അവിശ്വസനീയം, ഈ വീട് ഒരുക്കിയത് വെറും 5 ലക്ഷത്തിന്! പ്ലാൻ
Mail This Article
സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബം തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരുക്കിയ ഈ വീടിനു ഇന്നത്തെക്കാലത്ത് വളരെയധികം പ്രസക്‌തിയുണ്ട്.
മലപ്പുറം മഞ്ചേരി സ്വദേശി അപ്പുക്കുട്ടന് സ്വന്തമായി ആകെയുള്ളത് 3.25 സെന്റ് വസ്തുവാണ്. ഒരു കൂരയ്ക്കായി ഇദ്ദേഹം നിരവധി വർഷങ്ങൾ ഓഫിസുകൾ കയറിയിറങ്ങി. അവസാനം പ്രധാനമന്ത്രി ആവാസ് യോജന വഴിയുള്ള ആനുകൂല്യം ലഭിച്ചതോടെയാണ് വീടുപണിക്ക് അനക്കം വച്ചത്. ഘട്ടം ഘട്ടമായി മാത്രം എത്തുന്ന തുക, പണി പലപ്പോഴും മന്ദഗതിയിലാക്കി. ബാക്കി തുക സ്വന്തമായി സ്വരുക്കൂട്ടിയാണ് വീടുപണി പൂർത്തിയാക്കിയത്.
സമകാലിക ശൈലിയിൽ ഫ്ലാറ്റ് റൂഫായാണ് വീട് ഒരുക്കിയത്. സിറ്റൗട്ട്, ലിവിങ്- ഡൈനിങ് ഹാൾ, രണ്ടു കിടപ്പുമുറി, ഒരു കോമൺ ബാത്റൂം, അടുക്കള എന്നിവയാണ് 548 ചതുരശ്രയടിയിൽ ഒരുക്കിയത്. അടിത്തറ കെട്ടുന്നത് മുതൽ വാർപ്പിനും, പെയിന്റിങിനും വരെ അപ്പുകുട്ടനും കുടുംബവും കൈകോർത്തു. അതിലൂടെ പണിക്കൂലിയിനത്തിലും നല്ലൊരു തുക ലാഭിച്ചു. ഗ്രാഫിക് ഡിസൈനറായ മകൻ അമലിന്റെ കലാപരമായ സംഭാവനകളും വീടിനു മുതൽക്കൂട്ടായി.
സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം അഞ്ചു ലക്ഷം രൂപയിൽ ഒതുക്കാൻ കഴിഞ്ഞു. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം വിയർപ്പിന്റെ ഫലമായ സ്വപ്നക്കൂട് സഫലമായതിന്റെ സന്തോഷത്തിലാണ് അപ്പുക്കുട്ടനും കുടുംബവും.
ചെലവ് കുറച്ച ഘടകങ്ങൾ
- ഫെറോസിമന്റ് വാതിലുകൾ ഉപയോഗിച്ചു. ഒരെണ്ണത്തിന് ഏകദേശം 1800 രൂപ മാത്രം വില.
- ജനൽ, വാതിൽ, കട്ടിളയ്ക്ക് കയനി മരത്തിന്റെ തടി ഉപയോഗിച്ചു.
- രണ്ടു മുറികൾ റെഡ്ഓക്സൈഡ് വിരിച്ചു. മറ്റു മുറികളിൽ മാർബോനൈറ്റും.
- വൈറ്റ് സിമന്റ് പ്രൈമറാണ് ചുവരുകളിൽ അടിച്ചത്.
- നിസാരമായ കേടുപാടുകൾ വന്ന ടൈലുകൾ പകുതിവിലയ്ക്ക് കടയിൽ നിന്നും സംഘടിപ്പിച്ചു.
എസ്റ്റിമേറ്റ്
- സ്ട്രക്ചർ- 3.20 ലക്ഷം
- വയറിങ്- 20000
- പ്ലമിങ്- 20000
- ഫ്ളോറിങ്- 20000
- പെയിന്റിങ്- 20000
- പണിക്കൂലി, മറ്റിനങ്ങൾ- 1 ലക്ഷം
Project Facts
Location- Manjeri, Malappuram
Plot- 3.25 cent
Area- 548 SFT
Owner- Appukuttan
Designer- Sherin payyanad
Completion year- 2019
Budget- 5 Lakhs