ADVERTISEMENT

16  വർഷം പഴക്കമുള്ള വീടിനെ പുതിയകാലത്തേക്ക് മാറ്റിയെടുത്ത കഥയാണിത്.

കോഴിക്കോട് കൊടുവള്ളിയിലുള്ള പഴയ വീട് കാഴ്ചയിൽ വലുതെങ്കിലും അകത്തളങ്ങൾ ഇടുങ്ങിയതായിരുന്നു. കാറ്റും വെളിച്ചവും കടക്കുന്നത് കുറവ്. ഇതിനു പരിഹാരമായാണ് വീട് പുതുക്കിപ്പണിതത്. സ്ട്രക്ചറിൽ മാറ്റം വരുത്താതെ ഇടങ്ങളുടെ പുനർക്രമീകരണത്തിലൂടെയാണ് പരിമിതികൾ മറികടന്നത്. അനാവശ്യ ചുവരുകൾ ഇടിച്ചു കളഞ്ഞു തുറസ്സായ നയത്തിലേക്ക് മാറ്റിയെടുക്കുകയാണ് ആദ്യം ചെയ്തത്. ഇതോടെ അകത്തളം വിശാലമായി. മുൻവശത്തുണ്ടായിരുന്ന ചരിഞ്ഞ സൺഷെയ്ഡുകൾ പൊളിച്ചു കളഞ്ഞു നിരപ്പായി വാർത്തു.  ഇവിടെ ഭിത്തിയിൽ നീളത്തിൽ വുഡൻ ക്ലാഡിങ് ഒട്ടിച്ചു. ആദ്യകാഴ്ചയിൽ കണ്ണിലുടക്കുക ഇതിന്റെ ഭംഗിയാകും. പഴയ കാർ പോർച്ച് നിന്നയിടത്ത് സിറ്റൗട്ട് ആക്കിമാറ്റി.

renovated-house-koduvalli-lawn

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് പുതുക്കിയ 3686 ചതുരശ്രയടിയിലുള്ളത്. ഫാമിലി ലിവിങ്, ഡൈനിങ്, ഗോവണി എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു.

renovated-house-koduvalli-hall

സ്വീകരണമുറിയിൽ വുഡൻ ഫ്ളോറിങ് നൽകി. ലെതർ ഫിനിഷുള്ള പുതിയ ഫർണിച്ചറുകൾ ക്രമീകരിച്ചു. കാറ്റും വെളിച്ചവും എത്താനായി ഒരു ഭിത്തി മുഴുവൻ നിറയുന്ന ജനാല നൽകി. ക്രോസ് വെന്റിലേഷൻ ലഭിക്കുംവിധം ഇടങ്ങൾ പുനർക്രമീകരിച്ചു.

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന ഊണുമേശയ്ക്ക് നൽകിയത് മാർബിൾ ടോപ്പാണ്. ഇതിനു മുകളിലെ സീലിങ്ങിൽ ഗ്ലോസി ഫിനിഷുള്ള ഫോൾസ് സീലിങ് നൽകിയത് ഭംഗി വർധിപ്പിക്കുന്നു. വാഷ് ഏരിയയെയും ഊണുമുറിയെയും വേർതിരിക്കാൻ ജാളി ഫിനിഷുള്ള പാർടീഷൻ നൽകി.

renovated-house-koduvalli-dine

ഗോവണിയുടെ വശത്തുള്ള സീലിങ്ങിൽ നൽകിയ ഷാൻലിയറാണ് ഇവിടുത്തെ ഹൈലൈറ്റ്. തേക്കിൻ തടി പാകിയാണ് സ്റ്റെപ്പുകൾ. ടഫൻഡ് ഗ്ലാസ് കൊണ്ടാണ് ഗോവണിയുടെ കൈവരികൾ.  ഗോവണി കയറി എത്തുമ്പോൾ സിറ്റിങ് സ്‌പേസും ടിവി യൂണിറ്റും നൽകി.

renovated-house-koduvalli-stair

പഴയ വീട്ടിലെ കിടപ്പുമുറികൾ ഇടുങ്ങിയതായിരുന്നു. സമീപമുള്ള സ്‌പേസ് കൂടി കൂട്ടിച്ചേർത്ത് മുറികൾ വിശാലമാക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ പുതുതായി നൽകി. മുകളിലെ കുട്ടികളുടെ കിടപ്പുമുറി  കലാപരമായി ഒരുക്കി.

renovated-house-koduvalli-bed

അടുക്കളയിൽ കൗണ്ടറിൽ കലിംഗ സ്റ്റോൺ വിരിച്ചു. വെനീർ ലാമിനേറ്റ് ഫിനിഷിൽ ക്യാബിനറ്റുകൾ മിനുക്കിയെടുത്തു. 

renovated-house-koduvalli-kitchen

ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും വോൾ പേപ്പറുകളും ക്യൂരിയോകളും നൽകി അകത്തളം നവീനമാക്കി. അങ്ങനെ കുറഞ്ഞ സമയത്തിനുള്ളിൽ വീട് പുതിയ കാലത്തിന്റെ രൂപഭാവാദികളിലേക്ക് രംഗപ്രവേശം ചെയ്തു. ചുരുക്കത്തിൽ വീട് പുതുക്കിപ്പണിയുക എന്ന് പറഞ്ഞാൽ ഇടിച്ചു കളയുന്നതിനേക്കാൾ കലാപരമായ പുനർവിന്യാസമാണ് എന്ന് ഈ വീട് വെളിപ്പെടുത്തുന്നു.

renovated-house-koduvalli-gf

 

renovated-house-koduvalli-ff

Project facts

Area – 3686 Sqft

Location-Koduvalli, Calicut

Owner- Raheem

Architect- Shiju Pareed 

Amar Architecture & Design Pvt. Ltd

Mob- 99463 85394

ചിത്രങ്ങൾ - അഖിൽ കൊമാച്ചി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com