ADVERTISEMENT

തൊടുപുഴയ്ക്ക് അടുത്തുള്ള വണ്ണപ്പുറം എന്ന സ്ഥലത്താണ് ബിസിനസുകാരനായ സജി പോളിന്റെ ഈ സ്വപ്നവസതി. 20 സെന്റിൽ ഒറ്റനിലയിൽ 2900 ചതുരശ്രഅടിയിൽ തീർത്തിരിക്കുന്ന 4 ബെഡ്‌റൂം ഉള്ള  ഈ വീട് തികച്ചും വ്യത്യസ്തമാണ്. ആദ്യ കാഴ്ചയിൽ ഇത് കേരളത്തിൽ ഉള്ള വീടാണോ എന്ന് സംശയം തോന്നിയേക്കാം. കാരണം  വീടിന് പൊലിമ തോന്നിക്കുവാൻ നമ്മുടെ നാട്ടിൽ സാധാരണയായി നൽകുന്ന കടുംനിറങ്ങളോ ഷോ വോൾ, ക്ലാഡിങ്ങുകളോ ഒന്നും ഈ വീടിന് ഇല്ല. മറിച്ചു, ലാൻഡ്സ്കേപ്പിനോട് ഇണങ്ങി മങ്ങിയ നിറമണിഞ്ഞു ഒറ്റനിലയിൽ വ്യാപിച്ചുകിടക്കുന്ന, മിതത്വത്തിന്റെ ഏറ്റവും നല്ല ആവിഷ്കാരമാണ് ഈ വീട്.  

european-home-thodupuzha-exterior

വീടിന്റെ നിറം, റൂഫിങ്ങിന് ഉപയോഗിച്ചിരിക്കുന്ന  ടൈൽ, ലാൻഡ്സ്കേപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചെടികൾ, ജനാലയും അതിനകത്തെ കമ്പികളുടെയും ശൈലി എന്നുവേണ്ട വീടിനകത്തേക്ക് പ്രവേശിക്കുന്ന നടവഴിയും അതിന് സമീപത്തെ ബെൽപോസ്റ്റും നമ്മെ യൂറോപ്പിലെയും ഓസ്‌ട്രേലിയയിലെയും വീടുകളെ ഓർമിപ്പിക്കും.

european-home-thodupuzha-patio

കല്ലുവിരിച്ച  ഡ്രൈവ് വേയിലൂടെ നടന്ന് ഗ്രാനൈറ്റ് പാകിയ നടകൾ കയറി നാമെത്തുന്നത് പ്രധാന വാതിലിന്റെ മുന്നിൽ ആണ്. ഇതിനുമുണ്ട് പ്രത്യേകത. സാധാരണ കാണാറുള്ള സിറ്റ്-ഔട്ട് എന്ന ആശയം ഈ വീട്ടിൽ മറ്റൊരു രീതിയിലാണ് ആർക്കിടെക്ട് രൂപകൽപന ചെയ്തിരിക്കുന്നത് .ബിൽറ്റ്-ഇൻ ഷൂ റാക്കോടുകൂടിയ ഒരു സീറ്റിങ് ആണ് വാതിലിന്റെ ഇരു വശത്തും കൊടുത്തിരിക്കുന്നത്. 

european-home-thodupuzha-living

മുൻവാതിൽ തുറന്നെത്തുന്നത് ഫോയർ സ്‌പേസിലേക്കാണ്. വീടിന്റെ പബ്ലിക് ഏരിയയും  പ്രൈവറ്റ് ഏരിയയും തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകമാണ് ഈ ഫോയർ സ്പേസ്. വെറും 2900 ചതുരശ്ര അടിയുള്ള ഈ വീട്ടിൽ പോലും പ്ലാനിങ്ങിന്റെ മികവുമൂലം ഓരോ സ്ഥലത്തിനും അതിന്റെതായ സ്വകാര്യത നൽകിയിട്ടുണ്ട്.

