ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് ബ്രാ എങ്ങനെ തിരഞ്ഞെടുക്കാം
Mail This Article
വ്യായാമത്തേക്കാള്‍ പലപ്പോഴും കഠിനമാണ് വ്യായാമത്തിനാവശ്യമായ ഒരു സ്‌പോര്‍ട്‌സ് ബ്രാ കണ്ടെത്താന്‍ എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല. എല്ലാ വര്‍ക്ക് ഔട്ടിനും പറ്റിയ ഒരു സ്‌പോര്‍ട്‌സ് ബ്രാ കിട്ടാനില്ല എന്നതുതന്നെ കാരണം. ജിം വര്‍ക്ക് ഔട്ട് , ഓട്ടം, കായിക ഇനങ്ങള്‍, മലകയറ്റം, യോഗ എന്നിങ്ങനെ ഓരോ പ്രവൃത്തിക്കും പല തരത്തിലുള്ള ചലനങ്ങളാണ് സ്തനങ്ങള്‍ക്ക് സംഭവിക്കുക. ഇതിനനുസരിച്ച് സ്‌പോര്‍ട്‌സ് ബ്രായും മാറണം. അനുയോജ്യമല്ലാത്ത സ്‌പോര്‍ട്‌സ് ബ്രാ വാങ്ങുന്നത് വര്‍ക്ക് ഔട്ടിനെ ബാധിക്കാറുണ്ടെന്ന് ഇതുപയോഗിക്കുന്ന മൂന്നിലൊന്ന് സ്ത്രീകളും അഭിപ്രായപ്പെടുന്നു. ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് ബ്രാ തിരഞ്ഞെടുക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും.
1. ചാടി നോക്കാം
സ്‌പോര്‍ട്‌സ് ബ്രാ ധരിച്ച ശേഷം ഫിറ്റിങ് റൂമില്‍ത്തന്നെ ഒന്ന് രണ്ട് സ്റ്റാര്‍ ജംപ് ചെയ്തു നോക്കണം. കാല്‍മുട്ടുകള്‍ മടക്കി കാലുകള്‍ കാല്‍പത്തികളില്‍ തൊട്ട് കുന്തിച്ചിരുന്ന ശേഷം കൈകളും കാലുകളും വിടര്‍ത്തിക്കൊണ്ട് മുകളിലേക്ക് ചാടുന്ന രീതിയാണ് സ്റ്റാര്‍ ജംപ്. ഇങ്ങനെ ചെയ്യുമ്പോള്‍ സ്‌പോര്‍ട്‌സ് ബ്രാ മുകളിലേക്ക് നീങ്ങുന്നില്ലെങ്കില്‍ അത് നല്ലതാകാനാണ് സാധ്യത.
2. വിരലുകള്‍ വച്ച് നോക്കാം
ബ്രാ ധരിച്ച ശേഷം നിങ്ങളുടെ രണ്ടോ അതിലധികമോ വിരലുകള്‍ നെഞ്ചിനും ബ്രായ്ക്കും ഇടയില്‍ തിരുകാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ആ ബ്രാ കൂടുതല്‍ അയഞ്ഞതും ചര്‍മ്മത്തില്‍ ഉരസി ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണെന്ന് കരുതാം. ഇത്തരം ബ്രാകള്‍ ഒഴിവാക്കണം.
3. ഒരേ നിരപ്പില്‍ ആകണം
സ്‌പോര്‍ട്‌സ് ബ്രായുടെ താഴത്തെ ബാന്‍ഡ് ശരീരത്തിന് ചുറ്റും ഒരേ നിരപ്പിലായിരിക്കണം. പിന്നില്‍ അത് മുകളിലേക്ക് കയറി ഇരുന്നാല്‍ അതിലും ചെറിയ വലുപ്പത്തിലുള്ളതു വേണമെന്ന് മനസ്സിലാക്കാം.
4. കൃത്യമായ സപ്പോര്‍ട്ട്
ഓരോ തരം വര്‍ക്ക് ഔട്ടിനും ആവശ്യമായ സപ്പോര്‍ട്ട് സ്തനങ്ങള്‍ക്ക് നല്‍കുന്ന സ്‌പോര്‍ട്‌സ് ബ്രാ വേണം തിരഞ്ഞെടുക്കാന്‍. യോഗ, മലകയറ്റം, പാഡ്‌ലിങ് പോലുളളവയ്ക്ക് ലോ ഇംപാക്ട് ബ്രാകളും നടത്തം, റോഡ് ബൈക്കിങ്, സ്‌കീയിങ് പോലുള്ളവയ്ക്ക് മീഡിയം ഇംപ്കാട് ബ്രാകളും ഓട്ടം, മൗണ്ടന്‍ ബൈക്കിങ് പോലുള്ളവയ്ക്ക് ഹൈ ഇംപാക്ട് ബ്രാകളുമാണ് വേണ്ടത്.
സ്‌പോര്‍ട്‌സ് ബ്രാ വാങ്ങുമ്പോള്‍ മാത്രമല്ല അതിന്റെ പരിചരണത്തിലും ശ്രദ്ധ ആവശ്യമാണ്. കഴിവതും കൈകൊണ്ട് കഴുകുന്നതാണ് നല്ലത്. മെഷീനില്‍ തന്നെ കഴുകണമെന്നുള്ളവര്‍ മെഷ് ബാഗിലിട്ട് തണുത്ത വെള്ളത്തില്‍ കഴുകി എടുക്കുക. ഡ്രയര്‍ ഒഴിവാക്കുക. ചൂട് ഈ ബ്രായുടെ ഇലാസ്റ്റിക് സ്വഭാവത്തെ ബാധിക്കും.