ഇങ്ങനെയാണ് വീട് ഒരു അനുഗ്രഹമായി മാറുന്നത്! പ്ലാൻ കാണാം
Mail This Article
പ്രകൃതിരമണീയമായ ചുറ്റുപാടിനോട് ഇഴുകിച്ചേരുന്ന വീട്. അതാണ് കട്ടപ്പനയിലുള്ള ജോണി തോമസിന്റെ ഭവനത്തെ വേറിട്ടുനിർത്തുന്നത്. ദീർഘചതുരാകൃതിയിലുള്ള 45 സെന്റ് പ്ലോട്ടിൽ പരമാവധി കാഴ്ച ലഭിക്കുംവിധമാണ് എലിവേഷൻ നിർമിച്ചത്. മുറ്റത്തുള്ള മാവ് നിലനിർത്തിയാണ് വീട് പണിതത് എന്നത് ശ്രദ്ധേയമാണ്.
മൊണീറിന്റെ കോൺക്രീറ്റ് ടൈലുകളാണ് മേൽക്കൂരയിൽ വിരിച്ചത്. പല തട്ടുകളായാണ് മേൽക്കൂരയുടെ വിന്യാസം, ഇടയിലായി ഗ്ലാസ് കൊണ്ട് പർഗോളയും നൽകിയിട്ടുണ്ട്. പുറംഭിത്തിൽ ക്ലാഡിങ് ടൈലുകൾ നൽകി ഭംഗിയാക്കിയിട്ടുണ്ട്.
ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ, കോർട്യാർഡ് എന്നിവയാണ് 4250 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. വീടിന്റെ കുറച്ചു പിന്നിലായി മലനിരകളാണ്. ഇവിടെ നിന്നുള്ള കാറ്റ് വീടിനകത്തൂടെ കടന്നുപോകുംവിധം മുന്നിലും പിന്നിലും ഗ്ലാസ് വാതിലുകൾ നൽകി. സുരക്ഷയ്ക്കായി ഓട്ടോമേറ്റഡ് റോളിങ് ഷട്ടറുകളും നൽകിയിട്ടുണ്ട്. പകൽ സമയത്ത് വീടിനുള്ളിൽ ലൈറ്റും ഫാനും ഇടേണ്ട കാര്യമില്ല എന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല.
വീടിന്റെ ഹൃദയം കോർട്യാർഡാണ്. സീലിങ്ങിലെ ഗ്ലാസ് റൂഫിലൂടെ പ്രകാശം സമൃദ്ധമായി അകത്തളത്തിലെത്തുന്നു. നിലത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. ഇൻഡോർ പ്ലാന്റുകൾ കോർട്യാർഡിൽ പച്ചപ്പ് നിറയ്ക്കുന്നു. സമീപം ആട്ടുകട്ടിൽ നൽകി.
അകത്തളങ്ങളിൽ ഓരോ ഇടങ്ങളിലും ഒരു ഭിത്തി വോൾപേപ്പർ ഒട്ടിച്ചു വേർതിരിച്ചിട്ടുണ്ട്. ഫാമിലി ലിവിങ്ങിൽ തന്നെ പ്രെയർ ഏരിയ ക്രമീകരിച്ചു. ഇവിടെ തറനിരപ്പിൽ നിന്നും ഉയർത്തി തടി കൊണ്ട് ഡെക്ക് നൽകി. ഇതിനുള്ളിൽ സ്റ്റോറേജ് സ്‌പേസും ക്രമീകരിച്ചു. ഫ്ലോറിങ്ങാണ് മറ്റൊരു സവിശേഷത. പ്രധാന ഇടങ്ങളിലെല്ലാം വുഡൻ ഫ്ലോറിങ്ങാണ് നൽകിയത്. അടുക്കളയിൽ മാത്രം വിട്രിഫൈഡ് ടൈലുകൾ വിരിച്ചു.
സാധാരണ വീടുകളിൽ ഗോവണി സ്ഥലം അപഹരിക്കാറുണ്ട്. ഇവിടെ ഡെഡ് സ്‌പേസ് പരമാവധി കുറച്ചാണ് ഗോവണിയുടെ ഡിസൈൻ. ഹാങ്ങിങ് ശൈലിയിലാണ് വുഡൻ ഫാബ്രിക്കേറ്റഡ് സ്റ്റെയർ ഒരുക്കിയത്. ഗ്ലാസിന് പകരം സ്റ്റെയിൻലെസ്സ് സ്റ്റീലിന്റെ സ്ട്രിങ്ങുകളാണ് കൈവരികളിൽ നൽകിയത്.
ഓരോ കിടപ്പുമുറിയുടെ ഹെഡ്ബോർഡിലും വ്യത്യസ്ത വോൾപേപ്പർ നൽകി വേർതിരിച്ചിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, ഫുൾ ലെങ്ത് വാഡ്രോബുകൾ എന്നിവയും മുറികളിൽ ഒരുക്കി.
പ്ലൈവുഡ്, വെനീർ എന്നിവ കൊണ്ടാണ് അടുക്കളയുടെ ഫർണിഷിങ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
വീടിന്റെ പിന്നിലായി ഔട്ടർ കോർട്യാർഡും ഒരുക്കിയിട്ടുണ്ട്. ഇവിടെ പോളികാർബണേറ്റ് ഷീറ്റ് വിരിച്ചു മേൽക്കൂരയൊരുക്കി. നാച്ചുറൽ സ്റ്റോൺ കൊണ്ട് ഇരിപ്പിടങ്ങൾ നൽകി.
മലനിരകളെ തഴുകി എത്തുന്ന കാറ്റും പച്ചപ്പും സൂര്യന്റെ പ്രഭാതകിരണങ്ങളുമെല്ലാം വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. അത് തങ്ങളുടെ മനസ്സിൽ സന്തോഷം നിറയ്ക്കുന്നു എന്നു വീട്ടുകാരും സാക്ഷിക്കുന്നു.
Project Facts
Location- Kattapana
Area- 4250 SFT
Plot- 45 cent
Owner- Johny Thomas
Designer- Vineeth Joy, Sini Vineeth
Design Groove, Piravom
Mob- 9895758255