ADVERTISEMENT

മലപ്പുറം മുള്ളൻപാറയിൽ വീതി കുറഞ്ഞ പ്ലോട്ടെന്ന വെല്ലുവിളിയെ മറികടന്ന് നിർമിച്ച സമീറിന്റെ വീടാണിത്. ഒറ്റനില വീട് മതി എന്ന ഗൃഹനാഥന്റെ ആഗ്രഹപ്രകാരം നിർമിച്ച വീട്ടിൽ ലിവിങ്, ഡൈനിങ്, രണ്ടു ബെഡ്റൂമുകൾ, കിച്ചൻ എന്നിവ ഉൾക്കൊള്ളുന്നു. ഏറെ വിസ്തൃതിയും സൗകര്യമുള്ളതുമായ മുറികൾ, കാറ്റും വെളിച്ചവും കടന്നു വരുന്ന അകത്തളങ്ങൾ എന്നിവ ഇൗ വീടിന്റെ പ്രത്യേകതകളാണ്. മിനിമൽ ശൈലിയിലൊരുക്കിയിരിക്കുന്ന വീട് 1000 സ്ക്വയർഫീറ്റിലാണുള്ളത്. ബജറ്റിനേക്കാൾ വെല്ലുവിളിയായി നിന്ന പ്ലോട്ടിൽ 27 ലക്ഷത്തിനാണ് വീട് നിർമ്മിച്ചത്. മഞ്ചേരിയിലെ ലെസാറ ഡിസൈനേഴ്സിലെ നവാസാണ് ഇൗ വീട് രൂപകല്പന ചെയ്തത്.

വീതി കുറഞ്ഞ പ്ലോട്ട്

27-lakh-home-manjeri-view

വീതി കുറഞ്ഞ് പുറകിലേക്ക് നീണ്ട് കിടക്കുന്ന ഏഴ് സെന്റ് പ്ലോട്ട് തന്നെയാണ് ബജറ്റിനേക്കാൾ ഏറെ വെല്ലുവിളിയായത്. ദീർഘചതുരത്തിലാണെങ്കിലും വീതിയില്ലാത്ത പ്ലോട്ടായതിനാൽ ആഗ്രഹപ്രകാരം സ്പേഷ്യസായ വീട് വയ്ക്കുവാൻ സാധിക്കില്ലെന്ന് പലരും പറഞ്ഞ് പിന്തിരിപ്പിച്ചു. ആ ഇടയ്ക്കാണ് ബന്ധുവും ഇന്റീരിയർ ഡിസൈനറുമായ നവാസിനെ വീടുപണി ഏൽപ്പിക്കുന്നത്. ആ കൂടിച്ചേരൽ സമകാലിക ശൈലിയിൽ പുത്തനൊരു വീട് എന്ന ആശയത്തിന് തിരികൊളുത്തി. 

പരമ്പരാഗത ശൈലിയെ അനുസ്മരിക്കും വിധമാണ് എക്സ്റ്റീരിയർ. ഒാഫ് വൈറ്റ് നിറത്തിന് വേർതിരിവ് നൽകാൻ മസ്റ്റർഡ് യെല്ലോ നിറമാണ് എലവേഷനിൽ ഉപയോഗിച്ചത്. ടെറാക്കോട്ട ഫിനിഷിലുള്ള ക്ലാഡിങ്ങും എക്സ്റ്റീരിയറിന് ചാരുതയേകുന്നു. ഒറ്റനിലയാണെങ്കിലും രണ്ടുനിലയായി തോന്നിക്കുന്നു എന്നതാണ് പ്രത്യേകത. മുകളിൽ നൽകിയ സീറ്റിങ് ഏരിയ ഇതിന് സഹായിക്കുന്നു. 

വീടിനോട് അൽപം മാറിയാണ് പോർച്ചെങ്കിലും വീടുമായി ബന്ധിപ്പിക്കാൻ ലാൻഡ്സ്കേപ്പ് നൽകി. ഗേറ്റും മതിലും മൊത്തത്തിലുള്ള ഡിസൈൻ നയത്തോട് ചേരുന്നവയാണ്. സിറ്റൗട്ടിലേക്ക് കയറുന്നിടത്തുള്ള തൂണുകൾ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്നു. ത്രികോണാകൃതിലുള്ള തൂണുകൾക്ക് നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങ് നൽകിയത് പരുക്കൻ പ്രതീതി ജനിപ്പിക്കുന്നുണ്ട്. ട്രസ് വർക്ക് ചെയ്ത സിറ്റൗട്ടിൽ വിട്രിഫൈഡ് ടൈലും ഗ്രാനൈറ്റും ഫ്ളോറിങ്ങിന് ടെരഞ്ഞെടുത്തു. 

