ADVERTISEMENT

ശരീരത്തിൽ അമിതമായുള്ള ഫ്ലൂയിഡുകളും മലിന വസ്തുക്കളും അരിച്ചു മാറ്റുന്നത് വൃക്കകളാണ്. മൂത്രത്തിനുണ്ടാകുന്ന നിറം മാറ്റം, വൃക്കകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ അളവ്, വൃക്കകളുടെ പ്രവർത്തനം, ഗുരുതര ആരോഗ്യപ്രശ്നങ്ങളായ വൃക്കരോഗം, മൂത്രത്തിലെ അണുബാധ ഇവയുടെ എല്ലാം സൂചകങ്ങളാണ് മൂത്രത്തിനുണ്ടാകുന്ന നിറം മാറ്റം. ഇതെക്കുറിച്ച് കൂടുതൽ അറിയാം.

∙ഇളംമഞ്ഞനിറം
വ്യക്തവും വിളറിയ മഞ്ഞ നിറത്തോടു കൂടിയതുമായ മൂത്രം ശരീരത്തിൽ ജലാംശം ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. വൃക്കകൾ നന്നായി പ്രവർത്തിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നത് യഥാർഥ നിറം ഇളം മഞ്ഞയാണെന്നാണ്. വെള്ളം ശരീരത്തിൽ ആവശ്യത്തിന് ലഭിക്കുന്നതിന്റെയും മലിനവസ്തുക്കൾ ശരിയായി നീക്കം ചെയ്യപ്പെടുന്നതിന്റെയും ലക്ഷണമാണ്. 

Representative Image. Photo Credit : Dmitry Gladkov / iStockPhoto.com
Representative Image. Photo Credit : Dmitry Gladkov / iStockPhoto.com

തുടർച്ചയായി മൂത്രം നിറം ഇല്ലതെ ആയി കാണുന്നത് ജലാംശം അമിതമാകുന്നതിന്റെ ലക്ഷണമാണ്. അമിതമായി വെള്ളം കുടിക്കുന്നത് ആവശ്യമുള്ള ഇലക്ട്രോലൈറ്റുകളെ നേർപ്പിക്കാനും കാരണമാകും. ഇത് ഹൈപ്പോനട്രീമിയ (Hyponatremia) എന്ന അവസ്ഥയ്ക്ക് കാരണമാകും. രക്തത്തിൽ സോഡിയത്തിന്റെ അസന്തുലനം ഉണ്ടാകുന്ന അവസ്ഥയാണിത്. ഇത് ഗുരുതരമാകുമ്പോൾ ഓക്കാനം, തലവേദന, ആശയക്കുഴപ്പം ഇവ ഉണ്ടാകാം.

∙ഇരുണ്ട മഞ്ഞനിറം
ഇരുണ്ട മഞ്ഞനിറത്തിലുള്ള മൂത്രം നിർജലീകരണത്തിന്റെ സൂചനയാണ്. വെള്ളം ധാരാളം കുടിക്കേണ്ടതിന്റെ ലക്ഷണം കൂടിയാണിത്. ഗുരുതരമായ നിർജലീകരണം, മൂത്രനാളിയിലെ അണുബാധയ്ക്കും വൃക്കയിൽ കല്ലിനും കാരണമാകും. ശരീരത്തിൽ ജലാംശം ധാരാളം ഉണ്ടെങ്കിൽ ഈ അവസ്ഥ തടയാനാകും. മൂത്രത്തിലെ ധാതുക്കളെ ജലം നേർപ്പിക്കുകയും അണുബാധയും കല്ലും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Representative Image. Photo Credit : Selfmade studio/Shutterstock.com
Representative Image. Photo Credit : Selfmade studio/Shutterstock.com

∙ഓറഞ്ച് നിറം 
ഓറഞ്ച് നിറത്തിൽ മൂത്രം പോകുന്നത് നിർജലീകരണത്തിന്റെ മാത്രം ലക്ഷണമല്ല, മറിച്ച് കരൾ രോഗത്തിന്റെയും സൂചനയാകാം. കരൾ ഉൽപാദിപ്പിക്കുന്ന ഒരു പിഗ്മെന്റ് ആയ ബിലിറൂബിന്റെ അളവ് അമിതമാകുന്നതു മൂലമാണ് മൂത്രത്തിന്റെ നിറം ഓറഞ്ച് ആകുന്നതെന്ന് അമേരിക്കൻ ലിവര്‍ ഫൗണ്ടേഷൻ പറയുന്നു. ഹെപ്പറ്റൈറ്റിസ്, സീറോസിസ് തുടങ്ങിയ കരൾ രോഗങ്ങളുടെ ലക്ഷണമാകാം ഇത്. 

