ADVERTISEMENT

ദക്ഷിണ കർണാടകയിലെ ഉഡുപ്പിയിൽ തലമുറകളായി സ്വർണവ്യാപാരികളാണ് ഗിരീഷ് സേട്ടിന്റെ കുടുംബം. തന്റെ കുടുംബത്തിന്റെ പ്രൗഢിയും പാരമ്പര്യവും പ്രഘോഷിക്കുന്നതായിരിക്കണം പണിയാൻ പോകുന്ന വീട് എന്ന് ഗിരീഷ് സേട്ടിനു നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് നിരവധി ആഡംബരവീടുകൾ നിർമിച്ചു പരിചയമുള്ള ഡാർവിഷ് ആർക്കിടെക്ട്സിലേക്ക് അന്വേഷണം എത്തുന്നത്. 

colonial-white-house-uduppi-view

 

colonial-white-house-uduppi-interior

വേറിട്ടുനിൽക്കുന്ന കൊളോണിയൽ ശൈലിയാണ് വീടിനായി തിരഞ്ഞെടുത്തത്. ഡബിൾ ഹൈറ്റിലുള്ള തൂണുകളും ഓപ്പൺ ടെറസും ചരിഞ്ഞ മേൽക്കൂരയിൽ വിരിച്ച ഷിംഗിൾസും ഡോർമർ ജനാലകളുമെല്ലാം കൊളോണിയൽ പ്രൗഢി വിളിച്ചറിയിക്കുന്നു. മഞ്ഞ ലോഹത്തിന്റെ വ്യാപാരികളാണെങ്കിലും വെള്ള നിറത്തിന്റെ ആരാധകരാണ് വീട്ടുകാർ. അതുകൊണ്ട് വീടിനു ഏത് നിറം നൽകണം എന്ന കാര്യത്തിൽ എതിരഭിപ്രായം ഉണ്ടായിരുന്നില്ല. പിയു പെയിന്റ് ഫിനിഷിലാണ് വെണ്മയുള്ള അകത്തളങ്ങൾ ഒരുക്കിയത്. വീടിനുള്ളിലെ പാനലിങ്, ക്യൂരിയോ, സീലിങ് എന്നിവയെല്ലാം വൈറ്റ് തീം പിന്തുടരുന്നു.

colonial-white-house-uduppi-hall

 

colonial-white-house-uduppi-upper

വിശാലതയുടെ ആഘോഷമാണ് 8000 ചതുരശ്രയടിയുള്ള അകത്തളങ്ങളിൽ നിറയുന്നത്. ചുവരുകൾ തടസപ്പെടുത്താതെ തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇരട്ടി ഉയരത്തിലുള്ള തൂണുകളും മേൽക്കൂരയും വിശാലമായ ഒരു കളിസ്ഥലത്തേക്ക് എത്തിയ പ്രതീതി ജനിപ്പിക്കുന്നു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ, നാലു കിടപ്പുമുറികൾ, പൂജ മുറി, ഹോം തിയറ്റർ, ജിം  എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 

colonial-white-house-uduppi-dine

 

colonial-white-house-uduppi-stair

ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് പ്രധാന ഇടങ്ങളിൽ നിലത്തു വിരിയുന്നത്. മുറികളിൽ വുഡൻ ഫ്ളോറിങ്ങും ചെയ്തിട്ടുണ്ട്. മുകൾനിലയിൽ കുറച്ചു ഭാഗത്ത് വിട്രിഫൈഡ് ടൈലും ഉപയോഗിച്ചു. ഫർണീച്ചറുകളുടെ ബാഹുല്യം നൽകാതെ  അകത്തളം മിനിമൽ ആക്കിയതാണ് മറ്റൊരു സവിശേഷത.

colonial-white-house-uduppi-bed

മിക്കവയും ഇന്റീരിയർ വൈറ്റ് തീമിനോട് ചേരുംവിധം ചിട്ടപ്പെടുത്തിയവയാണ്.  വേർതിരിവ് നൽകാൻ മഞ്ഞ നിറത്തിലുള്ള സോഫകളും ഉപയോഗിച്ചിരിക്കുന്നു.

colonial-white-house-uduppi-bedroom

 

colonial-white-house-uduppi-kitchen

അകത്തളത്തിലെ ശ്രദ്ധകേന്ദ്രമാണ് ഗോവണി. ഒരു ഭീമൻ പാമ്പിനെപ്പോലെ ചുറ്റിവരിഞ്ഞു പോവുന്ന ഡിസൈനാണ് നൽകിയത്. ജിഐ ട്യൂബിൽ പിയു പെയിന്റ് ഫിനിഷ് നൽകിയാണ് കൈവരികൾ. മുകൾനിലയിൽ നിന്നും താഴത്തെ നിലയുടെ കാഴ്ചകൾ കാണാൻ പാകത്തിലാണ് ഗോവണിയുടെ ഡിസൈൻ.

plan-2

 

plan-3
plan-1

നാലു കിടപ്പുമുറികളും സൗകര്യങ്ങളുടെ കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണ്. അറ്റാച്ഡ് ബാത്റൂം, വിശാലമായ വോക്ക് ഇൻ വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സ്റ്റഡി ഏരിയ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു.

ചെപ്പടിവിദ്യകളിലൂടെ നാലു മുറികളും വേറിട്ടതാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു കിടപ്പുമുറിയിൽ ഹെഡ് ബോർഡ് ലെതർ ക്ലാഡിങ് നൽകി ആകർഷകമാക്കി. മറ്റൊരു മുറിയിൽ വുഡൻ പാനലിങ് സീലിങ് നിറയുന്നു. പുറത്തെ കാഴ്ചകളിലേക്ക് തുറക്കുന്ന വിശാലമായ ജാലകങ്ങൾ മുറികളെ സജീവമാക്കുന്നു. 

 

മികച്ച സൗകര്യങ്ങളാണ് ആധുനിക സൗകര്യങ്ങളുള്ള അടുക്കളയിൽ ഒരുക്കിയിരിക്കുന്നത്. നീണ്ട ഇടനാഴിയിലൂടെയാണ് ഇവിടേക്കെത്തുന്നത്. ഒരു വശത്തെ ഭിത്തി മുഴുവൻ കബോർഡുകൾക്കായി മാറ്റിവച്ചിരിക്കുന്നു. ഗ്ലോസി ഗ്ലാസ് ഫിനിഷിലാണ് കബോർഡുകൾ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചിരിക്കുന്നത്. ഇതിൽ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്.

ചുരുക്കത്തിൽ ഉഡുപ്പിയിലൂടെ പോകുന്നവർക്കും ഒരു ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ് ഈ വീട്. തീർന്നില്ല, പൊതുവെ ഗൃഹനിർമാണത്തിൽ വ്യത്യസ്തതകൾ ആഗ്രഹിക്കുന്നവരാണല്ലോ മലയാളികൾ. കൊളോണിയൽ ശൈലിയിൽ വീട് പണിയാൻ ആഗ്രഹിക്കുന്ന മലയാളികൾ, ഈ വീടിനെക്കുറിച്ച് കേട്ടറിഞ്ഞു, ഇവിടം സന്ദർശിക്കാൻ എത്താറുണ്ടത്രെ.

 

Project Facts

Location- Uduppi, Karnataka

Area- 8000 SFT

Plot- 15 cent

Owner- Gireesh Sett

Architect- Rekha

Darvish Architects

Mob- 9745848484

Completion year- 2019

ചിത്രങ്ങൾ- അജീബ് കോമാച്ചി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com