ADVERTISEMENT

പ്രവാസികൾക്ക് ഗൃഹാതുരമായ ഓർമയാണ് നാടും വീടും. കാസർകോട് പൊയ്‌നാച്ചി എന്ന സ്ഥലത്ത് കേരളത്തനിമ നിറഞ്ഞ വീട് സഫലമാക്കിയതിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ ബാലൻ പങ്കുവയ്ക്കുന്നു.

traditional-kasargod-home-view

വടക്കൻ മലബാറിലെ പഴയ തറവാടുകൾ എന്നെ ഒരുപാട് മോഹിപ്പിച്ചിട്ടുണ്ട്. സ്വന്തമായി വീടു വയ്ക്കുമ്പോൾ അത് കേരളത്തനിമ ഉള്ളതാകണം എന്ന് അന്നേ മനസ്സിൽ കുറിച്ചിരുന്നു. ബജറ്റ് 40 ലക്ഷത്തിനു മുകളിൽ പോകരുത് എന്ന് ആഗ്രഹമുണ്ടായിരുന്നു. ആദ്യം മുതൽ കരുതലോടെയാണ് ചെലവാക്കിയത്. പരമ്പരാഗത ശൈലിയിൽ പടിപ്പുര കടന്നാണ് അകത്തേക്ക് പ്രവേശിക്കുന്നത്. വീടിന്റെ സ്ട്രക്ചറും ചുറ്റുമതിലും കിണറുമെല്ലാം കെട്ടിയത് പ്രാദേശികമായി ലഭ്യമായ വെട്ടുകല്ലുകൊണ്ടാണ്. പ്ലോട്ടിലുള്ള തെങ്ങും മറ്റു മരങ്ങളും സംരക്ഷിച്ചാണ്‌ മുറ്റം കെട്ടിയെടുത്തത്.

traditional-kasargod-home-elevation

നാലു തട്ടുകളായാണ് മേൽക്കൂര ക്രമീകരിച്ചത്. വീടിന്റെ നാലു വശത്തുനിന്നും വ്യത്യസ്തമായ കാഴ്ച ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. ഡബിൾ ഹൈറ്റിലാണ് മധ്യത്തിലുള്ള മേൽക്കൂര. ഇത് കാറ്റും വെളിച്ചവും അകത്തേക്ക് കടത്തിവിടുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു. ഫ്ലാറ്റ് റൂഫിന് മുകളിൽ ജിഐ കൊണ്ട് ട്രസ് ചെയ്താണ് ഓടുവിരിച്ചത്. ഗുണനിലവാരമുള്ള മംഗലാപുരം മേച്ചിൽ ഓടുകൾ ലഭിച്ചത് വീടിന്റെ പുറംകാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നു.

traditional-kasargod-home-dine

സിറ്റ് ഔട്ട്, ലിവിങ്, പൂജാമുറി, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഒരുക്കിയത്. സോപാനം ശൈലിയിലാണ് സിറ്റൗട്ട്. തടി കൊണ്ടാണ് കൈവരികൾ നിർമിച്ചത്. ഊണുമുറിയും പൂജാമുറിയും ഒരു ഹാളിന്റെ ഭാഗമായി വരുന്നു. ഇവിടെയാണ് ഡബിൾ ഹൈറ്റ് മേൽക്കൂര നൽകിയത്. വീടിനുള്ളിൽ കൂടുതൽ വിശാലത തോന്നിക്കാൻ ഇത് ഗുണകരമായി. ഫോൾസ് സീലിങ്ങും ലൈറ്റുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രാനൈറ്റാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കൂടുതലും റെഡിമെയ്ഡായി വാങ്ങി.

traditional-kasargod-kitchen

മൂന്നു കിടപ്പുമുറികളിലും അത്യവശ്യ സൗകര്യങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്. മലേഷ്യൻ ഇരൂൾ കൊണ്ടാണ്‌ അടുക്കളയിലെ കബോർഡുകൾ നിർമിച്ചത്. വർക്കേരിയയുടെ ഭിത്തിയിൽ തടി കൊണ്ടുള്ള വില്ലഴികൾ നൽകിയിട്ടുണ്ട്.

traditional-kasargod-home-bed

നിർമാണ സാമഗ്രികളുടെ തിരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഒന്നിന് 200 രൂപ വിലയുള്ള വെട്ടുകല്ലാണ് മേടിച്ചത്. ഇതിനു മുകളിൽ ക്ലിയർ കോട്ട് മാത്രം അടിച്ചാൽ മതിയാകും. സ്ട്രക്ചറും ഫിനിഷിങ്ങും സഹിതം 42 ലക്ഷമാണ് ചെലവായത്.  അധികം ഫിനിഷിങ് ആവശ്യമില്ലെങ്കിൽ ഇത്തരമൊരു വീട് 35 ലക്ഷത്തിൽ പൂർത്തിയാക്കാം.

plan

വീടിന്റെ ഏറ്റവും വലിയ സവിശേഷത അകത്തളങ്ങളിൽ നിറയുന്ന തണുപ്പാണ്. വെട്ടുകല്ല് കൊണ്ടുള്ള ഭിത്തികൾ ചൂടിനെ തടയുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ക്രോസ് വെന്റിലേഷൻ ലഭിക്കുംവിധം അകത്തളങ്ങൾ ക്രമീകരിച്ചതും സഹായകരമായി. പൊതുവെ ഞങ്ങളുടെ പ്രദേശത്തു ചൂട് കൂടുതലാണ്. എന്നിട്ടും വീടിനുള്ളിൽ അധികം ചൂട് അനുഭവപ്പെടുന്നില്ല എന്നതാണ് സന്തോഷം. 

Project Facts

Location- Poinachi, Kasargod

Area- 1800 SFT

Owner- Balan

Designers- Dilip Maniyeri, Raju T

Mob- 9895311035

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com