നവരാത്രി കാലത്തെ ഉപവാസം ആരോഗ്യകരമാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം; ഡയറ്റും ശരിയാക്കാം
Mail This Article
നവരാത്രി ആഘോഷങ്ങളുടെ സമയത്ത് ഉപവാസം അനുഷ്‌ഠിക്കുന്നത് മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കാന്‍ സഹായകമാണ്. ചില പ്രത്യേക തരം ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് സാത്വികമായ ഭക്ഷണക്രമം പിന്തുടരാനാണ് ഇക്കാലത്ത് പലരും ആഗ്രഹിക്കുന്നത്.
ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നവരാത്രിയുമായി ബന്ധപ്പെട്ട ഉപവാസങ്ങള്‍ ആരോഗ്യപ്രദമാക്കാന്‍ സഹായിക്കും.
1. ജലാംശം നിലനിര്‍ത്തുക
നിര്‍ജലീകരണം ഒഴിവാക്കാനും ഊര്‍ജ്ജത്തിന്റെ തോത് നിലനിര്‍ത്താനും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് നവരാത്രി നോയമ്പില്‍ പ്രധാനമാണ്. ഇളനീര്‍, ഹെര്‍ബല്‍ ചായകള്‍, പഴച്ചാറുകള്‍ എന്നിവയും ശരീരത്തിലെ ജലാംശം നിലനിര്‍ത്തും. ശരീരത്തിലെ വിഷവസ്‌തുക്കള്‍ പുറന്തള്ളാനും ഇത് സഹായിക്കും.
2. പോഷക സമൃദ്ധമാകാം ഭക്ഷണം
പഴങ്ങള്‍, നട്‌സ്, വിത്തുകള്‍ എന്നിങ്ങനെ പോഷക സമൃദ്ധമായ ഭക്ഷണവിഭവങ്ങള്‍ നവരാത്രി ഉപവാസത്തിന്റെ സമയത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. ദീര്‍ഘനേരം വിശക്കാതെ ഇരിക്കാനും ശരീരത്തിന്റെ ക്ഷീണം ഒഴിവാക്കാനും ഇത് സഹായകമാണ്.
3. ഹ്രസ്വമായ ചെറു ഭക്ഷണങ്ങള്‍
വലിയ തോതില്‍ ഒരു നേരം ഭക്ഷണം കഴിക്കാതെ പഴങ്ങള്‍, നട്‌സ്, യോഗര്‍ട്ട് പോലുള്ളവ ഏതാനും മണിക്കൂര്‍ കൂടുമ്പോള്‍ കഴിക്കുന്ന തരത്തില്‍ ഭക്ഷണം ക്രമീകരിക്കുക. ഇത് ചയാപചയത്തെ സന്തുലിതമാക്കി ക്ഷീണം നിയന്ത്രിക്കും.
4. ഫൈബര്‍ അടങ്ങിയ ആഹാരങ്ങള്‍
പഴങ്ങള്‍, പച്ചക്കറികള്‍, അമരാന്ത് ചീരവിത്ത്, കപ്പയില്‍ നിന്നുണ്ടാക്കുന്ന ചൗവ്വരി തുടങ്ങിയ ഭക്ഷണങ്ങള്‍ ഫൈബര്‍ ധാരാളം അടങ്ങിയവയാണ്. ഇത് ദീര്‍ഘനേരം വിശക്കാതിരിക്കാനും ഊര്‍ജ്ജത്തിന്റെ തോത് നിലനിര്‍ത്താനും സഹായിക്കും.
5. വറുത്തതും അമിതമായി മധുരമടങ്ങിയതും ഒഴിവാക്കുക
വറുത്തതും അമിതമായി മധുരം ചേര്‍ന്നതുമായ പലഹാരങ്ങള്‍ ക്ഷീണമുണ്ടാക്കുകയും വായുകമ്പനത്തിന് കാരണമാകുകയും ചെയ്യും. ഇതിന് പകരം ലഘുവായ പഴങ്ങള്‍ ചേര്‍ത്ത ഡിസ്സേര്‍ട്ടുകളും ബേക്ക് ചെയ്‌ത ഭക്ഷണങ്ങളും ആകാം.
6. പ്രോട്ടീന്‍ മുഖ്യം
യോഗര്‍ട്ട്, പനീര്‍, നട്‌സ് എന്നിങ്ങനെ പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണ വിഭവങ്ങളും ഉപവാസ സമയത്ത് അനുയോജ്യമാണ്. വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കാന്‍ ഇത് സഹായിക്കും.
7. ഉപ്പിന് പകരം ഇന്തുപ്പ്
സാധാരണ ഉപ്പിന് പകരം ധാതുക്കള്‍ അടങ്ങിയതും എളുപ്പം ദഹിക്കുന്നതുമായ ഇന്തുപ്പ് ഉപവാസ കാലങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്.
8. ആവശ്യത്തിന് ഉറക്കം
ഉപവാസം ശരീരത്തെ ക്ഷീണിപ്പിക്കുമെന്നതിനാല്‍ ആവശ്യത്തിന് വിശ്രമിക്കാന്‍ മറക്കരുത്. കുറഞ്ഞത് ഏഴ് മുതല്‍ എട്ട് വരെ മണിക്കൂറെങ്കിലും രാത്രി ഉറങ്ങേണ്ടതാണ്.