ADVERTISEMENT
18-lakh-home-elevation

തൃശൂർ ജില്ലയിലെ മാളയിൽ തറവാടിരുന്ന സ്ഥലത്താണ് ശ്യാമിന്റെയും സുനൈനയുടെയും പുതിയ വീട്. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന ശ്യാം വർഷങ്ങളായി ഡൽഹിയിലായിരുന്നു താമസം, ജോലിയിൽ നിന്നും വിരമിച്ച ശേഷം നാട്ടിലെത്തി സ്വസ്ഥമായി ചെലവഴിക്കാൻ പാകത്തിലൊരു വീടാണ് ഇരുവരും ആഗ്രഹിച്ചത്. പഴയ തറവാട് പുതുക്കിപ്പണിയാൻ പദ്ധതി ഇട്ടെങ്കിലും കാലപ്പഴക്കം വില്ലനായി, അങ്ങനെയാണ് തറവാട് പൊളിച്ചു അതിലെ സാമഗ്രികൾ കൊണ്ടുതന്നെ പുതിയ വീട് എന്ന ആശയത്തിലേക്ക് എത്തിയത്.

18-lakh-home-interior

ചെലവ് പരമാവധി കുറച്ചു പ്രകൃതിയുമായി ഇഴുകിച്ചേരുന്ന വീട് എന്നതായിരുന്നു സങ്കൽപം. ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദ വീടുകളുടെ പ്രചാരകനായ കോസ്റ്റ്ഫോർഡിലെ ശാന്തിലാലാണ് വീട് രൂപകൽപന ചെയ്തത്. ഭാര്യയും ഭർത്താവും മകളും മാത്രമുള്ള കുടുംബത്തിന്റെ ആവശ്യങ്ങൾ മാത്രം പരിഗണിച്ചാണ് വീട്ടിൽ സൗകര്യങ്ങൾ ഒരുക്കിയത്. പഴയ തറവാട് പൊളിച്ചു കിട്ടിയ മണ്ണും കല്ലും പൊടിയും വരെ ഇവിടെ പുനരുപയോഗിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

പഴയ തറവാട് പൊളിച്ചുകിട്ടിയ വെട്ടുകല്ലുകൊണ്ടാണ് സ്ട്രക്ചർ കെട്ടിയത്. ഫില്ലർ സ്ളാബ് ശൈലിയിലാണ് മേൽക്കൂര വാർത്തത്. ഓട് പഴയ തറവാട്ടിലെ കഴുകിയെടുത്തതാണ്. 

സ്വീകരണമുറി,ഡൈനിങ് ഹാൾ, അടുക്കള, രണ്ടു കിടപ്പുമുറികൾ, മുകളിൽ മൾട്ടിപർപസ് ഹാൾ എന്നിവയാണ് 1800 ചതുരശ്രയടിയിൽ  ഒരുക്കിയിരിക്കുന്നത്.

18-lakh-home-bed

വീടിന്റെ ഏറ്റവും വലിയ സവിശേഷത അകത്തളങ്ങളിൽ നിറയുന്ന തണുപ്പാണ്. നീളൻ വരാന്ത കടന്നു അകത്തേക്ക് എത്തുമ്പോൾ തന്നെ തണുപ്പിന്റെ പുതപ്പ് കൊണ്ട് ആരോ കെട്ടിപിടിച്ചതുപോലെതോന്നും. വെട്ടുകല്ല് കൊണ്ടുള്ള ഭിത്തികൾ ചൂടിനെ തടയുന്നതിൽ വലിയ പങ്കുവഹിക്കുന്നു. കോൺക്രീറ്റിനു പകരം മണ്ണും കുമ്മായവും കുഴച്ച മിശ്രിതമാണ് ചുവരുകളിൽ പൂശിയത്. ഇതും താപത്തെ പ്രതിരോധിക്കുന്നു. ക്രോസ് വെന്റിലേഷൻ ലഭിക്കുംവിധം അകത്തളങ്ങൾ ക്രമീകരിച്ചതും സഹായകരമായി. പ്ലാസ്റ്ററിങ്ങിനു സിമന്റും പെയിന്റും ലാഭിച്ചു.

18-lakh-home-hall

ഊണുമുറി, ഗോവണി എന്നിവ അടങ്ങുന്ന ഹാൾ ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും ഉറപ്പുവരുത്തുന്നു.

18-lakh-home-upper

രണ്ടു കിടപ്പുമുറികളിലും അത്യവശ്യ സൗകര്യങ്ങൾ മാത്രം. പഴയ ഒരു വീട് പൊളിച്ചിടത്തുനിന്നു ശേഖരിച്ച തടി ഗോവണി മിനുക്കിയാണ് പുനർപ്രതിഷ്ഠിച്ചത്.  മുകളിലെ ഹാൾ, കിടപ്പുമുറിയായും വായനാമുറിയായുമൊക്കെ അവശ്യാനുസരണം മാറ്റിയെടുക്കാം.

വീട്ടിൽ ബയോഗ്യാസ് പ്ലാന്റും ഒരുക്കിയിട്ടുണ്ട്. അടുക്കളയിൽ രണ്ടു അടുപ്പുകൾ ക്രമീകരിച്ചിരിക്കുന്നു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 18 ലക്ഷത്തിനു വീട് ഒരുക്കാൻ കഴിഞ്ഞു.

ചെലവ് കുറച്ച ഘടകങ്ങൾ

  • മണലും സിമന്റും ഉപയോഗിക്കാതെയാണ് (Dry Rubble Masonry) അടിത്തറ കെട്ടിയത്. 
  • മണ്ണും കുമ്മായവും കുഴച്ച മിശ്രിതമാണ് ചുവരുകളിൽ പൂശിയത്. പ്ലാസ്റ്ററിങ്ങിനു സിമന്റും പെയിന്റും ലാഭിച്ചു.
  • കരിങ്കല്ല് കൊണ്ടാണ് നിലം ഒരുക്കിയത്. ഇതിനു മുകളിൽ പെയിന്റ് അടിക്കുകയായിരുന്നു.
  • ജനലും വാതിലും ഫർണീച്ചറുമെല്ലാം പഴയ വീട്ടിലെ പുനരുപയോഗിക്കുകയായിരുന്നു.
  • പഴയ ഓട് കഴുകി പുനരുപയോഗിച്ചു.

Project Facts

Location- Mala, Thrissur

Area- 1800 SFT

Owner- Shyam& Sunaina

Designer- Santilal

Costford Triprayar Center, Thrissur

Ph : 9495667290

Budget- 18 Lakhs

Completion year- 2017

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com