ADVERTISEMENT

എറണാകുളം ജില്ലയിലെ തട്ടേകാടുള്ള ഇ വി ജോളിയുടെ വീടിന് സവിശേഷതകളേറെയാണ്. പെരിയാർ നദിയിൽ നിന്നും 200 മീറ്റർ മാറി സ്ഥിതിചെയ്യുന്ന ആറ് സെന്റ് പ്ലോട്ട്. പ്രകൃതിരമണീയമായ കാഴ്ചകൾ സമ്മാനിക്കുന്ന സ്ഥലത്ത് മിതമായ ബജറ്റിലാണ് ഈ മനോഹര ഗൃഹം പണികഴിപ്പിച്ചത്. നാലംഗ കുടുംബത്തിന് താമസിക്കുവാൻ മൂന്ന് കിടപ്പുമുറികളോട് കൂടിയ വീട് എന്ന ആഗ്രഹമാണ് 1068 സ്ക്വയർഫീറ്റ് വിസ്തീർണ്ണത്തിൽ ഡിസൈനർ സാക്ഷാത്കരിച്ചത്. മികച്ച സ്ഥലക്രമീകരണവും അവയുടെ ഉപയോഗ ക്രമവുമനുസരിച്ചാണ് വീടിന്റെ മുക്കും മൂലയും ഒരുക്കിയത്. കൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്പെക്ട്രം ഇന്റീരിയേഴ്സിലെ ഡിസൈനർ ലിൻസനാണ് വീടിന്റെ രൂപകല്പന നിർവ്വഹിച്ചത്.

നാടൻ ഭൂപ്രകൃതിയാണെങ്കിലും വീടിന് അല്പം മോഡേൺ ചന്തമുണ്ട്. കൃത്യമായ പ്ലാനിങ്ങോടെയാണ് വീടിന്റെ പ്ലാൻ വരച്ചത്. പ്ലാൻ ഉറപ്പിക്കുന്നതിനു മുൻപ് തന്നെ ഫർണിഷിങ്ങ് ഡ്രോയിങ്ങും വരച്ച് വീടിന് വേണ്ട ഇന്റീരിയറും രൂപപ്പെടുത്തിയാണ് വീടിന് അടിത്തറയിട്ടത്. വീതി കുറഞ്ഞ് നീളത്തിലുള്ള പ്ലോട്ടായതിനാൽ അതിനനുസൃതമായാണ് രൂപകല്പന. ആധുനിക ശൈലിയിലുള്ള വീടിനോടുള്ള വീട്ടുകാരുടെ താത്പര്യമാണ് കൺടെംപ്രറി ഡിസൈൻ അവലംബിക്കാൻ പ്രേരണയായത്. 

thattekad-house-living

അകത്തള ക്രമീകരണം...

thattekad-house-dining

വീടിനുൾത്തളം തുറസ്സായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സ്വീകരണമുറി, ഉൗണുമുറി, അടുക്കള എന്നിവയെല്ലാം തുറന്ന നയത്തിലാണ്. കിടപ്പുമുറികളുടെ വലുപ്പം കുറച്ച് പൊതുവായ ഇടങ്ങൾ വിസ്തൃതമായി നിർമ്മിക്കുകയായിരുന്നു. വീടിന്റെ ബാഹ്യസൗന്ദര്യത്തേക്കാളേറെ പ്രാധാന്യം കൽപ്പിച്ചത് അകത്തളത്തിനായിരുന്നു. എന്നിരുന്നാലും പുറംമോടിയിൽ ടെക്സ്ച്ചർ പെയിന്റും സ്റ്റോൺ ക്ലാഡിങ്ങും നൽകി ആകർഷകമാക്കിയിട്ടുണ്ട്. തീമിന്റെ കാര്യത്തിൽ കടുംപിടുത്തമില്ലായിരുന്നെങ്കിലും വെള്ള, പച്ച, ബ്രൗൺ എന്നീ നിറങ്ങൾക്കു പ്രാധാന്യം നൽകുന്ന രീതിയിലാണ് അകത്തളം ഒരുക്കിയത്. എക്സ്റ്റീരിയർ മുതൽ ഇൗ നിറങ്ങൾ കാണാം. 

എൽ ഷേപ്പിൽ ഒരുക്കിയ ഫർണീച്ചറാണ് ലിവിങ് ഏരിയയിലെ പ്രധാന ആകർഷണം. ടെക്സ്ച്ചർ പെയിന്റും വാൾ പെയിന്റിങ്ങും ലിവിങ്ങിലെ ചുമരിലെ ശ്രദ്ധാ കേന്ദ്രമാണ്. ഇവിടെ തന്നെയാണ് ടിവി കാണുവാനുമുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനു മറുവശത്താണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. ടിവി യൂണിറ്റ് സ്ഥാപിച്ച പാർട്ടീഷൻ വാൾ ലിവിങ്ങിനേയും ഡൈനിങ്ങിനേയും വേർത്തിരിക്കുവാൻ സഹായിക്കുന്നു. ഡൈനിങ്ങിൽ നിന്നുകാണുന്ന ഭാഗത്ത് വലിയൊരു മിറർ സ്ഥാപിച്ചിട്ടുണ്ട്. വീടിനുള്ളിൽ ഇടുക്കം തോന്നാതിരിക്കുവാനുള്ള ഡിസൈനറുടെ ഡിസൈൻ എലമെന്റുകളാണിത്. വീടിന്റെ പല ഭാഗത്തായി ഇത്തരത്തിൽ മിറർ ഉപയോഗിച്ചുണ്ട്. 

