ഇത് കഷ്ടപ്പാടുകൾക്ക് പകരം പ്രവാസജീവിതം നൽകിയ സമ്മാനം
Mail This Article
ഗൾഫിലേക്കും മറ്റും പ്രവാസത്തിനു പോകുന്ന മിക്ക മലയാളികളുടെയും ലക്ഷ്യങ്ങളിലൊന്ന് നല്ലൊരു വീടായിരിക്കും. അത്തരമൊരു വീട് സഫലമാക്കിയതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ പങ്കുവയ്ക്കുന്നു.
എന്റെ പേര് ടോണി. പഠനം പൂർത്തിയായ കാലം മുതൽ എല്ലാവരെയും പോലെ മനസ്സിൽ കടന്നു കൂടിയ സ്വപ്നമായിരുന്നു സ്വന്തം 'വീട്'. പ്രവാസ ജീവിതം തുടങ്ങിയപ്പോൾ അത് സാക്ഷാത്കരിക്കാൻ ശ്രമം തുടങ്ങി. രണ്ടാം വർഷമായപ്പോൾ ഗൃഹപാഠം തകൃതിയായി ചെയ്യാൻ തുടങ്ങി. പക്ഷേ കാര്യങ്ങൾ അത്ര സുഗമമായിരുന്നില്ല. അങ്ങനെ ഫെയ്‌സ്ബുക്കിൽ കണ്ട ഒരു ബിൽഡേഴ്സിനെ പരിചയപെട്ടു.
ഏറ്റവും വലിയ വെല്ലുവിളി ത്രികോണ ആകൃതിയിൽ ഉള്ള സ്ഥലം ആയിരുന്നു. കോട്ടയം ടൗണിൽ നിന്ന് 2 കി.മീ മാറി കാരാപ്പുഴയിൽ ആണ് പ്ലോട്ട്.രണ്ടു സൈഡിലും ടാർ ഇട്ട റോഡ്. നിയമ പ്രകാരം ഉള്ള 3 മീറ്റർ അകത്തേക്ക് വലിഞ്ഞപ്പോഴേ ഉള്ള സ്ഥലം പോയി. പിന്നെ മണ്ണിന്റെ ഘടന. പണ്ട് വെള്ളം കേറിയ സ്ഥലം ആയിരുന്നതിനാൽ 1 മീറ്റർ വാനം മാന്തിയപ്പോഴേ ചതുപ്പ് നിലം കണ്ടു. പിന്നെ ബിൽഡേഴ്സിന്റെ നിർദേശ പ്രകാരം ഭൂമി മണ്ണിട്ടുറപ്പിച്ചു. കൂടുതൽ കനം മുകളിൽ വരാതിരിക്കാനായി ചുടുകട്ട ഉപയോഗിച്ചു.
സമകാലിക ശൈലിയിലാണ് പുറംകാഴ്ച. മേൽക്കൂരയിൽ ഫ്ലാറ്റും സ്ലോപ്പും റൂഫുകൾ ഇടകലർത്തി നൽകി. ഒരു ഓഫ് വൈറ്റ് - ഈട്ടി കളർ കോമ്പിനേഷൻ ആണ് വീട്ടിൽ മുഴുവൻ പിന്തുടർന്നിരിക്കുന്നത്. പുറംഭിത്തിൽ ഒരുവശത്തായി ബ്ലാക് ക്ലാഡിങ് സ്റ്റോൺ ഒട്ടിച്ചു വേർതിരിച്ചു. ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1560 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്.
മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് അകത്തളത്തിൽ വിരിച്ചത്. ടിവി യൂണിറ്റ് മൾട്ടിവുഡിൽ ഒരുക്കി. ഭംഗി കൂട്ടാനായി ക്ലാഡിങ് ടൈലുകളും ഒട്ടിച്ചു. സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ ഒരുക്കിയത്. ഗോവണിയുടെ വശത്തായി ഊണുമേശ ക്രമീകരിച്ചു സ്ഥലം ഉപയുക്തമാക്കി.
അടുക്കള മോഡുലാർ വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. കബോർഡ് വർക്കുകൾ എല്ലാം മൾട്ടിവുഡിൽ ചെയ്തു. കബോർഡിനു ബെൻസ് റെഡ് എന്ന കളർ നൽകി.
രണ്ടു മുറികൾക്ക് അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകി. ഒരു കോമൺ ടോയ്‌ലറ്റ് ക്രമീകരിച്ചു. കിടപ്പുമുറികളിൽ വാഡ്രോബ് നൽകി. സ്ഥല പരിമിതികൾ ഉണ്ടെങ്കിലും ഭംഗിക്ക് കുറവ് വരുത്തേണ്ട എന്ന് കരുതി ഫോൾസ് സീലിങ് ചെയ്തു എൽഇഡി ലൈറ്റുകൾ നൽകി. നീണ്ട 10 മാസം കൊണ്ട് 1560 സ്ക്വയർഫീറ്റിൽ ഞങ്ങളുടെ സ്വപ്നവീട് പൂർത്തിയായി.
Project Facts
Location- Karapuzha, Kottayam
Area: 1560 Sq Ft
Owners: Tony Soman, Sujatha Soman
Mob- +971528362335
Builders: Innovate Designers and Builders PVT Ltd.