റിട്ടയർമെന്റ് ജീവിതം സുഖകരമാക്കുന്നത് എങ്ങനെ? വീട്ടുകാരുടെ പങ്ക് എത്രത്തോളമെന്ന് അറിയാം
Mail This Article
ജോലിയിൽ നിന്ന് വിരമിച്ച് യാത്രയയപ്പുമൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരികയാണ്. അടുത്ത ദിവസം മുതൽ ജോലിയില്ല. അതുകൊണ്ട് പതിവു ദിനചര്യ മാറുന്നു. നിഷ്ക്രിയ നേരങ്ങൾ വർധിക്കുന്നു. ഈ മാറ്റങ്ങൾ ചിലരുടെ മനസ്സിനെ പ്രതികൂലമായി ബാധിച്ചേക്കാം. കൂടുതൽ നേരം ചെലവഴിക്കാൻ ഇടയുള്ളത് വീട്ടിലാണ്. റിട്ടയർമെന്റ് ജീവിതവുമായി പൊരുത്തപ്പെടാൻ വീട്ടുകാരുടെ സഹായം കൂടി വേണം.
മതിപ്പ് നഷ്ടപ്പെടാതെ
വേലയും കൂലിയുമില്ലാതെ വെറുതെ ഇരിക്കണമെന്ന അപകർഷതാ ബോധത്തിൽ വീണുപോകുന്നവരുണ്ട്. പഴയ രീതിയിൽ ആദരം കിട്ടില്ലെന്ന ചിന്തയുള്ളവരുമുണ്ട്. സ്വയം മതിപ്പിന് കോട്ടം വരാത്ത രീതിയിലുള്ള ഇടപെടലുകൾ വേണം. ഇത്രയും കാലം ജോലി ചെയ്തതും വീടിനെ പിന്തുണച്ചതുമൊക്കെ ഓർമിപ്പിക്കണം. ജോലിയിൽ നിന്നു പിരിഞ്ഞു വെറുതെ ഇരിക്കുന്നതുകൊണ്ട് ഇനി ഗാർഹിക ജോലികൾ ആകാമെന്ന നിർദേശം ചിലപ്പോൾ ദുർവ്യാഖ്യാനത്തിന് ഇടയാക്കാം. സമയം നന്നായി വിനിയോഗിക്കാൻ പങ്കുചേരുന്നെന്ന തോന്നലുണ്ടാകണം.
വേണം, പുതിയ കൂട്ട്
തൊഴിലിടം ഒരു സാമൂഹിക വൃത്തമാണ്. വർഷങ്ങൾ കൊണ്ട് രൂപപ്പെടുത്തിയെടുത്ത ചങ്ങാത്തങ്ങളുണ്ട്. അവരുമായി സൊറ പറയുന്ന ഇടവേളകളുണ്ട്. ചായകുടി കൂട്ടായ്മകളുണ്ട്. തൊഴിലിൽനിന്നു വിട്ടുപോരുമ്പോൾ ഇതും നഷ്ടമാകുന്നുണ്ട്. ബദലായി ഒരു സാമൂഹിക ജീവിതം ഉണ്ടാക്കിയെടുക്കാനുള്ള ഉത്തേജനവും അവസരങ്ങളും ഉണ്ടാക്കാൻ വീട്ടുകാർ ശ്രദ്ധിക്കണം. റസിഡന്റ്‌സ് അസോസിയേഷൻ, മറ്റ് സാമൂഹിക സംഘടനകൾ ഇവയിലൊക്കെ സജീവമാകട്ടെ. പുതിയൊരു സുഹൃദ്‌വലയം രൂപപ്പെട്ടു വരട്ടെ.
പോക്കറ്റ് മണി നൽകാം
പെൻഷൻ ഉള്ളവർക്കും റിട്ടയർമെന്റ് കാലത്തേക്കുള്ള സാമ്പത്തിക കരുതലെടുത്തവർക്കും ചെലവഴിക്കാൻ കയ്യിൽ കാശുണ്ടാകും. അതില്ലാത്തവർക്ക് വിഷമം ഉണ്ടാകാം. ക്ഷേമ പെൻഷൻ മാതൃകയിൽ ചെറിയ പോക്കറ്റ് മണി സ്നേഹപൂർവം നൽകിയാൽ നന്നായിരിക്കും. അനുഭവജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ജോലി അവസരങ്ങൾ ലഭിച്ചാൽ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം അതു ചെയ്യാം. അങ്ങനെയും വരുമാനം ഉണ്ടാക്കാം.
ദിനചര്യ കണ്ടെത്താം
ജോലിത്തിരക്കിൽ ആവിഷ്‌കരിക്കാൻ പറ്റാതെ പോയ ഇഷ്ടങ്ങളും അഭിരുചികളുമൊക്കെ പൊടിതട്ടിയെടുക്കാം. ജോലിക്ക് പോകാതാകുമ്പോഴുള്ള ദിനചര്യ നഷ്ടത്തിന് പകരം വെടിപ്പുള്ള മറ്റൊന്ന് സൃഷ്ടിച്ചെടുക്കണം.
ജോലിയിൽ നിന്നുള്ള വിരമിക്കൽ ജീവിതത്തിൽ നിന്നുള്ള വിരമിക്കലല്ല. ആ ജീവിതത്തിൽ ആഹ്ലാദവും ആത്മവിശ്വാസവും നിറയ്ക്കാൻ വീടിന്റെ പിന്തുണ എപ്പോഴും വേണം.
ഭക്ഷണത്തിൽ ഫൈബർ മുഖ്യം
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. പച്ചക്കറികൾ, പഴങ്ങൾ, പയർവർഗങ്ങൾ തുടങ്ങിയവ കൂടുതലായി ഉൾപ്പെടുത്തുക. പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളും അമിത മധുരമുള്ളവയും ഒഴിവാക്കുക. തവിടു കളയാത്ത ധാന്യങ്ങൾ അഥവാ മുഴുധാന്യങ്ങൾ ഉപയോഗിക്കുക, സൂക്ഷ്മധാന്യങ്ങൾ കുറയ്ക്കുക. കൃത്യമായ ഇടവേളകളിൽ ആവശ്യത്തിന് വെള്ളം കുടിക്കണം. ശരീരത്തിലെ ജലാംശം കുറയുന്നത് മുതിർന്നവരിലെ പ്രമേഹ നിയന്ത്രണത്തെ മോശമായി ബാധിക്കാം.
വ്യായാമം അത്യാവശ്യം
മിതമായ വ്യായാമം പ്രമേഹ നിയന്ത്രണത്തിന് വളരെ ഗുണകരമാണ്. ഏറ്റവും അനുയോജ്യമായ വ്യായാമമാണ് ദിവസവും 30-45 മിനിറ്റ് നടപ്പ്. കൂടാതെ ലഘുവായ സ്ട്രെച്ചിങ് വ്യായാമങ്ങൾ പേശികൾക്കും രക്തയോട്ടത്തിനും നല്ലതാണ്.