക്ക് കടപ്പാട്: സംസ്ഥാന സാമൂഹികനീതി വകുപ്പ്)
വെള്ളം കുടിയും കിഡ്നി രോഗങ്ങളും: വിഡിയോ