വിശാലമായ അകത്തളം

27-lakh-home-manjeri-hall

വിശാലമായ അകത്തളമാണ് അകത്തേക്ക് ക്ഷണിക്കുന്നത്. എൽ ഷേപ്പിലാണ് ലിവിങ്ങും ഡൈനിങ്ങും ഒരുക്കിയത്. രണ്ടിടത്തിരുന്നാലും കാണാവുന്ന തരത്തിൽ ടിവി യൂണിറ്റ് സ്ഥാപിച്ചു. കോൺട്രാസ്റ്റ് നിറമായ ഇലക്ട്രിക് ബ്ലൂ നിറം കൊണ്ടാണ് ഫർണിഷിങ്ങ്. സീലിങ്ങിൽ ജിപ്സവും ചുമരിൽ വാൾപേപ്പറും തറയിൽ മാറ്റ് വുഡ് ഫിനിഷും ചെയ്തു. 

27-lakh-home-manjeri-dine

ഡൈനിങ്ങിന് സമീപത്താണ് സ്റ്റെയർകേസുള്ളത്. ഒലീവ് ഗ്രീൻ നിറമാണ് ഇവിടുത്തെ ഹൈലൈറ്റ്. ലാൻഡിങ്ങിൽ വലിയൊരു ഒാപ്പണിങ് നൽകി സൂര്യപ്രകാശത്തെ അകത്തേക്ക് ക്ഷണിക്കുന്നുണ്ട്. 

27-lakh-home-manjeri-bed

കിടപ്പുമുറികളിൽ റൂം സ്പേയ്സ് നീക്കിവച്ചിട്ടുണ്ട്. ബെഡ് സ്പേയ്സിന്റെ മുകൾഭാഗം ജിപ്സം -ഗ്ലാസ് ഉപയോഗിച്ച് ഫാൾസ് സീലിങ്ങ് ചെയ്തു. ആകെ രണ്ട് കിടപ്പുമുറിയാണ് ഇൗ വീട്ടിലുള്ളത്. മാസ്റ്റർ ബെഡ്റൂമിൽ മാത്രമേ ബാത്റൂം നൽകിയിട്ടുള്ളൂ. ആവശ്യാനുസരണം മുകൾനിലയിൽ രണ്ടു കിടപ്പുമുറി കൂട്ടിച്ചേർക്കാവുന്ന രീതിയിലാണ് വീടിന്റെ രൂപകൽപന.

27-lakh-home-manjeri-kitchen

ലളിതമായ ശൈലി കിച്ചനും പിൻതുടരുന്നു. ഗ്രാനൈറ്റ് കൊണ്ട് കൗണ്ടർടോപ്പും പ്ലൈവുഡ് കൊണ്ട് കിച്ചൻ ക്യാബിനറ്റുകളും. 

വീടിനകത്തേക്ക് സമൃദ്ധമായി കാറ്റും വെളിച്ചവും കടന്നു വരുവാൻ കൂടുതൽ ജനാലകൾ കൊടുത്തു. ക്രോസ് വെന്റിലേഷനും ഉറപ്പാക്കി. വീടിനുള്ളിലെ വായുസഞ്ചാരം ത്വരിതഗതിയിലാക്കാൻ സ്റ്റെയർ ഏരിയയിൽ ട്രെസ് വർക്ക് ചെയ്ത് ഒാടുകൾ വിരിച്ചു. ഗ്ലാസ് ഒാടുകളും എത്തിയതോടെ പകൾ സമയം ഊർജ ഉപഭോഗം കുറയ്ക്കാനുമായി. 

ചെലവ് ചുരുക്കിയതിങ്ങനെ

27-lakh-home-manjeri-site
  • വീടിന്റെ പ്രധാന വാതിൽ കരിവാക കൊണ്ടും ജനാലകൾ തേക്ക് കൊണ്ടും തീർത്തു. മറ്റിടങ്ങളിൽ സിമന്റ് കട്ടിളകൾ ഉപയോഗിച്ചു.
  • കിടപ്പുമുറികളിലെല്ലാം റെഡിമെയ്ഡ് സ്റ്റീൽ ഡോറുകൾ സ്ഥാനം കണ്ടെത്തി.
  • സിറ്റൗട്ട്, പോർച്ച്, സ്റ്റെയർ റൂം എന്നിവിടങ്ങളിൽ മേൽക്കൂര വാർക്കാതെ ട്രസിട്ട് ഒാട് മേഞ്ഞതിനാൽ കോൺക്രീറ്റ് പില്ലറുകൾ ഒഴിവാക്കാനായി. 
  • കൈവരികളുടെ മുകൾ ഭാഗം സ്റ്റെയിൻലെസ് സ്റ്റീലും ബാക്കി ഭാഗം ജി ഐ കൊണ്ടും തീർത്തു.
27-lakh-home-manjeri-plan

Project Facts

Location- Mullanpara, Manjeri

Area-1000 Sqft.

Plot- 7 Cents

Cost- 27 Lakhs

Owner- Sameer

Designer- Navas

Lezara builders &Designers, Malappuram

Ph: 09388433499, 8593072999, 9846627755

Completion year- 2017

ചിത്രങ്ങൾ- അജീബ് കൊമാച്ചി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com