കണ്ണിൽ ചുവപ്പും പുകച്ചിലും; അലർജി ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
Mail This Article
കണ്ണിലുണ്ടാകുന്ന പല അലര്‍ജി പ്രശ്നങ്ങളും അസ്വസ്ഥതയുണ്ടാക്കുന്നതും നമ്മുടെ ജീവിതനിലവാരത്തെ തന്നെ ബാധിക്കുന്നതുമാണ്. പൂമ്പൊടി, പൊടി, വളര്‍ത്ത് മൃഗങ്ങളുടെ രോമം, വീടിനകത്തെ പൂപ്പല്‍ എന്നിങ്ങനെ പലതും അലര്‍ജിക്ക് കാരണമാകാം. അലര്‍ജിക്ക് കാരണമാകുന്ന ഈ വസ്തുക്കളുമായുള്ള സമ്പര്‍ക്കം കണ്ണില്‍ ചുവപ്പ്, പുകച്ചില്‍, ചൊറിച്ചില്‍, കണ്ണ് വീര്‍ത്ത് കെട്ടല്‍, കണ്ണിനുള്ളില്‍ എന്തോ പോയത് പോലുള്ള തോന്നല്‍ എന്നിവയുണ്ടാക്കാം.
ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കണ്ണിനെ ബാധിക്കുന്ന അലര്‍ജികളെ അകറ്റി നിര്‍ത്താമെന്ന് സൂര്യ ഐ ഹോസ്പിറ്റല്‍ ഡയറക്ടറും നേത്രരോഗ വിദഗ്ധനുമായ ഡോ. ജയ് ഗോയല്‍ എച്ച്ടി ലൈഫ്സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
1. ജനാലകള്‍ അടയ്ക്കാം
പൂമ്പൊടി വര്‍ധിച്ചിരിക്കുന്ന സീസണില്‍ കഴിവതും ജനാലകള്‍ അടച്ചിടാന്‍ ശ്രദ്ധിക്കുക. പകരം വീട്ടിലെ താപനില ക്രമീകരിക്കാന്‍ എസി ഉണ്ടെങ്കില്‍ അവ ഉപയോഗിക്കാം.
2. എയര്‍ പ്യൂരിഫയറുകള്‍
വീട്ടിലെ, പ്രത്യേകിച്ചും കിടപ്പ് മുറികളിലെ അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കള്‍ അരിച്ചു നീക്കുന്നതിന് ഹൈ എഫിഷ്യന്‍സി പര്‍ട്ടിക്കുലേറ്റ് എയര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കാം.
3. ഇടയ്ക്കിടെ വൃത്തിയാക്കാം
വാക്വം ക്ലീനറുകള്‍ ഉപയോഗിച്ച് വീട്ടിലെ പൊടിയെല്ലാം ഇടയ്ക്കിടെ വൃത്തിയാക്കേണ്ടതാണ്. കിടക്കവിരികളും കര്‍ട്ടനുകളും ചൂട് വെള്ളത്തില്‍ കഴുകി സൂക്ഷിക്കാം. കിടക്കവിരി, തലയണ കവര്‍, പുതപ്പ് എന്നിവയെല്ലാം ആഴ്ചയിലൊരിക്കല്‍ കഴുകി വൃത്തിയാക്കണം.
4. ഗ്ലാസുകള്‍
പുറത്ത് പോകുമ്പോഴും വാഹനങ്ങള്‍ ഓടിക്കുമ്പോഴും കണ്ണില്‍ പൊടിയും മറ്റ് അലര്‍ജി വസ്തുക്കളും പോകാതിരിക്കാന്‍ ഗ്ലാസുകള്‍ ഉപയോഗിക്കണം.
5. വളര്‍ത്തു മൃഗങ്ങളെ വൃത്തിയാക്കണം
വീട്ടില്‍ വളര്‍ത്ത് മൃഗങ്ങളുണ്ടെങ്കില്‍ അവയെ കുളിപ്പിച്ച് വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്. അവയെ നിങ്ങളുടെ കിടപ്പ് മുറികളില്‍ നിന്ന് കഴിവതും അകറ്റി നിര്‍ത്തുക.
6. ഹ്യുമിഡിഫയര്‍
വീട് വരണ്ടതാണെങ്കില്‍ ഹ്യുമിഡിഫയര്‍ ഉപയോഗിക്കുന്നത് വായുവിന് ഈര്‍പ്പം നല്കി കണ്ണുകള്‍ വരളാതെ സൂക്ഷിക്കും.
കണ്ണുകളില്‍ വീര്‍പ്പ് പോലുള്ള പ്രശ്നങ്ങള്‍ വരുമ്പോള്‍ ആശ്വാസം ലഭിക്കാനായി കണ്ണടച്ച് ഒരു തുണിയില്‍ ഐസ് കെട്ടി 10 മുതല്‍ 15 മിനിട്ട് നേരം കോള്‍ഡ് കംപ്രസ് ചെയ്യാം. ലക്ഷണങ്ങള്‍ രൂക്ഷമാകുന്ന പക്ഷം നേത്രരോഗ വിദഗ്ധനെ സന്ദര്‍ശിച്ച് ചികിത്സ തേടാന്‍ മടിക്കരുത്.