ADVERTISEMENT

പ്രകൃതിദത്തമായ നിർമാണവസ്തുക്കൾ കൊണ്ട് നാലുകെട്ടിന്റെ പ്രൗഢിയും സൗകര്യങ്ങളും മഴ പെയ്യുന്ന നടുമുറ്റവുമുള്ള വീട് നിർമിച്ചതിന്റെ ഹൃദ്യമായ അനുഭവം പങ്കുവയ്ക്കുകയാണ് ഡോക്ടർ ദമ്പതികളായ അഭിലാഷും നമിതയും. 

bamsuri-kanhangad-yard

കേരളീയ ശൈലിയിലുള്ള തറവാടുകളോട് ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്. അങ്ങനെയാണ് സ്വന്തം വീടിനും നാലുകെട്ടിന്റെ മട്ടും ഭാവവും വേണം എന്നു തീരുമാനിക്കുന്നത്. മൂന്ന് വർഷത്തോളമെടുത്താണ് ബാംസുരി എന്ന ഞങ്ങളുടെ വീട് നിർമിച്ചത്. അത്രയും പൂർണതയോടെയും അഭിലാഷത്തോടെയുമാണ് വീട്ടിലെ ഓരോ ഇടങ്ങളും ഒരുക്കിയിരിക്കുന്നത്. 

bamsuri-kanhangad-exterior

റോഡ് നിരപ്പിൽ നിന്നും ഉയർന്ന 12 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. റോഡ് നിരപ്പിൽ മണ്ണെടുത്ത് ഭൂഗർഭ ശൈലിയിലാണ് കാർപോർച്ച് ഒരുക്കിയത്. ചെങ്കല്ലിന്റെ തനിമയാണ് ബാംസുരിയുടെ പ്രധാന ആകർഷണം. പ്രാദേശികമായി സുലഭമായ വസ്തുവാണ് ചെങ്കല്ല്. ചുവപ്പ്, കാവി എന്നിങ്ങനെ രണ്ട് നിറത്തിലുള്ള ചെങ്കല്ലുപയോഗിച്ചാണ് ചുമര് കെട്ടിയത്. പുറംചുവരുകൾ തേയ്ക്കാതെ എക്സ്പോസ്ഡ് ശൈലി പിന്തുടർന്നത് ചെലവ് കുറയ്ക്കാനും ഉപകരിച്ചു. പഴമയുടെ ഭംഗിയും ലഭിക്കുന്നു.  

bamsuri-kanhangad-sitout
bamsuri-kanhangad-stair

വടക്കിനി, പടിഞ്ഞാറ്റിനി, കിഴക്കിനി, തെക്കിനി മാതൃകയിലാണ് മുറികളുടെ വിന്യാസം. 3460 ചതുരശ്രയടിയാണ് വിസ്തീർണം. പൂമുഖം, വരാന്ത, സ്വീകരണമുറി, നടുമുറ്റം, ഊണുമുറി, അടുക്കള, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. ഫാമിലി ലിവിങ്  ലൈബ്രറി, രണ്ട് കിടപ്പുമുറികൾ, ബാൽക്കണി എന്നിവ മുകൾനിലയിൽ വരുന്നു. തടി കൊണ്ടാണ് ഗോവണി ഒരുക്കിയിരിക്കുന്നത്.

bamsuri-kanhangad-attic

നാലുകെട്ടുകളിലെ തട്ടിൻപുറത്തിന്റെ സ്ഥലവിനിയോഗസാധ്യതകൾ പരമാവധി മുതലെടുത്തിട്ടുണ്ട്. ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് ഇട്ടാണ് കഴുക്കോലും മേൽക്കൂരയും. ഒന്നര മീറ്ററോളം ഉയരമുണ്ട് ഈ ഭാഗത്തിന്. അങ്ങനെ മൂന്നാമതൊരു നില കൂടി ഇവിടെ ലഭ്യമായി. അത്യാവശ്യം പാർട്ടികൾ നടത്താനും സ്‌റ്റോറേജ് ആവശ്യങ്ങൾക്കും കുട്ടികൾക്ക് കളിക്കാനുമെല്ലാം ഇവിടമാണ് വേദിയാകുന്നത്.

bamsuri-kanhangad-courtyard
bamsuri-kanhangad-upper

വീടിന്റെ ഹൃദയം എന്നുപറയുന്നത് മഴയും വെയിലും വിരുന്നെത്തുന്ന നടുമുറ്റമാണ്. പ്രകൃതി അതിന്റെ എല്ലാ തനിമയോടും കൂടി വീടിനകത്തേക്ക് വിരുന്നെത്തുന്നു. കഴിഞ്ഞ മഴക്കാലത്ത് നടുമുറ്റത്തിരുന്നു ചെലവഴിച്ച ദിവസങ്ങളുടെ ഹൃദ്യത ഇനിയും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ചൂടുവായുവിനെ പുറംതള്ളി ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നതിൽ നടുമുറ്റവും തുറസ്സായ അകത്തളവും വലിയ ജനാലകളും മികച്ച പങ്കുവഹിക്കുന്നുണ്ട്.

bamsuri-kanhangad-hall

വീട്ടിൽ എത്തിയ അതിഥികൾ പലരും എടുത്തുപറഞ്ഞത് അകത്തളത്തിലേക്ക് കയറുമ്പോൾ അനുഭവവേദ്യമാകുന്ന തണുപ്പാണ്. വീട്ടിൽ ഒരു മുറിയിൽ പോലും എസി വച്ചിട്ടില്ല. ഫാൻ പോലും അപൂർവമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. കഴിഞ്ഞ വേനൽക്കാലത്ത് പോലും വീടിനുള്ളിൽ ചൂട് അനുഭവപ്പെട്ടില്ല എന്നത് ഞങ്ങളുടെ അനുഭവസാക്ഷ്യമാണ്.

ചെലവ് ചുരുക്കിയ മേഖലകൾ

  • പഴയ വീടുകൾ പൊളിച്ചിടത്തു നിന്നു ശേഖരിച്ച തടിയാണ് മച്ചിനും, ഗോവണിക്കും, ജനാലകൾക്കുമെല്ലാം ഉപയോഗിച്ചിരിക്കുന്നത്.
  • പഴയ മേച്ചിൽ ഓടുകൾ പോളിഷ് ചെയ്യാതെ പുനരുപയോഗിച്ചു.
  • കോൺക്രീറ്റ് ഉപയോഗം പരിമിതപ്പെടുത്തി. പുറംഭിത്തികൾ പ്ലാസ്റ്റർ ചെയ്തിട്ടില്ല.

ചിത്രങ്ങൾ- പ്രഹ്ലാദ് ഗോപകുമാർ 

Project Facts

Location- Kanhangad, Kasargod

Area- 3460 SFT

Plot- 12 cent

Owner- Dr. Abhilash

Designer- Ar. Shyamkumar

Forms and spaces, Kanhangad

Mob- 9895404502 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com