ശരിക്കും ഇത് 5 സെന്റിലാണോ? ആർക്കിടെക്ട് ദമ്പതികൾ പണിത സ്വന്തം വീട്! പ്ലാൻ
Mail This Article
സ്വന്തം വീട് കലാപരമായി ഒരുക്കിയതിന്റെ വിശേഷങ്ങൾ ആർക്കിടെക്ട് ദമ്പതികളായ അനൂപ് ചന്ദ്രനും മനീഷയും പങ്കുവയ്ക്കുന്നു.
തൃശൂർ വലപ്പാട് ബീച്ചിനടുത്താണ് ഈ അഞ്ചു സെന്റ് പ്ലോട്ട്. അവിടെ പരമാവധി ചെലവ് കുറച്ചു ഞങ്ങളുടെ ഭാവനകൾ പ്രാവർത്തികമാക്കാൻ പറ്റിയ ഒരിടം. അതായിരുന്നു മനസ്സിൽ.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, അപ്പർ ലിവിങ്, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1850 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ചെറിയ പ്ലോട്ടിൽ പരമാവധി സ്ഥല ഉപയുക്തത നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഓപ്പൺ പ്ലാനിലാണ് അകത്തളങ്ങൾ ഒരുക്കിയത്.
ബദൽ നിർമാണ സാമഗ്രികൾ കൊണ്ടാണ് നിർമാണം. ഇത് ചെലവ് കൈപ്പിടിയിലൊതുക്കാൻ സഹായിച്ചു. ഉദാഹരണത്തിന് വെട്ടുകല്ല് കൊണ്ടുള്ള ചുവരുകൾ തേച്ചത് ജിപ്സം കൊണ്ടാണ്. പുട്ടി അടിക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ ഗുണം. കൂടാതെ ചൂടും കുറവായിരിക്കും.
തടിയുടെ ഉപയോഗം കുറച്ചതാണ് ശരിക്കും നിർണായകമായത്. പൈൻവുഡ് ആണ് ഭൂരിഭാഗം ഫർണിഷിങ്ങിനും ഉപയോഗിച്ചത്. തടിയുടെ ഫിനിഷ് ലഭിക്കും, എന്നാൽ ചെലവും കുറവ് എന്നതാണ് ഇതിന്റെ ഗുണം. പ്രധാന വാതിൽ മാത്രമാണ് തേക്ക് ഉപയോഗിച്ചത്. ബാക്കി ഇരൂൾ തടിയും ഫൈബർ സിമന്റ് ബോർഡും കൊണ്ട് നിർമിച്ചു.
ചെലവ് കുറയ്ക്കാൻ ടൈലോ മാർബിളോ ഉപയോഗിച്ചില്ല. പകരം താഴത്തെ നിലയിൽ കോട്ട സ്റ്റോൺ വിരിച്ചു. മുകൾനിലയിൽ സിമന്റ് ഫിനിഷ് ഫ്ളോറിങ്ങും ചെയ്തു. വീട്ടിലെ ഫർണിച്ചറുകളും ലൈറ്റ് ഫൈറ്റിങ്ങും ഞങ്ങൾ ഡിസൈൻ ചെയ്ത് പണിയിപ്പിച്ചതാണ്.
ഊണുമുറിയോട് ചേർന്നുള്ള കോംപൗണ്ട് വാൾ ഉയർത്തിപ്പണിതു ചേർത്തടച്ചു ഒരു കോർട്യാർഡാക്കി മാറ്റി. ഇവിടെയുള്ള തെങ്ങ് മുറിച്ചുകളയാതെയാണ് മെഷ് വിരിച്ചത്.
ജിഐ പൈപ്പും മെഷും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. പടികൾ നിർമിച്ചതും പൈവുഡ് കൊണ്ടാണ്.
മെയിൻ കിച്ചനും വർക്കിങ് കിച്ചനും തമ്മിൽ വേർതിരിവ് നൽകിയില്ല. ഫൈബർ സിമന്റ് ബോർഡിൽ തട്ടുകൾ നിർമ്മിച്ച ശേഷം പൈവുഡിലാണ് കബോർഡുകൾ ഒരുക്കിയത്. ഇത് പൊതുവെ അധികം പണം ചെലവാകുന്ന കിച്ചൻ ഫർണിഷിങ് കൈപ്പിടിയിലൊതുക്കി.
കിടപ്പുമുറികളിലെ വാഡ്രോബുകളും അടുക്കളയിലെ പോലെ ഫൈബർ സിമന്റ് തട്ടുകൾ നൽകി പൈൻവുഡിൽ ചെയ്തെടുത്തതാണ്. കട്ടിൽ പണിതിരിക്കുന്നതും മെറ്റല്‍ ഫ്രെയിമിൽ സിമന്റ് ഫൈബർ ബോർഡ് കൊണ്ടാണ്.
ചുറ്റുമതിലും സിമന്റ് ഫൈബർ ബോർഡ് കൊണ്ടാണ് നിർമിച്ചത്. മുറ്റത്ത് രണ്ടു കാറുകൾ പാർക്ക് ചെയ്യാം. ചെറിയ ലാൻഡ്സ്കേപ്പും നൽകിയിട്ടുണ്ട്.
ചെപ്പടിവിദ്യകൾ
അപ്പർ ലിവിങ്ങിൽ പഴയ രണ്ടു ടയറുകൾ ചേർത്തുവച്ച് പെയിന്റടിച്ചു. ഇതിനു മുകളിൽ ഗ്ലാസ് നൽകിയതോടെ അടിപൊളി ടീപോയ് റെഡി. വാർക്കക്കമ്പി കൊണ്ട് ലാംപ്ഷേഡുകൾ നിർമിച്ചു. പഴയ മരത്തിന്റെ സ്ക്രാപ് വോൾ ആർട്ടാക്കി മാറ്റി.
Project facts
Location- Valapad, Thrissur
Area- 1850 sqft
Owner & Architects- Anoop Chandran, Manisha
Amac Architects, Thrissur
Mob- 99950 00222
Completion year- 2019
English Summary- Architects Own House in Small Plot