ഭാരം കുറയ്ക്കണോ? പരീക്ഷിക്കാം ഈ 30-30-30 മാര്‍ഗം
Mail This Article
ഭാരം കുറയ്‌ക്കാന്‍ പല തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പലപ്പോഴായി നാം പരീക്ഷിക്കാറുണ്ട്. ചിലതൊക്കെ പെട്ടെന്ന് ക്ലിക്ക് ആകുകയും സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലാകുകയും ചെയ്യും. അത്തരത്തില്‍ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായ ഒരു ഭാരം കുറയ്‌ക്കല്‍ മാര്‍ഗ്ഗമാണ് 30-30-30.
വ്യായാമം, ഭക്ഷണക്രമം എന്നിവയെ സംയോജിപ്പിക്കുന്ന ഒരു രീതിയാണ് ഇത്. ഈ മാര്‍ഗ്ഗം അനുസരിച്ച് ദിവസവും 30 മിനിട്ട് വ്യായാമം ചെയ്യുകയും രാവിലെ എഴുന്നേറ്റ് 30 മിനിട്ടിനുള്ളില്‍ 30 ശതമാനം പ്രോട്ടീന്‍ അടങ്ങിയ സന്തുലിത ഭക്ഷണം കഴിക്കുകയും വേണം.
എഴുന്നേറ്റ് 30 മിനിട്ടിനുള്ളില്‍ തന്നെ പ്രഭാതഭക്ഷണം കഴിക്കുന്നത് ചയാപചയത്തെ (മെറ്റബോളിസം) പുനസ്ഥാപിക്കുമെന്നും രക്തത്തിലെ പഞ്ചസാരയുടെ തോതിനെ ക്രമീകരിക്കുകയും ചെയ്യുമെന്ന് ഈ ഭാരം കുറയ്‌ക്കല്‍ മാര്‍ഗ്ഗം പരീക്ഷിച്ച് നോക്കിയവര്‍ പറയുന്നു. രാവിലെയുള്ള വ്യായാമം അടക്കമുള്ള കാര്യങ്ങള്‍ക്കുള്ള ഊര്‍ജ്ജവും ഇതിലൂടെ ലഭിക്കും. ദിവസത്തില്‍ ശേഷിക്കുന്ന സമയം കാര്യമായ വിശപ്പുണ്ടായി അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും ഇത് സഹായിക്കും.
പ്രഭാതഭക്ഷണത്തില്‍ 30 ശതമാനം പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നത് പേശികളെ വളര്‍ത്താനും വിശപ്പ് നിയന്ത്രിക്കാനും സഹായകമാണ്. ലീന്‍ മസില്‍ മാസ് കുറയാതെ തന്നെ ഭാരം കുറയ്‌ക്കാനും ഇത് വഴി സാധിക്കും. ലീന്‍ മീറ്റ്, മുട്ട, പാലുത്‌പന്നങ്ങള്‍, നട്‌സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ 30 ശതമാനം പ്രോട്ടീന്‍ എന്ന ലക്ഷ്യം കൈവരിക്കാനാകും. ആരോഗ്യകരമായ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും ഇതിനൊപ്പം ഉള്‍പ്പെടുത്തണം.
ഈ രണ്ട് കാര്യങ്ങള്‍ക്കൊപ്പം 30 മിനിട്ട് വ്യായാമം കൂടി ചേരുമ്പോള്‍ ചയാപചയത്തിന് വേഗം കൂടുകയും കാലറി നന്നായി കത്തുകയും ചെയ്യും. വേഗത്തിലുള്ള നടത്തം, ഓട്ടം, സൈക്ലിങ് പോലുള്ള എയറോബിക് വ്യായാമങ്ങളും ഭാരം ഉയര്‍ത്തല്‍, ബോഡി വെയ്‌റ്റ് വ്യായാമങ്ങള്‍ പോലുള്ള സ്‌ട്രെങ്‌ത് ട്രെയ്‌നിങ്ങും ഉള്‍പ്പെടുന്നതാകണം വ്യായാമമുറ.
കര്‍ശനമായി പിന്തുടര്‍ന്നാല്‍ 30-30-30 രീതി ഭാരം കുറയ്‌ക്കാന്‍ ഫലപ്രദമാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി വ്യത്യസ്‌തമായതിനാല്‍ പുതിയ രീതികള്‍ പരീക്ഷിക്കും മുന്‍പ് നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നത് നന്നായിരിക്കും.