european-home-thodupuzha-dine

പുറംമോടിയുടെ അതെ സ്വഭാവമാണ് വീടിനകത്തും.  വിട്രിഫൈഡ് ടൈൽ ആണ് ഫ്ളോറിങ് എങ്കിലും അതിന്റെ പിങ്ക് നിറവും സ്ലേറ്റ് ഫിനിഷും അകത്തളം വേറിട്ടതാക്കുന്നു. ഭിത്തിയിൽ വച്ചിരിക്കുന്ന ആർട് വർക്ക് മുതൽ ഫർണിച്ചറിന്റെ നിറഭേദങ്ങൾ വരെ ഒരേ തീമിൽ ആണ്. മോഡുലാർ ഫർണീച്ചർ രീതിയിലാണ് ബെഡ്‌റൂമുകളും കിച്ചനും ചെയ്തിരിക്കുന്നത്. അവയുടെ നിറവും ഫിനിഷും വരെ വീടിന്റെ തീമിനോട് യോജിക്കുന്ന രീതിയിലാണ്.

വീടിന്റെ ഇടതുവശം 4 ബെഡ്‌റൂമുകൾക്കും, വലതുവശം ലിവിങ്, ഡൈനിങ്ങ്, കിച്ചൺ എന്നിവയ്ക്കുമായി മാറ്റിവെച്ചിരിക്കു. സ്ഥലത്തിന്റെ ആകൃതിയും ചുറ്റുപാടും പരിഗണിച്ചാണ് ഇതെന്ന് ആർക്കിടെക്ട് വിശദീകരിക്കുന്നു. 

european-home-thodupuzha-bed

ഇൻഡോർ - ഔട്ട്ഡോർ ജീവിതത്തിന് പ്രാധാന്യം നൽകുന്ന ഓസ്‌ട്രേലിയൻ വീടുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അകത്തളങ്ങളുടെ ക്രമീകരണം. അതിനാൽ വീടിന്റെ ലിവിങ് ഏരിയയിൽനിന്നും കിടപ്പുമുറികളിൽനിന്നും  കോർട്യാർഡുകൾ ഉണ്ട്; ഇത് 2900 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടിനെ കൂടുതൽ വിശാലമാക്കുന്നു.

european-home-thodupuzha-patio

വീട്ടിലുടനീളം പരമാവധി വായുസഞ്ചാരം ഉണ്ടാകണം എന്നത് വീട്ടുടമയ്ക്ക് നിർബന്ധമായിരുന്നു. ഫ്ലോർ പ്ലാനിന്റെ പ്രധാന ആകർഷണം  വീടിന്റെ ഓരോ മുറിയിലും ക്രോസ്-വെന്റ്റിലേഷൻ പ്രാപ്തമാക്കുന്നു എന്നതാണ്. കിടപ്പുമുറികളിൽ മാത്രമല്ല, വീട്ടിലെ എല്ലാ മുറിയിലും ഇത് സജ്ജമാണ്. വേനൽകാലത്ത് ഉഷ്ണം കുറക്കുന്നതിന് ഏറ്റവും പ്രാപ്തമായ രീതിയാണ് ഇത്. 

തന്റെ വീടിനെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ച് വീട്ടുടമക്ക് വളരെ തുറന്ന മനസ്സുണ്ടായിരുന്നു. ഒരു സാധാരണ കേരള ഭവനത്തിന്റെ പരമ്പരാഗത സങ്കൽപങ്ങളിൽ നിന്നു മാറിചിന്തിക്കാൻ ആർക്കിടെക്ടിനു മതിയായ സ്വാതന്ത്ര്യം നൽകി. വീടിന് മുടക്കുന്ന പണത്തിന്റെ അളവല്ല, മറിച്ച് തുറന്ന മനസ്സും ആശയങ്ങളുടെ വ്യത്യസ്തതയുമാണ് നല്ലൊരു വീട് സൃഷ്ടിക്കുന്നതെന്ന് ഈ വീട് വിളിച്ചുപറയുന്നു. ചുരുക്കത്തിൽ വലുപ്പമോ ആഡംബരമോ മാത്രമല്ല, മിതത്വത്തിനും ഭംഗിയുണ്ടെന്ന് ഈ വീട് വ്യക്തമായി കാട്ടിത്തരുന്നു.  

european-home-thodupuzha-plan

 

Project facts

Location-Vannappuram, Thodupuzha

Area-2900 sq.ft

Plot -20 Cents

Owner-Saji Paul

Architect: Sufine Gazeeb

D/Collab Architecture Studio,Thodupuzha

mob- 94477 26654

Email: info@dcollab.in

English Summary- European Theme House Thodupuzha Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com