രോഗങ്ങൾ പകരുന്നത് ജലം വഴി, കൊതുകിനെയും പേടിക്കണം; മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാം
Mail This Article
കൊടും ചൂടിൽ നിന്നു മഴയും തണുപ്പും നിറഞ്ഞ അന്തരീക്ഷത്തിലേക്കുള്ള മാറ്റത്തിലാണു നമ്മൾ. ഇതിനൊപ്പം ഏറെ വലയ്ക്കുന്ന ഒരു കൂട്ടം രോഗങ്ങളെയും കരുതണം. സാധാരണ ജലദോഷപ്പനി മുതൽ ആളെ കൊല്ലുന്ന ഹെപ്പറ്റൈറ്റിസ് എയും ടൈഫോയ്ഡും വരെയുണ്ട് ഇക്കൂട്ടത്തിൽ. ഇങ്ങനെയുള്ള മഴക്കാല രോഗങ്ങളോടു പ്രത്യേക കരുതലെടുക്കണം.
മഴക്കാലരോഗങ്ങൾ എന്തുകൊണ്ട്?
വൈറസ്, ഫംഗസ്, ബാക്ടീരിയ തുടങ്ങി ഒട്ടുമിക്ക രോഗാണുക്കളും ഏറ്റവും കൂടുതൽ പെരുകുന്നതു മഴക്കാലത്താണ്. പകർച്ചവ്യാധികൾ പെരുകും. മൂന്നു തരത്തിലാണു മഴക്കാലരോഗങ്ങളുണ്ടാകുക. ജലജന്യരോഗങ്ങൾ, കൊതുകുജന്യ രോഗങ്ങൾ, മറ്റു കാരണങ്ങൾ കൊണ്ടുള്ള രോഗങ്ങൾ. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ ചികിത്സ വളരെ പ്രധാനമാണ്. ചികിത്സ വൈകിയാൽ രോഗം മൂർഛിക്കാനിടയുണ്ട്.
രോഗങ്ങൾ ജലംവഴി
കുടിവെള്ളത്തിൽ മാലിന്യം കലരുന്നതു മൂലമുള്ള അസുഖങ്ങൾ ഇപ്പോൾ വ്യാപകമാണ്. കുടിവെള്ളത്തിലൂടെയും മറ്റും രോഗാണുക്കൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതാണു രോഗകാരണം. അതിസാരം, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, വിവിധതരം മഞ്ഞപ്പിത്തങ്ങൾ, എലിപ്പനി തുടങ്ങിയവയെല്ലാം ജലജന്യ രോഗങ്ങളാണ്. എലിയുൾപ്പെടെയുള്ളവയുടെ മൂത്രത്തിലൂടെ രോഗാണുക്കൾ വെള്ളത്തിൽ കലരുകയും അതു കാലിലെ മുറിവിലൂടെയും മറ്റും ശരീരത്തിലെത്തുകയുമാണു ചെയ്യുന്നത്.
കൊതുകിനെ പേടിക്കണം
ചെറിയ സ്ഥലത്തു വെള്ളം കെട്ടിക്കിടന്നാൽ പോലും അതിൽ കൊതുകു മുട്ടയിട്ടു പെരുകും. വിട്ടുവിട്ടു പെയ്യുന്ന മഴയിൽ പലയിടത്തും വെള്ളം കെട്ടിക്കിടക്കുമെന്നതിനാൽ കൊതുകു വളരാനുള്ള സാധ്യത കൂടുതലാണ്. കൊതുകു പരത്തുന്ന ഡെങ്കിപ്പനിയെയാണ് ഇക്കാലത്ത് ഏറ്റവും പേടിക്കേണ്ടത്. ചിക്കുൻഗുനിയ, റോസ് റിവർ ഫീവർ, ജപ്പാൻ ജ്വരം, മഞ്ഞപ്പനി, മന്തുരോഗം, മലമ്പനി, എൻകെഫലൈറ്റസ് എന്നിവയെല്ലാം കൊതുകുജന്യ രോഗങ്ങളാണ്. മറ്റു രോഗാണുക്കൾ പരത്തുന്ന ജലദോഷം, പനി, കഫക്കെട്ട്, വയറിളക്കം, മറ്റു വൈറൽ പനികൾ തുടങ്ങിയവയും മഴക്കാലത്തു കൂടുതലായി കാണുന്നു.
പ്രതിരോധം എങ്ങനെ?
രോഗം വന്നിട്ടു ചികിത്സിക്കുന്നതിനെക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ് ഇതിൽ പ്രധാനപ്പെട്ടത്. കൊതുകു പെറ്റുപെരുകാനുള്ള എല്ലാ സാധ്യതകളും തടയണം. ടയറുകൾ, ചിരട്ടകൾ, പൊട്ടിയതും അല്ലാത്തതുമായ പാത്രങ്ങൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കണം. തിളപ്പിക്കുമ്പോൾ രോഗാണുക്കൾ നശിക്കും. അതിനാൽ കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.
(വിവരങ്ങൾ: ഡോ. സ്മിത മുരളീധരൻ, സീനിയർ കൺസൽറ്റന്റ്, ഇന്റേണൽ മെഡിസിൻ, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി)
തണുപ്പടിച്ചാൽ തുമ്മലോ? വിഡിയോ