ആഗ്രഹിച്ചതിലും ഒരുപടി മുൻപിൽ; എന്താണ് ഈ വീട് സ്പെഷൽ ആക്കുന്നത്?
Mail This Article
കാസർഗോഡാണ് അബ്ദുൽ റഹ്മാന്റെ പുതിയ വീട്. 26 സെന്റിൽ 4315 ചതുരശ്രയടിയാണ് വിസ്തീർണം. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. പ്രധാന ഭിത്തിയിൽ ഗ്രേ ഫിനിഷുള്ള നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് ഒട്ടിച്ച് വേർതിരിച്ചു.
വിശാലമായ മുറ്റം ഇന്റർലോക്ക് ചെയ്തു. കാർ പോർച്ച് പ്രധാന സ്ട്രക്ച്റിൽ നിന്നും മാറ്റി നൽകി. പ്ലാന്റർ ബോക്സുകളിൽ നൽകിയ രണ്ടു പനകളാണ് വീട്ടിലേക്ക് സ്വാഗതമരുളുന്നത്. ഡബിൾ ഹൈറ്റിൽ ഒരുക്കിയ സിറ്റൗട്ടാണ് അതിഥികളെ വരവേൽക്കുന്നത്. ബാൽക്കണിയിൽ സിറ്റിങ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. ജിഐ, ഗ്ലാസ് ഫിനിഷിൽ കൈവരികൾ നൽകി.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഓപ്പൺ ടെറസ് എന്നിവയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്. ജിപ്സം ഫോൾസ് സീലിങ്ങിൽ എൽഇഡി ലൈറ്റുകൾ നൽകിയത് അകത്തളം പ്രസന്നമാക്കുന്നു.
സിറ്റൗട്ടിൽ നിന്നും പ്രവേശിക്കുമ്പോൾ വശത്തായി സ്വകാര്യത നൽകി സ്വീകരണമുറി നൽകി. ഡൈനിങ് ഹാൾ ഓപ്പൺ ശൈലിയിലാണ്. ഇവിടെ ഫാമിലി ലിവിങ്, സ്റ്റെയർ, വാഷ് ഏരിയ എന്നിവ വരുന്നു.
സ്റ്റെയിൻലെസ്സ് സ്റ്റീൽ, ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. സ്റ്റെയർ കയറി എത്തുന്നത് ടിവി യൂണിറ്റുള്ള ലിവിങ് ഏരിയയിലേക്കാണ്.
നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. ഹെഡ്ബോർഡിൽ പ്ലൈവുഡ്, വെനീർ ഫിനിഷിൽ പാനലിങ് നൽകി. അറ്റാച്ഡ് ബാത്റൂം, ഫുൾ ലെങ്ത് വാഡ്രോബ് എന്നിവ നൽകി.
സ്റ്റോറേജിന് പ്രാധാന്യം നൽകിയാണ് അടുക്കള. ഇവിടെ നൽകിയ ഫുൾ ലെങ്ത് കൺസീൽഡ് കിച്ചൻ ക്യാബിനറ്റുകൾ ശ്രദ്ധേയമാണ്. പ്ലൈവുഡിൽ വൈറ്റ് ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.
പറമ്പിലുള്ള മരങ്ങൾ കഴിവതും നിലനിർത്തിയിട്ടുണ്ട്. ചുറ്റുമതിലും വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധമാണ്. രാത്രിയിൽ വിളക്കുകൾ തെളിയുന്നതോടെ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു. ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ സമകാലിക ശൈലിയിൽ സൗകര്യങ്ങൾ ഉള്ള വീട് ലഭിച്ചതിൽ വീട്ടുകാരും ഡബിൾ ഹാപ്പി..
Project facts
Location- Kasargod
Area- 4315 SFT
Plot- 26 cents
Owner- Abdul Rahman
Designers- Ar. Hana Chonari, Mansoor AP, Abdul Hameed AP
FIgure 3 Architecture & Interior, Kasargod
Mob- 9895525511
English Summary- Luxury Contemporary House Kasargod; Plan