ഒന്നരലക്ഷം രൂപയ്ക്ക് ചെറുവീടുകൾ നിർമിച്ചു നൽകി വൈദികൻ; ഇതാണ് യഥാർഥ ദൈവസ്നേഹം
Mail This Article
ടാർപ്പോളിൻ ഷീറ്റും ഫ്‌ളെക്‌സ് ബോര്‍ഡുമൊക്കെ വലിച്ചുകെട്ടി അതിനടിയില്‍ കഴിഞ്ഞുകൂടുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ? ഉത്തരേന്ത്യയിലല്ല, നമ്മുടെ സ്വന്തം കേരളത്തിൽ! വാസയോഗ്യമായ വീടുകളില്ലാതെ ദുരിത ജീവിതം നയിക്കുന്നവർ പതിനായിരക്കണക്കിനുണ്ട് ഇപ്പോഴും നമ്മുടെ നാട്ടിൽ. കൂടുതലും മലയോര പ്രദേശങ്ങളിലും ആദിവാസി ഊരുകളിലുമാണ്. പ്രളയത്തിനുശേഷം സ്ഥിതി വീണ്ടും വഷളായി. പലര്‍ക്കും ആ കൂരകള്‍ പോലും നഷ്ടപ്പെട്ടു. അതേസമയം ഏറ്റവുമധികം ആഡംബരവീടുകൾ പുതിയതായി ഉയരുന്നതും കേരളത്തിലാണ്. ഈ വൈരുധ്യങ്ങൾക്കിടയിലും വീടില്ലാതെ വിഷമിക്കുന്ന പാവപ്പെട്ടവർക്ക് സഹായഹസ്തമേകുകയാണ് നാടുകാണി കപ്പൂച്ചിന്‍ ആശ്രമത്തിലെ വൈദികനായ ഫാദർ. ജിജോ കുര്യൻ.
വെറും 12 ദിവസം കൊണ്ട് രണ്ടോ മൂന്നോ അംഗങ്ങളുള്ള കുടുംബത്തിനു താമസിക്കാവുന്ന ഒരു കൊച്ചുവീട്. ആകെ വേണ്ടത് രണ്ടു സെന്റ് സ്ഥലം. ചെലവ് ഒന്നര മുതൽ രണ്ടു ലക്ഷം രൂപ വരെ മാത്രം. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 15 വീടുകള്‍ നിര്‍മിച്ചു കൈമാറിക്കഴിഞ്ഞു. ഫെയ്സ്ബുക് കൂട്ടായ്മകളും പ്രവാസിമലയാളികളുമാണ് ഓരോ വീടുകളും സ്പോൺസർ ചെയ്യുന്നത്. നേരിട്ട് പണം കൈപ്പറ്റാതെ ഗുണഭോക്താക്കളെയും സ്പോൺസറെയും ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഫാ. ജിജോ കുര്യൻ പറയുന്നു.
ഒരു ബെഡ്‌റൂം, ബാത്‌റൂം, ഹാള്‍, കിച്ചന്‍ എന്നിവയാണ് 220 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. രണ്ടു കിടപ്പുമുറിയുള്ള വീട് 300 ചതുരശ്രയടിയും.
പ്ലാനും രൂപകൽപനയും അച്ചൻ തന്നെയാണ് നിർവഹിക്കുന്നത്. നിർമാണത്തിൽ സഹായിക്കുന്നത് പ്രദേശത്തുള്ള മേസ്തിരിമാരും. ചെലവ് കുറയ്ക്കാൻ കോൺക്രീറ്റിനു പകരം ഫൈബർ സിമന്റ് ബോർഡുകൾ ഉപയോഗിച്ചാണ് ഭിത്തി കെട്ടുന്നത്. പല സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന പഴയ ഓടുകൾ കഴുകി പുനരുപയോഗിച്ചാണ് മേൽക്കൂര മേയുന്നത്.
വീടുകളുടെ ഗുണഭോക്താക്കളില്‍ എല്ലാവരും പാവപ്പെട്ടവരാണ്. മക്കൾ ഉപേക്ഷിച്ച പ്രായമായ മാതാപിതാക്കൾ, ഭർത്താവ് ഉപേക്ഷിച്ച കൈകുഞ്ഞുങ്ങളുള്ള സ്ത്രീകൾ തുടങ്ങിയവരാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്. പിന്നീട് കുടുംബങ്ങൾ അപേക്ഷയുമായി വന്നപ്പോൾ രണ്ടു മുറികളുള്ള വീടാക്കി പദ്ധതി വികസിപ്പിച്ചു. അതിനു രണ്ടു ലക്ഷം രൂപ വരെ ചെലവ് വരുന്നുണ്ട്. ഇവരിൽ പലരും സർക്കാർ സംവിധാനങ്ങളുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തവരോ ഉദ്യോഗസ്ഥ അനാസ്ഥയുടെ ചുവപ്പുനാടയിൽ കുരുങ്ങിയവരോ ഒക്കെയാണ്. അവരെ സംബന്ധിച്ചിടത്തോളം ചെറുതെങ്കിലും അടച്ചുറപ്പുള്ള വീടെന്നത് വലിയ കാര്യമാണ്. ഫാദർ ചൂണ്ടിക്കാട്ടുന്നു.
മിക്കപ്പോഴും ഒരു കൈലിയും ഷർട്ടുമൊക്കെയാണ് അച്ചന്റെ വേഷം. അതുകൊണ്ട് വൈദികനാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവുകയില്ല.
ഒഴിവുവേളകളിൽ ആശ്രമത്തിൽ കൃഷിയും വളർത്തു മൃഗങ്ങളുടെ പരിപാലനവുമായി അച്ചൻ സജീവമാകുന്നു. പുതിയകാലത്ത് ആധ്യാത്മികത പ്രസംഗത്തിൽ മാത്രമൊതുക്കുന്ന പട്ടക്കാരിൽ നിന്നും പ്രവൃത്തി കൊണ്ട് വേറിട്ട് നിൽക്കുകയാണ് ഈ വൈദികൻ.