ADVERTISEMENT

തിരുവനന്തപുരം ജില്ലയിലെ കുളത്തറയിൽ 5 സെന്റിൽ പച്ചപ്പും പ്രകൃതിയും നിറയുന്ന വീട് ഒരുക്കിയതിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ കണ്ണൻ നായർ പങ്കുവയ്ക്കുന്നു. 

കരമനയാറിനോട് ചേർന്നുള്ള അഞ്ച് സെന്റിന് സമീപം വീടുകൾ കുറവാണെങ്കിലും അടുത്തടുത്ത പ്ലോട്ടുകൾ വിൽക്കാനിട്ടിരിക്കുകയാണ്. ഭാവിയിൽ ഇവിടെ ധാരാളം വീടുകൾ ഉയരാൻ സാധ്യതയുണ്ട്. അത്തരം സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള രൂപകൽപനയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. സമൃദ്ധമായ മഴയും വെയിലും ലഭിക്കുന്ന പ്രദേശത്തിന്റെ സാധ്യത കണക്കിലെടുത്ത് ട്രോപ്പിക്കൽ ശൈലിയിലാണ് വീട് ഡിസൈൻ ചെയ്തത്.

ഓപ്പൺ ബാൽക്കണിയുടെ ഒരുവശത്ത് ചെടികൾ പടർന്നുകയറാനായി മെറ്റൽ ഗ്രില്ലുകൾ നൽകി. ഇതിലൂടെ വള്ളിച്ചെടികൾ യാത്ര തുടങ്ങിക്കഴിഞ്ഞു. ഇത്തിരിവട്ടത്തിലും ചുറ്റുമതിലിനോട് ചേർത്തു കാർ പോർച്ച് ഒരുക്കി.

green-home-trivandrum-living

അകത്തേക്ക് കയറുമ്പോൾ ഞെരുക്കം അനുഭവപ്പെടരുത് എന്നതായിരുന്നു മറ്റൊരാവശ്യം. സിറ്റൗട്ട്, പോർച്ച്, സ്വീകരണമുറി, ഊണുമുറി അടങ്ങുന്ന ഹാൾ, നടുമുറ്റം, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് 1750 ചതുരശ്രയടിയിൽ ഒരുക്കിയത്. അനാവശ്യ ചുവരുകൾ ഇല്ലാതെ, തുറസായ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയതാണ് നിർണായകമായത്. ഇതിലൂടെ പരമാവധി ഇടങ്ങൾ ഉൾക്കൊള്ളിക്കാൻ സാധിച്ചു. 

green-home-trivandrum-hall

കണ്ണിൽ കുത്തികയറുന്ന നിറങ്ങൾ ഒഴിവാക്കി. പകരം റസ്റ്റിക് ഫിനിഷും വുഡൻ തീമും സമാസമം നൽകി. റസ്റ്റിക് ഫിനിഷുള്ള ടൈലുകളാണ് നിലത്തു വിരിച്ചത്. 

green-home-trivandrum-courtyard

സിറ്റൗട്ടിൽ നിന്നും നീണ്ട ഇടനാഴി നൽകിയാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ഇതിന്റെ വശങ്ങളിലായി മുറികൾ ക്രമീകരിച്ചു. സ്വീകരണമുറിക്കും ഊണുമുറിക്കും ഇടയിൽ പില്ലറുകൾ നൽകി സെമി പാർടീഷൻ ഒരുക്കി. ബ്രിക്ക് ക്ലാഡിങ് കൊണ്ടുള്ള ഭിത്തികൾ സ്വാഭാവിക ഭംഗി പകരുന്നു. 

green-home-trivandrum-nadumuttam

വീടിന്റെ ഹൃദയം തുറന്ന നടുമുറ്റമാണ്. കാറ്റും മഴയും വെയിലും ഇതിലൂടെ വീട്ടിലേക്ക് വിരുന്നെത്തുന്നു. നാച്ചുറൽ സ്റ്റോണും പുല്ലും വിരിച്ച് നിലം ഒരുക്കി. ചെടികളും ചെറിയ വാട്ടർബോഡിയും നൽകി. ഒപ്പം പൂജാമുറിയും ഇവിടെ ക്രമീകരിച്ചു. മെറ്റൽ പർഗോള നൽകി മുകൾഭാഗം സുരക്ഷിതമാക്കി. ലിവിങ്, ഡൈനിങ്, കിടപ്പുമുറികൾ എന്നിവ നടുമുറ്റത്തിന്റെ കാഴ്ചകളിലേക്ക് തുറക്കുംവിധം ക്രമീകരിച്ചു. 

green-home-trivandrum-court

ഡെഡ് സ്പേസ് ഒഴിവാക്കി, മെറ്റൽ പൈപ്പ് കൊണ്ടാണ് ഗോവണിയുടെ ഡിസൈൻ. ഇതിന്റെ വശത്തെ ഭിത്തികൾ മുഴുവൻ ഗ്ലാസ് കൊണ്ടാണ്. ഇതിലൂടെ പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു. പകൽസമയത്ത് വീടിനുള്ളിൽ ലൈറ്റും ഫാനും ഇടേണ്ട ആവശ്യമേ വരുന്നില്ല.

green-home-trivandrum-bed

പിന്നിലൂടെ ഒഴുകുന്ന കരമനയാറിന്റെ കാഴ്ചകളിലേക്ക് തുറക്കുംവിധമാണ് മുകൾനിലയിൽ കിടപ്പുമുറികൾ ഒരുക്കിയത്. ഗ്ലാസ് ഭിത്തി നൽകിയതിനാൽ പുഴയുടെ കാഴ്ചകൾ വീട്ടിലേക്ക് വിരുന്നെത്തുന്നു. 

green-home-trivandrum-kitchen

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് മോഡുലാർ അടുക്കള ഒരുക്കിയത്. രണ്ടു പേർക്കിരിക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് പാൻട്രി കൗണ്ടറും ഇവിടെ നൽകി.

green-home-trivandrum-stair

വീട്ടിൽ എത്തിയ പലരും പറഞ്ഞത് അകത്തേക്ക് കയറുമ്പോൾ ഇത് 5 സെന്റിന്റെ പരിമിതിയിൽ പണിത വീടാണെന്ന കാര്യമേ മറക്കും എന്നാണ്. പച്ചപ്പും പ്രകൃതിയും കാറ്റും കാഴ്ചയും നൽകുന്ന സന്തോഷം അനുഭവിച്ചറിയേണ്ടതാണ്.

Model
Model

Project Facts

Location- Kulathara, Trivandrum

Area- 1750 SFT

Owner- Kannan Nair

Architect- Shyamraj Chandroth

View Point Designs, Thrissur

Mob- 90610 48106

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com