ADVERTISEMENT

ചോദ്യം : മഴക്കാലം ആരംഭിച്ചതോടെ ധാരാളം പകർച്ചവ്യാധികൾ തലപൊക്കിയിട്ടുണ്ടല്ലോ. മഴക്കാലത്ത് അസുഖങ്ങൾ വരാതിരിക്കാനായി എന്തു മുൻകരുതലുകളാണ് എടുക്കേണ്ടത്? 

ഉത്തരം : മഴക്കാലം കേരളത്തിൽ പകർച്ചവ്യാധികളുടെയും കാലമാണ്. ജലം മലിനമാകുന്നതും വെള്ളക്കെട്ടുകൾ ഉണ്ടാകുന്നതും കൊതുകുകൾ പെരുകുന്നതിനും പകർച്ചവ്യാധികൾക്കും കാരണമാകുന്നു. ഇക്കാലത്തു പ്രത്യേക ശ്രദ്ധകൊടുക്കേണ്ടത് പകർച്ചപ്പനികൾക്കാണ്. ഇവയിൽ ഏറ്റവും അപകടകാരികളായ രണ്ടു രോഗങ്ങൾ ഡെങ്കിപ്പനിയും എലിപ്പനിയുമാണ്. മഴക്കാലത്തെ ചെറിയ വെള്ളക്കെട്ടുകൾ കൊതുക് പെരുകുന്നതിനു ഇടയാക്കും. ഡെങ്കിപ്പനി പരത്തുന്ന ക്യൂലക്സ് വിഭാഗത്തിൽ പെട്ട കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത് നമ്മൾ വലിച്ചെറിയുന്ന ചെറിയ പാഴ് വസ്തുക്കളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലാണ്. പ്ലാസ്റ്റിക് കൂടുകൾ, പൊട്ടിയ പാത്രങ്ങൾ, ചെടിച്ചട്ടികൾ, മുറ്റത്തും പറമ്പിലും വീണുകിടക്കുന്ന ഇലകൾ, റബർ ടാപ്പിങ് ചിരട്ടകൾ തുടങ്ങി നമ്മൾ ശ്രദ്ധിക്കാത്ത ചെറിയ ജലസ്രോതസ്സുകളിലൊക്കെ ഈ കൊതുകുകൾ മുട്ടയിട്ടു പെരുകും. ഇവിടെയൊക്കെ കൊതുകു നിവാരണ മരുന്നുകൾ തളിക്കണം. ക്യൂലക്സ് കൊതുകുകൾ പകൽസമയത്താണ് കടിക്കുന്നത്. ശരീരം പരമാവധി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കണം. 

എലിമൂത്രം കൊണ്ട് മലിനമായ ജലത്തിൽ കൂടിയാണ് എലിപ്പനി പകരുന്നത്. മഴക്കാലത്തു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ, പ്രത്യേകിച്ചും വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിൽ, നടക്കേണ്ടിവരും. ഈ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന കാലത്തോളം ആഴ്ചയിൽ ഒരിക്കൽ ഡോക്സസൈക്ലിൻ ഗുളിക കഴിക്കണം. മലിനജലത്തിൽ ഇറങ്ങുമ്പോൾ ബൂട്ടുകൾ ധരിക്കാം. വീടിനു പുറത്തു പോയിട്ടു വരുമ്പോൾ കൈകാലുകൾ സോപ്പും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കണം. 

കഠിനമായ ശരീരവേദനയോടും തലവേദനയോടും കൂടിയ ശക്തമായ പനി ഉണ്ടായാൽ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ചികിത്സയ്ക്ക് വിധേയനാവണം. വയറിളക്കരോഗങ്ങൾ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ ആഹാരത്തിലും വെള്ളത്തിലും കൂടിയാണ് പകരുന്നത്. ആഹാരം ശരിയായി പാകം ചെയ്തുകഴിക്കുകയും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും ചെയ്യുക. ഫ്രിജിൽ വച്ച ഭക്ഷണം വീണ്ടും കഴിക്കുമ്പോൾ അവ 10 മിനിറ്റെങ്കിലും തിളപ്പിച്ച ശേഷമേ ഉപയോഗിക്കാവൂ. ആരോഗ്യകാര്യത്തിൽ വേണ്ടരീതിയിലുള്ള ശ്രദ്ധ നൽകിയാൽ മഴക്കാലത്തെ പല രോഗങ്ങളും ഒഴിവാക്കാൻ സാധിക്കും.
(ലേഖകൻ കോട്ടയം ജനറൽ ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ കൺസൽറ്റന്റാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com