ഫ്രഞ്ച് ടോസ്റ്റ്, തക്കാളി ചമ്മതി...; കരൾ രോഗികൾക്കും ഇനി പുതുരുചി
Mail This Article
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരൾ. രാസപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കരളിനെ ‘ശരീരത്തിലെ വർക്ക്ഷോപ്പ്’ എന്നാണു വിശേഷിപ്പിക്കുന്നത്. അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയുടെ ഉപാപചയത്തിന്റെ നിയന്ത്രണവും വിഷവസ്തുക്കളുടെ പുറംതള്ളലും കരളിന്റെ മുഖ്യ ജോലികളാണ്. പ്ലാസ്മയിലുള്ള ആൽബുമിൻ, ആൽഫാഗ്ലോബുലിൻ, ലിപ്പോപ്രോട്ടീൻസ്, ട്രാൻസ്ഫെറിൻ, ഹോർ മോണുകള്‍ എന്നിവയുടെ ഉൽപാദനവും, ജീവകങ്ങളും, ഗ്ലൂക്കോസിന്റെ ശേഖരങ്ങളും കരളിന്റെ മറ്റു ധർമ്മങ്ങളാണ്. കൊളസ്ട്രോൾ സ്റ്റീറോയ്ഡ് ഹോർമോണുകള്‍, ബൈൽ സാൾട്ടുകൾ, നാം കഴിക്കുന്ന മരുന്നുകളുടെ അവശിഷ്ടങ്ങൾ ഇവയൊക്കെ കരൾ പുറംതള്ളുന്നു. രക്താണുക്കളുടെ ഉൽപാദനവും കരളിൽ നടക്കുന്നുണ്ട്. ഇത്രയും പ്രാധാന്യമുള്ള കരളിന്റെ ആരോഗ്യം മദ്യപാനം മൂലവും, അശ്രദ്ധമായ ജീവിതശൈലി മൂലവും പകർച്ചവ്യാധി മൂലവും നശിപ്പിക്കാതിരിക്കേണ്ടതു നമ്മുടെ ധർമമാണ്. ശരീരത്തിലെ ‘കെമിക്കല്‍ ഫാക്ടറി’ എന്നു കൂടി കരളിനെ വിശേഷിപ്പിക്കാറുണ്ട്. കരളിലുണ്ടാകുന്ന രോഗങ്ങളെ വളരെ ഗൗരവപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ പില്‍ക്കാലത്തു ഗുരുതരമായ ആരോഗ്യപ്രശ്നമായി മാറും. ഫാറ്റിലിവർ, ലിവർ സിറോസിസ്, മഞ്ഞപ്പിത്തം എന്നിവയാണു സാധാരണ ഉണ്ടാകുന്ന രോഗങ്ങൾ.
മഞ്ഞപ്പിത്തരോഗിക്കു നൽകാവുന്ന ഭക്ഷണങ്ങൾ
ഹെപ്പറ്റൈറ്റിസ് എ, ബി എന്നീ വൈറസുകളാണ് മഞ്ഞപ്പിത്തം ഉണ്ടാക്കുന്നത്. ശ്രദ്ധിക്കാതിരുന്നാൽ മഞ്ഞപ്പിത്തം വീണ്ടും കഠിനമായി വന്നു കരളിനെ സ്ഥായിയായി നശിപ്പിക്കുന്നു. ധാരാളം ഊർജം, അന്നജം, മാംസ്യാംശം, ജീവകങ്ങൾ എന്നിവ നൽകണം. എന്നാൽ കൊഴുപ്പിന്റെ അംശം കുറയ്ക്കണം. എളുപ്പം ദഹിക്കുന്ന തരത്തിൽ കുറുക്കുകൾ, ധാന്യവിഭവങ്ങൾ, മൃദുവായ ചപ്പാത്തി, കിഴങ്ങു വർഗങ്ങൾ ഉടച്ചത്, പഴസത്തുക്കൾ എന്നിവ നൽകാം. പയറുവർഗങ്ങൾ, മുട്ട, മാംസം, മത്സ്യം, നെയ്യ്, എണ്ണ ചേർത്ത വിഭവങ്ങൾ, പർപ്പടകം, പാൽ എന്നിവയും ഒഴിവാക്കണം. എന്നാൽ പാടമാറ്റിയപാൽ ഉപയോഗിക്കാം.
ഫ്രഞ്ച് ടോസ്റ്റ്
ചേരുവകൾ
1. റൊട്ടി - രണ്ടു കഷണം
2. പാട മാറ്റിയ പാൽ - അര കപ്പ്
3. പഞ്ചസാര - ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
പാട മാറ്റിയ പാലിൽ പഞ്ചസാര ചേർത്തു കലക്കുക. ദോശച്ചട്ടി ചൂടാകുമ്പോൾ ഒരു സവാള മുറിച്ചു തേച്ചു ദോശച്ചട്ടി മൃദുവാക്കുക. റൊട്ടി പാലിൽ മുക്കി ചെറിയ തീയിൽ ദോശക്കല്ലിൽ ഇട്ടു തിരിച്ചും മറിച്ചും പാകപ്പെടുത്തുക.
തക്കാളി ചട്നി
ചേരുവകൾ
1. തക്കാളി - ഒരെണ്ണം
2. സവാള - ഒരു പകുതി
3. മുളകുപൊടി - അര ടീസ്പൂൺ
4. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ സവാളയും തക്കാളിയും വഴറ്റുക. ഇതു മിക്സിയിൽ ഉപ്പും മുളകുപൊടിയും ചേർത്തരച്ചെടുക്കുക.
ചെറുപരിപ്പു കറി
ചേരുവകൾ
1. ചെറുപയർ പരിപ്പ് - കാൽ കപ്പ്
2. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
3. വെളുത്തുള്ളി - രണ്ട് അല്ലി
4. മുളകുപൊടി - അര ടീസ്പൂൺ
5. ഉപ്പ് – ആവശ്യത്തിന്
6. ജീരകം – അര ടീസ്പൂൺ
തയാറാക്കുന്ന വിധം
ചെറുപയർ പരിപ്പ് ചീനച്ചട്ടിയിൽ ഇട്ട് അൽപ്പം വറുത്തെടുക്കുക. ഇതു പ്രഷർ കുക്കറില്‍ വെള്ളവും മഞ്ഞൾപ്പൊടിയും ചേർത്തു വേവിക്കുക. വെന്തു കഴിഞ്ഞു ജീരകവും വെളുത്തു ള്ളിയും ചതച്ചു ചേർത്തു മുളകുപൊടിയും ചേർത്തു വീണ്ടും തിളപ്പിച്ച് ഉപ്പും ചേർത്ത് ഉപയോഗിക്കുക.
(ലേഖിക തിരുവനന്തപുരം വിമൻസ് കോളജ് ഹോംസയൻസ് വിഭാഗം പ്രഫസറും മുൻമേധാവിയുമാണ്)