വെറും 7 ലക്ഷം രൂപയ്ക്ക് അദ്ഭുതകരമായ മാറ്റം! സാധാരണക്കാർക്ക് മാതൃകയാക്കാം; പ്ലാൻ
Mail This Article
7 ലക്ഷം രൂപയ്ക്ക് തന്റെ പഴയ വീടിനെ അദ്ഭുതകരമായി മാറ്റിയെടുത്ത വിശേഷങ്ങൾ ഡിസൈനർ കൂടിയായ ഷാദിൽ പങ്കുവയ്ക്കുന്നു.
15 വർഷങ്ങൾക്കു മുൻപ് സർക്കാരിന്റെ ഭവനനിർമാണ പദ്ധതിയിൽ നിർമിക്കപ്പെട്ട ഒരു വീടായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. നാലഞ്ച് വർഷമെടുത്താണ് അന്ന് പണി പൂർത്തിയായത്. 5 ലക്ഷത്തോളം രൂപ അന്ന് ചെലവാകുകയും ചെയ്തു. ലിവിങ്, ഡൈനിങ്, ഒരു കിടപ്പുമുറി, അടുക്കള എന്നിവയായിരുന്നു പഴയ വീട്ടിൽ.
647 ചതുരശ്രയടി മാത്രമുണ്ടായിരുന്ന വീട്ടിൽ സ്ഥലപരിമിതിയുടെ അസൗകര്യങ്ങൾ ഏറിവന്നപ്പോഴാണ് കാലോചിതമായി പരിഷ്കരിക്കാൻ തീരുമാനിച്ചത്. ഡിസൈനിങ് കോഴ്സ് കഴിഞ്ഞയുടൻ ആർജിച്ച അറിവുകൾ സ്വന്തം വീട്ടിൽ പ്രാവർത്തികമാക്കുകയായിരുന്നു.
ലാളിത്യവും കൗതുകവും നിറയ്ക്കുന്ന പുറംകാഴ്ചയാണ് വീടിനു നൽകിയത്. വീടിനു കൂടുതൽ വലുപ്പം തോന്നാൻ ഒരു ഷോ വോൾ നൽകിയിട്ടുണ്ട്. ഇവിടെ മെറ്റൽ കൊണ്ട് ഒരു ഫ്രെയിം വർക്കും നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത് കാർപോർച്ച് ആക്കിമാറ്റുകയും ചെയ്യാം. ഓപ്പൺ പ്ലാനിലേക്ക് അകത്തളങ്ങൾ മാറ്റിയെടുക്കുകയാണ് ആദ്യം ചെയ്തത്. ഇതിനായി ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവയുടെ പാർടീഷൻ ഭിത്തി എടുത്തുകളഞ്ഞു. അതിടെ അകത്തളം കൂടുതൽ വിശാലമായി.
ചെറിയ ഒരു സോഫയും ടീപോയും നൽകി ലിവിങ് സ്‌പേസ് വേർതിരിച്ചു. ഓപ്പൺ ഹാളിൽ ഇടങ്ങളെ വേർതിരിക്കാൻ മൾട്ടിവുഡിൽ സിഎൻസി പാർടീഷൻ നൽകി. മിനിമൽ ശൈലിയിൽ കോവ് ലൈറ്റുകൾ നൽകിയാണ് ഫോൾസ് സീലിങ് ഒരുക്കിയത്.
ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഡൈനിങ് ടേബിൾ മെറ്റൽ ഫ്രയിമിൽ നാനോവൈറ്റ് മാർബിൾ വിരിച്ചാണ് നിർമിച്ചത്. വൈറ്റ് തീമിലുള്ള മേശയ്ക്ക് വേർതിരിവ് നൽകാൻ കസേരകൾ ബ്ലാക് തീമിൽ നൽകി. ഊണുമുറിയുടെ ഒരു ഭിത്തിയിൽ ഡിസ്‌പ്ലെ ഷെൽഫും നൽകി.
പഴയ കോമൺ ടോയ്‌ലറ്റ്, ചെറിയ അടുക്കള, മറ്റൊരു മുറി എന്നിവ യോജിപ്പിച്ചാണ് പുതിയ കിച്ചൻ. ചെലവ് കുറയ്ക്കാൻ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
ഒരു കിടപ്പുമുറിയിൽ അറ്റാച്ഡ് ബാത്റൂം നൽകി. അലുമിനിയം ഫാബ്രിക്കേഷൻ ചെയ്ത് വാഡ്രോബുകളും ഒരുക്കി.
സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 7 ലക്ഷം രൂപയ്ക്ക് പണി പൂർത്തീകരിക്കാൻ കഴിഞ്ഞു.
മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ
എലിവേഷൻ നീട്ടിയെടുത്തു. പുതിയ സിറ്റൗട്ട് കൂട്ടിച്ചേർത്തു.
ലിവിങ്-ഡൈനിങ് പാർടീഷൻ ഇടിച്ചുകളഞ്ഞു ഓപ്പൺ ഹാൾ ആക്കിമാറ്റി.
പഴയ ലിവിങ് റൂം പുതിയ രണ്ടാമത്തെ കിടപ്പുമുറിയാക്കി മാറ്റി.
അടുക്കള വിശാലമാക്കി. സമീപം വർക്കേരിയ നൽകി.
എസ്റ്റിമേറ്റ്
സ്ട്രക്ചർ- രണ്ടു ലക്ഷം
ഇന്റീരിയർ ഫർണിഷിങ്- നാലു ലക്ഷം
സോഫ്റ്റ് ഫർണിഷിങ്- ഒരു ലക്ഷം
Project facts
Location- Mailappuram, Malappuram
Plot-5 cent
Area -913 SFT
Owner& Designer- Shadil K
Nest Architectural Studio, Malappuram
Mob-9746236977,9895411246
English Summary- Cost Effective Renovation Plan