പ്രവാസി സുഹൃത്തുക്കളെ ആരാധകരാക്കിയ വീട്; കാരണമുണ്ട്
Mail This Article
തൃശൂർ ജില്ലയിലെ മാളയ്ക്കടുത്ത് പൊയ്യ എന്ന ഗ്രാമത്തിലാണ് പ്രവാസിയായ ജോജോ അമ്പൂക്കന്റെയും കുടുംബത്തിന്റെയും പുതിയ വീട് തലയുയർത്തി നിൽക്കുന്നത്. അഞ്ചു കിടപ്പുമുറികളും ഹോം തിയറ്ററുമുള്ള, പരിപാലനം കൂടി എളുപ്പമാക്കുന്ന വീട് എന്നതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. ഇതിനനുസരിച്ചാണ് ആർക്കിടെക്ട് ആൽബിൻ പോൾ വീട് രൂപകൽപന ചെയ്തത്. കന്റെംപ്രറി കൊളോണിയൽ ശൈലികൾ ഇടകലർത്തിയാണ് എലിവേഷൻ.
മേൽക്കൂര ഫ്ലാറ്റായി വാർത്ത ശേഷം ട്രസ് ചെയ്ത് ഷിംഗിൾസ് വിരിക്കുകയായിരുന്നു. ഇതിനിടയിലുള്ള ക്യാവിറ്റി സ്‌പേസ് ചൂട് അകത്തേക്ക് പ്രവഹിക്കുന്നത് തടയുന്നു. അതിനാൽ വീടിനുള്ളിൽ ചൂട് കുറവാണ്. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ഓപ്പൺ കിച്ചൻ, വർക്കിങ് കിച്ചൻ, 5 കിടപ്പുമുറികൾ എന്നിവയാണ് 4500 ചതുരശ്രയടിയിൽ ഒരുക്കിയത്.
പ്രധാന വാതിൽ കടന്നു അകത്തെത്തിയാൽ വിശാലമായ ഇടങ്ങളാണ് കാത്തിരിക്കുന്നത്. ഓരോ ഇടങ്ങളും പരസ്പരം വിനിമയം ചെയ്യുംവിധമാണ് വിന്യസിച്ചത്. എന്നാൽ ആവശ്യമായ സ്വകാര്യത നൽകിയിട്ടുമുണ്ട്.
അകത്തളങ്ങളിൽ തീം ലൈറ്റിങ്ങിനു പ്രാധാന്യം നൽകിയിട്ടുണ്ട്. ജിപ്സം, സ്റ്റോൺ വെനീർ, തടി എന്നിവയാണ് സീലിങ്ങിൽ ഹാജർ വയ്ക്കുന്നത്. അക്രിലിക് ഷീറ്റിൽ കൺസീൽഡ് ആയി നൽകിയ വാം ടോൺ എൽഇഡി ലൈറ്റുകൾ അകത്തളങ്ങൾ പ്രകാശപൂരിതമാക്കുന്നു. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ നൽകിയ ഊണുമേശയുടെ മുകളിലാണ് സ്റ്റോൺ വെനീർ ഉപയോഗിച്ചുള്ള ഫോൾസ് സീലിങ്. ഒറ്റനോട്ടത്തിൽ അഭംഗിയെന്ന് മുൻവിധി തോന്നാമെങ്കിലും റസ്റ്റിക് ഫിനിഷുള്ള സ്റ്റോൺ വെനീറിന്റെ തനതായ രൂപമാണിത്.
പ്രധാന ഫർണിച്ചറുകൾ എല്ലാം തടി കൊണ്ടാണ് നിർമിച്ചത്. ഇളംനിറമുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഇതിൽ ബോർഡർ ചെയ്യാൻ ഇറ്റാലിയൻ മാർബിളും കുറച്ചിട നൽകി.
സ്റ്റീൽ ഫ്രയിമിലാണ് ഗോവണി നിർമിച്ചത്. ഇതിനു മുകളിൽ തടി പൊതിഞ്ഞെടുത്തു. കൈവരികളിൽ തടിയും ഗ്ലാസും സാന്നിധ്യമറിയിക്കുന്നു.
ഗോവണിയുടെ ഭാഗത്തെ മേൽക്കൂര ഇരട്ടി ഉയരത്തിലാണ് ഒരുക്കിയത്. സീലിങ്ങിൽ സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു. ഇവിടെ വശത്തെ ഡബിൾ ഹൈറ്റ് ഭിത്തി നിറയെ വോൾ പേപ്പർ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
7.1 ഡോൾബി അറ്റ്‌മോസ് സിസ്റ്റമാണ് ഹോംതിയറ്ററിൽ ഒരുക്കിയത്. മികച്ച ശബ്ദവിനിമയം ലഭിക്കാൻ ചുവരുകൾ അക്കോസ്റ്റിക്സ് രീതിയിൽ ക്രമീകരിച്ചു. പുറംകാഴ്ചയിൽ ബാൽക്കണിയുടെ ഭാഗത്ത് കാണുന്ന ഗ്ലാസ് ജനാലയും ഹോംതിയറ്ററിന്റെയാണ്.
വൈറ്റ് തീമിലാണ് കിച്ചൻ. മൾട്ടിവുഡ് കൊണ്ട് നിർമിച്ച ക്യാബിനറ്റുകളിൽ ഓട്ടോമോട്ടീവ് പെയിന്റ് ഫിനിഷ് നൽകുകയായിരുന്നു. സ്റ്റെയിൻഫ്രീ നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. സമീപം വർക്കിങ് കിച്ചനും നൽകി.
അഞ്ചു കിടപ്പുമുറികളിലും വോക് ഇൻ വാഡ്രോബ്, ബാത്റൂം, ഡ്രസിങ് സ്‌പേസ് എന്നിവ നൽകിയിട്ടുണ്ട്.
മുറ്റം നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ച് ഭംഗിയാക്കി. വീടിന്റെ തുടർച്ച പോലെ വൈറ്റ് തീമിലാണ് ചുറ്റുമതിലും. ഇതിൽ ജാളി കട്ടിങ് ഡിസൈനുകൾ നൽകിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ മാതൃകകളും ഇവിടെയുണ്ട്. 5 KW ഓൺ ഗ്രിഡ് സോളർ സിസ്റ്റം വീട്ടിൽ നൽകിയിട്ടുണ്ട്. ഇതിൽ 3 KW കെഎസ് ഇബി നൽകുന്നു. കറന്റ് ബില്ലിനെ പേടിക്കുകയും വേണ്ട, ചെറിയ തുക തിരിച്ചു ലഭിക്കുകയും ചെയ്യും.
ചുരുക്കത്തിൽ ദീർഘനാളത്തെ പ്രവാസസ്വപ്നമായ വീട് ആഗ്രഹിച്ചതിലും ഒരുപടി മുകളിൽ സഫലമായതിന്റെ സന്തോഷത്തിലാണ് ജോജോയും കുടുംബവും.
Project facts
Location-Poyya, Thrissur
Area-4500 SFT
Plot- 40 cent
Owner- Jojo Ambookkan
Architect- Albin Paul
De_studio Architecture
Mob-9846979960
Completion year- Mar 2019
Content Summary: Luxury House Thrissur; House Plan for NRI Malayalis