ഓറഞ്ച് നിറത്തിൽ മാത്രം പോകുന്നതിനൊപ്പം ചർമത്തിന്റെ നിറം മഞ്ഞയാകുകയും വയറുവേദന ഉണ്ടാകുകയും ചെയ്താൽ വൈദ്യസഹായം തേടണം. കടുത്ത നിർജലീകരണം മൂലവും ചിലപ്പോൾ മൂത്രത്തിന് ഓറഞ്ച് നിറം വരാം. ധാരാളം വെള്ളം കുടിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. എന്നാൽ ഓറഞ്ച് നിറം തുടരുകയാണെങ്കിൽ വൈദ്യസഹായം തേടണം. 

∙പിങ്ക്, ചുവപ്പ് നിറം
പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ മൂത്രം പോകുന്നത് മൂത്രത്തിൽ രക്തം കലർന്നതിന്റെ സൂചനയാണ്. ഹെമച്യൂറിയ (hematuria) എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്നത്. നിരവധി രോഗങ്ങളുടെ ലക്ഷണം കൂടിയാണിത്. വൃക്കയിൽ കല്ല്, മൂത്രനാളിയിലെ അണുബാധ, കൂടുതൽ ഗുരുതരമായ വൃക്കരോഗങ്ങൾ, ബ്ലാഡർ കാൻസർ തുടങ്ങിയവയുടെ ലക്ഷണമാകാം ഇത്. 

ബീറ്റ്റൂട്ട്, ബ്ലാക്ക്ബെറി തുടങ്ങിയ ചില ഭക്ഷണങ്ങൾ കഴിക്കുന്നതു മൂലം താൽക്കാലികമായി മൂത്രത്തിന് പിങ്കോ ചുവപ്പോ നിറം വരാം. എന്നാൽ 24 മണിക്കൂറിനകം സാധാരണ നിറത്തിലേക്കു വരും. എന്നാൽ മൂത്രത്തിന് പിങ്കോ ചുവപ്പോ നിറം തുടരുകയാണെങ്കിൽ  വൈദ്യസഹായം തേടണം. മൂത്രത്തിനുണ്ടാകുന്ന നിറം മാറ്റത്തിലൂടെ വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങൾ നേരത്തെ തിരിച്ചറിയാനും ഫലപ്രദമായ ചികിത്സ തേടാനും സാധിക്കും. 

∙തവിട്ടു നിറം
തവിട്ടു നിറത്തിലുള്ള മൂത്രം കടുത്ത നിർജലീകരണത്തിന്റെയും കരൾ, വൃക്കരോഗങ്ങളുടെയും സൂചനയാണ്. പേശീകലകളുടെ നാശം മൂലം മൂത്രത്തിന് തവിട്ടു നിറം വരാം. റാബ്ഡോമയോലിസിസ് എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്നത്. ഇത് ഗുരുതരമായ വൃക്കത്തകരാറിലേക്കു നയിക്കും. 
പേശികൾക്കുണ്ടാകുന്ന ഗുരുതരമായ പരിക്ക്, അമിതമായ വ്യായാമം, ചില മരുന്നുകൾ ഇവ മൂലം റാബ്ഡോമയോലിസിസ് ഉണ്ടാകാം. കരളിന്റെ പ്രവർത്തന തകരാറ് മൂലവും മൂത്രത്തിന് തവിട്ടു നിറം വരാം. ബിലിറൂബിൻ കൂടിയ അളവിൽ രക്തത്തിൽ കലരുകയും ഇത് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. മൂത്രത്തിന് തവിട്ടുനിറം കാണപ്പെടുകയും ഒപ്പം ക്ഷീണവും തളർച്ചയും പേശീ വേദനയും ഉണ്ടാവുകയും ചെയ്താൽ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. 

∙മൂത്രത്തിൽ പത
പതഞ്ഞും കുമിളകളായും മൂത്രം പോകുന്നത് മൂത്രത്തിൽ പ്രോട്ടീൻ അമിതമായതിന്റെ ലക്ഷണമാണ്. പ്രോട്ടിന്യൂറിയ എന്നാണ് ഈ അവസ്ഥയ്ക്കു പേര്. വൃക്കയിലെ അരിക്കുന്ന ഭാഗത്തിന് ഉണ്ടാകുന്ന ക്ഷതം പ്രോട്ടീന്റെ വലിയ തന്മാത്രകൾ മൂത്രത്തിലൂടെ പോകുന്നതാണിത്. തുടർച്ചയായി പ്രോട്ടീന്യൂറിയ എന്ന അവസ്ഥ ഉണ്ടാകുന്ന ഗുരുതരമായ വൃക്കരോഗത്തിന്റെ ലക്ഷണമാണെന്ന് അമേരിക്കൻ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഗുരുതരമായ വൃക്കരോഗങ്ങൾ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാക്കാറില്ല. അതുകൊണ്ട് തന്നെ പ്രോട്ടിന്യൂറിയ വളരെ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പാണ്. മൂത്രത്തിൽ പ്രോട്ടീന്റെ സാന്നിധ്യം കാണുന്നത് പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയവയുടേയും ലക്ഷണമാണ്. ഇവ രണ്ടും വൃക്കരോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

English Summary:

Kidney Trouble? Don't Ignore These Urine Color Changes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com