പരസ്പരം മത്സരിക്കുന്ന വീട്! പ്ലാൻ
Mail This Article
മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് ബിസിനസുകാരനായ ഷാജിയുടെ വീട്. ലാൻഡ്സ്കേപ്പിലേക്ക് മിഴി തുറക്കുന്ന അകത്തളങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ഒറ്റക്കെട്ടായ ആവശ്യം. വിശാലമായ 40 സെന്റ് പ്ലോട്ടിന്റെ ആനുകൂല്യങ്ങൾ മുതലെടുത്താണ് വീട് രൂപകൽപന ചെയ്തത്. 6000 ചതുരശ്രയടി ലാൻഡ്സ്കേപ്പിനായി മാറ്റിവച്ചിരിക്കുന്നു. മുറ്റത്തുള്ള മരങ്ങൾ കഴിവതും വെട്ടാതെ സംരക്ഷിച്ചിട്ടുമുണ്ട്. റോഡിൽ നിന്നും സിറ്റൗട്ട് വരെ ഡ്രൈവ് വേ നൽകിയിട്ടുണ്ട്. കോട്ട സ്റ്റോൺ വിരിച്ചാണ് മുറ്റം കെട്ടിയത്. വശത്തായി പുൽത്തകിടി നൽകി ഗസീബോയും ഒരുക്കിയിട്ടുണ്ട്. തുറന്ന മേൽക്കൂരയാണ് ഇതിന്റെ സവിശേഷത. ഫൗണ്ടനും നൽകിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ വീട്ടുകാരുടെ ഇഷ്ട ഒത്തുകൂടൽ ഇടമാണിവിടം.
സമ്മിശ്ര ശൈലിയിലാണ് വീടിന്റെ എലവേഷൻ. ഒരു വശത്തും ഫ്ലാറ്റ് റൂഫും മറുവശത്ത് സ്ലോപ് റൂഫും നൽകി. ഷിംഗിൾസാണ് റൂഫിൽ വിരിച്ചത്. ഫണ്ടർമാക്സ് പാനലുകളാണ് ഗെയ്റ്റിലും പടിപ്പുര മാതൃകയിലുള്ള നിർമിതിയിലും വിരിച്ചത്.
ആഡംബരങ്ങൾക്ക് അധികം പ്രാധാന്യം നൽകാതെ ഉപയോഗക്ഷമമായ അകത്തളങ്ങൾ ഒരുക്കി. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, കോർട്യാർഡ്, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 3200 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ ഒരു കിടപ്പുമുറി ഓഫിസ് റൂം ആക്കി മാറ്റി.
ഡബിൾ ഹൈറ്റിലാണ് ലിവിങ്. ഇതിന്റെ ഭിത്തിയിൽ സിമന്റ് ടെക്സ്ചർ നൽകി. ഇവിടെ നിന്നും ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കാം. ഇതിന്റെ വശത്തായി കോർട്യാർഡ് വേർതിരിച്ചു. സ്‌കൈലൈറ്റിലൂടെ പ്രകാശം അകത്തേക്കെത്തുന്നു. നിലത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. ഫ്ലോറിങ്ങിൽ വൈവിധ്യം പരീക്ഷിച്ചിട്ടുണ്ട്. ഇറ്റാലിയൻ മാർബിൾ, വിട്രിഫൈഡ് ടൈൽസ് എന്നിവയാണ് പ്രധാന ഇടങ്ങളിൽ നിലത്തു വിരിച്ചിരിക്കുന്നത്.
ബെഞ്ച് കൺസെപ്റ്റിലുള്ള ഊണുമേശയും വേറിട്ടുനിൽക്കുന്നു. ഇതിന്റെ പിന്നിലായി മൾട്ടിവുഡ്, ഗ്ലാസ് ഫിനിഷിൽ ജാളി ഡിസൈൻ നൽകി. വീടിനുള്ളിലെ വായുസഞ്ചാരം സുഗമമാക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ വീടിനുള്ളിൽ ചൂട് താരതമ്യേന കുറവുമാണ്.
തേക്കിന്റെ പ്രൗഢിയാണ് ഗോവണിയിൽ നിറയുന്നത്. പടികളിലും തടി വിരിച്ചു. കൈവരികളിൽ ഗ്ലാസ് നൽകി.
നാലു കിടപ്പുമുറികളും വ്യത്യസ്തമായി അണിയിച്ചൊരുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. മാസ്റ്റർ ബെഡ്‌റൂമിൽ വെർട്ടിക്കൽ സ്‌ട്രൈപ്‌സ് നൽകിയിട്ടുണ്ട്. വോൾപേപ്പർ, കോവ് ലൈറ്റുകൾ എന്നിവ കിടപ്പുമുറികൾ പ്രസന്നമാക്കുന്നു.
പ്ലൈവുഡ്, ഗ്ലാസ് ഫിനിഷിലാണ് അടുക്കളയുടെ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും നൽകി.
പച്ചപ്പിനു നൽകിയ പ്രാധാന്യം, അകത്തളങ്ങളിൽ ഓപ്പൺ ശൈലി, മിനിമൽ ശൈലിയിലുള്ള അകത്തളങ്ങൾ എന്നിവയെല്ലാം വീടിനെ വേറിട്ട ദൃശ്യാനുഭവമാക്കി മാറ്റുന്നു. ചുരുക്കത്തിൽ ലാൻഡ്സ്കേപ്പും വീടിന്റെ അകത്തളങ്ങളും തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം തന്നെ നടത്തുന്നു.
Project Facts
Location- Changaramkulam, Calicut
Area- 3200 SFT
Plot- 40 cents
Owner- Shaji
Designer- Nidheesh Mohan
Desart Interiors
Mob- 9072944944