കസ്റ്റമൈസ്ഡ് ഫർണീച്ചറുകൾ...

thattekad-house-bedroom

സ്ഥലം വളരെ കുറവാണെങ്കിലും വീടിനിണങ്ങുന്ന രീതിയിലാണ് ഫർണീച്ചറുകൾ. ഡൈനിങ് ഏരിയയിലെ സിക്സ് സീറ്റർ ഡൈനിങ് ടേബിൾ മിതമായ സ്ഥലത്ത് ക്രമീകരിച്ചിരിക്കുന്നു. വീട്ടിലുള്ള എല്ലാ ഫർണീച്ചറുകളും കസ്റ്റംമെയ്ഡാണ്. ആകെ മൂന്നു കിടപ്പുമുറികളാണുള്ളത്. ഒരെണ്ണം ബാത്ത്റൂം അറ്റാച്ച്ഡാണ്. വാഷ് ഏരിയയ്ക്കു സമീപം തന്നെ കോമൺബാത്ത്റൂമും സ്ഥിതി ചെയ്യുന്നുണ്ട്. കിടപ്പുമുറികളിൽ എല്ലാം തന്നെ ആകൃതിയ്ക്കനുസരിച്ചുള്ള ഫർണീച്ചറുകൾ സെറ്റ് ചെയ്തിരിക്കുന്നു. വാർഡ്രോബുകൾ മൾട്ടിവുഡ്, പാർട്ടിക്കിൾ ബോർഡ്, എച്ച് ഡി എഫ് എന്നീ മെറ്റീരിയലുകൾ കൊണ്ട് നിർമ്മിതമാണ്.

thattekad-house-kitchen

അടുക്കളയിലും ഇതേ നിറം തന്നെയാണ് പിൻതുടർന്നിരിക്കുന്നത്. വുഡൻ ടെക്സ്ച്ചറുള്ള വിട്രിഫൈഡ് ടൈലു കൊണ്ടാണ് അടുക്കളയിലെ ഫ്ളോറിങ്ങ്. ഗ്രാനൈറ്റ് കൊണ്ടുള്ള കൗണ്ടർടോപ്പും വെള്ള ക്യാബിനറ്റുകളും അടുക്കളയുടെ മോടി കൂട്ടുന്നു. അകത്തളങ്ങളിൽ വിട്രിഫൈഡ് ടൈലുകളാണ് വിരിച്ചിരിക്കുന്നത്. 

THATTAKADU-PLAN

പരമാവധി വായുവും വെളിച്ചവും വരത്തക്ക രീതിയിലാണ് ജനാലകളെല്ലാം ക്രമീകരിച്ചത്. വാതിലുകളെല്ലാം എംഡിഎഫ് കൊണ്ടുള്ളതാണ്. ചെലവ് കുറഞ്ഞ രീതിയിലുള്ള നിർമ്മാണമാണെങ്കിലും ഗുണമേന്മയിൽ ഒട്ടും കുറവ് വരുത്താത്ത ഉത്പന്നങ്ങളാണ് നിർമ്മാണ പ്രക്രിയയിൽ ഉൾപ്പെടുത്തിയത്. ഉപയോഗക്ഷമതയ്ക്ക് പ്രാധാന്യം നൽകുന്ന വീട് ഏവർക്കും പ്രിയപ്പെട്ടതാകാൻ കാരണം കുറഞ്ഞ ബജറ്റ് മാത്രമല്ല, മറിച്ച് ഇന്റീരിയറുടെ അകത്തളങ്ങളുടെ കൊണ്ടുകൂടിയാണ്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 23 ലക്ഷത്തിനു നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞു. നിലവിലെ നിരക്ക് വച്ച് നോക്കുമ്പോൾ ഇതുപോലെ ഒരു വീട് നിർമിക്കാൻ ചുരുങ്ങിയത് 30 ലക്ഷം രൂപയെങ്കിലുമാകും.

ചിത്രങ്ങൾക്ക് കടപ്പാട്- ഇൗസ്പെക്ട്രം ഇന്റീരിയേഴ്സ്

Project Facts

Locaton; Thattekad, Ernakulam 

Area: 1100 Sqft.

Plot: 6 Cents

Owner: E. V. Jolly

Designer: Linson

Espectrum Interiors

Kakkanad, Kochi

Ph: 9072544455

Cost: 23 Lakhs

Completed in : 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com