വെറും 5 സെന്റ്, 6 മാസം; വിചാരിച്ചതിനേക്കാൾ കുറഞ്ഞ ചെലവിൽ വീട് ഒരുങ്ങി!
Mail This Article
സ്ഥലപരിമിതിയും സാമ്പത്തികപരിമിതിയും നല്ലൊരു വീട് എന്ന സ്വപ്നത്തിനു തടസമല്ല എന്ന അനുഭവം വിവരിക്കുകയാണ് ഗൃഹനാഥനായ സലിം.
കാലപ്പഴക്കം മൂലം വാസയോഗ്യമല്ലാതായ വീടു പൊളിച്ചു പകരം കീശയിൽ ഒതുങ്ങുന്ന ഒരു വീട് പണിതു തരണം എന്ന ആവശ്യവുമായാണ് ഞാൻ ബന്ധു കൂടിയായ ഡിസൈനർ ബി പി സലീമിനെ സമീപിച്ചത്. ആദ്യം മുതൽ ബജറ്റ് നിശ്ചയിച്ച തുകയിൽ കൂടരുത് എന്ന് നിർബന്ധമുണ്ടായിരുന്നു. ഒടുവിൽ ഞങ്ങൾ ആശിച്ചതിലും മികച്ച വീട് സലിം ഒരുക്കിത്തന്നു.
ചെറിയ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിയാണ് വീട് രൂപകൽപന ചെയ്തത്. ചെറിയ പ്ലോട്ടിൽ പരമാവധി സ്ഥല ഉപയുക്തത ലഭിക്കുന്നതിന് ചെരിച്ചു വർക്കാതെ ഫ്ലാറ്റ് റൂഫിൽ ബോക്സ് ആകൃതി നൽകി. പുറംഭിത്തിയിൽ വേർതിരിവ് നൽകുന്നതിന് ഷോ വോൾ ഉപയോഗിച്ചു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, താഴെ രണ്ട് ബെഡ്റൂം അറ്റാച്ച്ഡ് ബാത്ത്റൂം, സ്റ്റെയർ ഏരിയ, മുകൾ ഭാഗത്ത് ഓപ്പൺ ബാൽക്കണി, ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത്ത്റൂം എന്നിവയാണ് 1217 ചതുരശ്രയടിയിൽ ഒരുക്കിയത്. അനാവശ്യ ചുമരുകൾ നൽകാതെ തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് പരമാവധി സ്ഥലഉപയുക്തത ലഭിക്കാൻ സഹായകരമായി.
പൊതുവിടങ്ങളിൽ മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലുകൾ വിരിച്ചു. കിടപ്പുമുറി, അടുക്കള എന്നിവിടങ്ങളിൽ വുഡൻ ഫിനിഷുള്ള ടൈലുകൾ വിരിച്ചു. സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. അത്യാവശ്യ സൗകര്യങ്ങൾ മാത്രമാണ് കിടപ്പുമുറികളിൽ ഒരുക്കിയത്. ഫെറോസിമൻ്റ് സ്ലാബിലാണ് കബോർഡുകൾ നിർമിച്ചത്.
മെറൂൺ+ ബ്ലാക് തീമിലാണ് അടുക്കള. വാഡ്രോബുകൾക്കും കബോർഡുകൾക്കും ഫെറോസിമൻ്റ്+അലുമിനിയം കോമ്പസിറ്റ് പാനൽ ഉപയോഗിച്ചു.
പഴയ വീട്ടിലെ ഉപയോഗയോഗ്യമായ സാധനങ്ങൾ പുനരുപയോഗിച്ചിട്ടുമുണ്ട്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 25 ലക്ഷം രൂപയ്ക്ക് 6 മാസം കൊണ്ട് വീട് പൂർത്തിയായി.
ചെലവ് കുറച്ച ഘടകങ്ങൾ
- സിമന്റ്, ഇലക്ട്രിക്കൽ, പ്ലംബിങ്, ടൈൽസ് എന്നിവയെല്ലാം കോയമ്പത്തൂരിലെ മൊത്തവിതരണക്കാരിൽ നിന്നും വാങ്ങുന്നതിനാൽ നല്ലൊരു തുക ലാഭിക്കാനായി.
- തടിയുടെ ഉപയോഗം നിയന്ത്രിച്ചു. ഫെറോസിമൻ്റ് വാതിലുകൾ ഉപയോഗിച്ചു. വാഡ്രോബുകൾക്കും കബോർഡുകൾക്കും ഫെറോസിമൻ്റ്+അലുമിനിയം കോമ്പസിറ്റ് പാനൽ ഉപയോഗിച്ചു.
- ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി.
- പുറംഭിത്തികൾക്കും അകത്തെ ചുവരുകൾക്കും പുട്ടി ഫിനിഷ് നൽകി.
Project Facts
Location- Cheruthuruthi, Thrissur
Area- 1217 SFT
Plot- 5 cent
Owner- Salim
Designer: B. P. Saleem
BeePee Designs, Cheruthuruthy, Thrissur
Mob: 9847155166, 8086667667